ലക്‌നൗ: ലോക്‌സഭാതിരഞ്ഞെടുപ്പില്‍ ബിജെപി ഏറ്റവും കൂടുതല്‍ പ്രതീക്ഷ വച്ച സംസ്ഥാനമായിരുന്നു ഉത്തര്‍പ്രദേശ്. യു.പി പിടിച്ച് ഭരണത്തിലേറാമെന്നുള്ള ബിജെപിയുടെ സ്വപ്‌നത്തിന് വലിയ തിരിച്ചടി നേരിട്ടത് ബിജെപി കേന്ദ്രങ്ങള്‍ ഞെട്ടലിലാണ്. മോദി- അമിത്ഷാ അച്ചുതണ്ടിലേക്ക് ഭരണം പോകുന്നുവെന്ന ധാരണയില്‍ ആര്‍എസ്എസിന്റെ നീക്കമാണ് യുപിയില്‍ ബിജെപിക്ക് അടിപറ്റിയതെന്ന് ആരോപിക്കുമ്പോഴും ബിജെപിയുടെ ഭാവി പ്രധാനമന്ത്രി എന്ന് വിശേഷിപ്പിക്കാവുന്ന യോഗിയുടെ സംസ്ഥാനത്ത് തന്നെ ആര്‍എസ്എസ് ഇത്തരമൊരു പരീക്ഷണത്തിന് മുതിരുമോയെന്ന് ചോദിക്കുന്നവരുമുണ്ട്.
യഥാര്‍ത്ഥത്തില്‍ ഉത്തര്‍ പ്രദേശില്‍ ബിജെപിയുടെ തേരോട്ടത്തിന് തടയിട്ടത് അഖിലേഷ് യാദവിന്റെ ഇടപെടലിലൂടെയാണെന്നാണ് പറയുന്നത്. കഴിഞ്ഞ തവണത്തെ അഞ്ചു സീറ്റില്‍നിന്ന് 37ലേക്ക് എസ്.പി വന്‍തിരിച്ചുവരവ് നടത്തിയത് യോഗിയെയും ഞെട്ടിച്ചിരുന്നു. പരാജയപ്പെട്ട പരീക്ഷണങ്ങളില്‍നിന്ന് പാഠമുള്‍ക്കൊണ്ട് അഖിലേഷ് ഒടുവില്‍ സമാജ് വാദി പാര്‍ട്ടിയെ വിജയപാതയിലേക്ക് നയിച്ചിരിക്കുന്നുവെന്ന് വേണം പറയാന്‍. മായാവതിയുടെ ബി.എസ്.പിയുമായി സഖ്യമുണ്ടാക്കിയ 2019ല്‍ അഖിലേഷിന് നഷ്ടമായിരുന്നു ഫലം. അന്ന് ലഭിച്ചത് വെറും അഞ്ച് സീറ്റ്, ബി.എസ്.പി 10 സീറ്റും നേടി. ഇത്തവണ കോണ്‍ഗ്രസുമായി കൈകോര്‍ത്ത് ഇന്ത്യാ സഖ്യത്തിന്റെ ബലത്തില്‍ എസ്.പി നേടിയത് 37 സീറ്റാണ്. പിതാവ് മുലായം സിംഗ് യാദവിന്റെ വിയോഗശേഷമുള്ള ആദ്യതിരഞ്ഞെടുപ്പില്‍ അഖിലേഷ് പിതാവിന്റെ വഴിയേ കരുത്തനായിയെന്ന് വേണം പറയാന്‍. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് എസ്.പി സഖ്യം പരാജയപ്പെട്ടപ്പോളേറ്റ പരിഹാസത്തിന് മറുപടിയും നല്‍കുകയാണ് പുതിയ വിജയത്തിലൂടെ അഖിലേഷ് നല്‍കിയിരിക്കുന്നത്.
2012ല്‍ ലോകസഭാംഗവും സമാജ്വാദി പാര്‍ട്ടിയില്‍ മുലായം സിംഗിന്റെ പിന്‍ഗാമിയും ആയിരിക്കേ, ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പിന് മുന്നോടിയായി അഖിലേഷ് യാദവ് നടത്തിയ സംസ്ഥാന പര്യടനവും പ്രചരണവുമായിരുന്നു വന്‍ഭൂരിപക്ഷത്തില്‍ പാര്‍ട്ടിയെ അധികാരത്തില്‍ തിരിച്ചെത്തിച്ചത്. ഒരോ മണ്ഡലങ്ങളിലും കാല്‍നടയായും പാര്‍ട്ടി ചിഹ്നമായ സൈക്കിളിലേറിയും അഖിലേഷ് സഞ്ചരിച്ചു. ജനങ്ങളോട് സംസാരിച്ചു. പിതാവ് മുലായം സിംഗിനെ മുന്‍ നിര്‍ത്തി പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് പ്രചാരണം നയിച്ചു. 97 സീറ്റുകളില്‍ നിന്ന് 224 സീറ്റുകളിലേയ്ക്ക് വന്‍ കുതിച്ച് ചാട്ടമാണ് സമാജ്വാദി പാര്‍ട്ടിക്ക് അന്നുണ്ടായത്. സ്വഭാവികമായും തിരഞ്ഞെടുപ്പിന് ശേഷം പാര്‍ട്ടിയുടെ അധ്യക്ഷ പദവിയിലേക്ക് അഖിലേഷിന്റെ നിര്‍ദ്ദേശിച്ച് മുലായം സിംഗ് ഉപദേശക പദവിയിലേയ്ക്ക് പിന്‍വാങ്ങിയിരുന്നു. 2012 മാര്‍ച്ച് പതിനഞ്ചിന് അഖിലേഷ് ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടു. മുപ്പത്തിയെട്ടാം വയസില്‍ ഉത്തര്‍പ്രദേശിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മുഖ്യമന്ത്രിയായി പന്ത്രണ്ട് വര്‍ഷത്തിന് മുമ്പ് അങ്ങനെ അധികാരത്തിലെത്തി.
ഈ ലോകസഭ തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടത്തില്‍ ഉത്തര്‍പ്രദേശിലെ 80 സീറ്റുകളും കൈവശപ്പെടുത്തും എന്ന പ്രഖ്യാപനമായിരുന്നു ബി.ജെ.പി നടത്തിയത്. സമാജ്‌വാദി പാര്‍ട്ടിയും ബഹുജന്‍ സമാജ്‌വാദി പാര്‍ട്ടിയും കൈകോര്‍ത്ത 2019-നെ അപേക്ഷിച്ച് ദുര്‍ബലമായാണ് എസ്പിയും കോണ്‍ഗ്രസും ചേര്‍ന്ന ഇന്ത്യ മുന്നണി ഉണ്ടായിരുന്നത്. ബിഹാറിലും മഹാരാഷ്ട്രയിലും വലിയ മാറ്റങ്ങളുണ്ടാകും എന്ന് വാദിച്ചവര്‍ പോലും ഉത്തര്‍പ്രദേശില്‍ ബി.ജെ.പിയുടെ ശക്തിയെ കുറച്ച് കണ്ടില്ല. 62 സീറ്റ് എന്ന നിലയില്‍ പത്തോളം സീറ്റുകള്‍ കുറയുകയോ കൂടുകയോ ചെയ്യുമെന്നായിരുന്നു വിദഗ്ദ്ധരുടെ വാദം. യോഗി ആദിത്യനാഥും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചേര്‍ന്ന ഡബിള്‍ എന്‍ജിന്‍ ശക്തിയില്‍ ഉത്തര്‍പ്രദേശിലെ ബി.ജെ.പി വിജയം ആവര്‍ത്തിക്കുമെന്ന് മിക്കവാറും പേര്‍ വിശ്വസിച്ചു. രാമക്ഷേത്രത്തിന്റെ ഉദ്ഘാടനം മാത്രം മതി ദീര്‍ഘകാലത്തേക്ക് ബി.ജെ.പിയുടെ തുടര്‍ച്ചയായ വിജയങ്ങള്‍ക്ക് എന്നാല്‍ എല്ലാ കോണുകളില്‍ നിന്നും ശബ്ദമുയര്‍ന്നു.
എന്നാല്‍ 2017 മുതല്‍ രണ്ട് നിയമസഭ തിരഞ്ഞെടുപ്പുകളും രണ്ട് ലോകസഭ തിരഞ്ഞെടുപ്പും അടുപ്പിച്ച് പരാജയപ്പെട്ടതിന്റെ ആഘാതത്തില്‍ നിന്ന് 2022 മുതല്‍ പതുക്കെ പതുക്കെ അഖിലേഷും സമാജ്‌വാദി പാര്‍ട്ടിയും കരകയറി വരുന്നുണ്ടായിരുന്നു. ഉത്തര്‍പ്രദേശിലെ മനുഷ്യരുടെ സാമൂഹിക പദവിയും അന്തസും ജീവിതസാഹചര്യങ്ങളും മെച്ചപ്പെടുത്തിയ ജാതി രാഷ്ട്രീയത്തിന്റെ അന്തസത്തയിലേക്ക് അഖിലേഷ് സമാജ്വാദി പാര്‍ട്ടിയുടെ രാഷ്ട്രീയത്തെ കേന്ദ്രീകരിച്ചു. ജീവിതപ്രശ്‌നങ്ങളും ജാതിയും തുടര്‍ച്ചയായി ചര്‍ച്ച ചെയ്തു. 80 ലോകസഭ മണ്ഡലങ്ങളില്‍ 43 എണ്ണവും അഖിലേഷും കോണ്‍ഗ്രസും ചേര്‍ന്ന് നേടി. എത്രയോ വര്‍ഷങ്ങളായി ഉത്തര്‍പ്രദേശ് രാഷ്ട്രീയത്തില്‍ നിന്ന് അപ്രസക്തമായി കൊണ്ടിരുന്ന കോണ്‍ഗ്രസിനേയും അഖിലേഷ് ഈ വിജയത്തില്‍ ഒപ്പം ചേര്‍ത്തു. അഖിലേഷ് യാദവ്- രാഹുല്‍ ഗാന്ധി ദ്വയം തിരഞ്ഞെടുപ്പ് പ്രചാരണ വേദികളില്‍ തരംഗമുണ്ടാക്കിയതാണ് പുതിയ വിജയത്തിലേക്കുള്ള ചവിട്ടുപടിയായി കരുതുന്നത്.
ജാതി സെന്‍സസ് തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ വലിയ മുദ്രവാക്യമായി അഖിലേഷ് അവതരിപ്പിച്ചു. സംസ്ഥാനത്തുടനീളം അഖിലേഷ് നടത്തിയ ബസ് പര്യടനത്തിന് ഉപയോഗിച്ച ചുവന്ന ബസിന്റെ പുറത്ത് വലിയ അക്ഷരങ്ങളില്‍ എഴുതി വച്ചിരുന്നത് സാമജിക് ന്യായ് ജാതീയ ജനഗണന രാസ്ത അഥവാ ജാതി സെന്‍സസാണ് സാമൂഹ്യ നീതിയുടെ വഴി എന്നായിരുന്നു. നാനൂറ് സീറ്റിലധികം ലഭിക്കുമെന്ന ബി.ജെ.പിയുടെ പ്രഖ്യാപനം മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോട് കൂടി ഭരണം നേടി ഭരണഘടന തിരുത്താനാണെന്നും അത് വഴി പിന്നാക്കവിഭാഗങ്ങള്‍ക്കും ദളിതര്‍ക്കുമുള്ള സംവരണം എന്ന ആനുകൂല്യം നഷ്ടപ്പെടുമെന്നുമുള്ള പ്രചാരണത്തെ സമാജ്‌വാദി പാര്‍ട്ടി ബുദ്ധിപൂര്‍വ്വം ഉപയോഗിച്ചു.
നിത്യജീവിത പ്രശ്‌നങ്ങളിലായിരുന്നു എസ്.പിയുടേയും കോണ്‍ഗ്രസിന്റെയും ഊന്നല്‍. ഭരണഘടന സംരക്ഷിക്കുന്നത് നമ്മുടെ സമൂഹത്തില്‍ ജീവല്‍ വായുവിനേക്കാള്‍ പ്രധാനമാണെന്ന് ബാബാ അംബേദ്കറുടെ പേരില്‍ അഖിലേഷ് യാദവ് ചൂണ്ടിക്കാണിച്ചു. പട്ടാള നിയമങ്ങള്‍ നാല് വര്‍ഷത്തെ കരാര്‍ അടിസ്ഥാനത്തിലാക്കുന്ന അഗ്നിപഥ് പദ്ധതി ആയിക്കണക്കിന് ചെറുപ്പക്കാരുടെ തൊഴിലുറപ്പിനും സാമ്പത്തിക സാമൂഹിക സംരക്ഷണത്തിനും തുരങ്കം വയ്ക്കുന്നതാണെന്ന് ചൂണ്ടിക്കാണിച്ച അഖിലേഷും രാഹുലും തൊഴിലില്ലായ്മയ്ക്കും വിലക്കയറ്റത്തിനും അന്ത്യം കുറിക്കുന്നതിന് ഇന്ത്യ സഖ്യത്തിന് വോട്ട് ചെയ്യണമെന്നും ആവശ്യപ്പെട്ടു. രാമക്ഷേത്രം പോലുള്ള ബി.ജെ.പിയുടെ അജണ്ടകളോട് പ്രതികരിക്കാന്‍ അവര്‍ തയ്യാറായില്ല. ബി.ജെ.പി സമൂഹത്തില്‍ വിഭജനമുണ്ടാക്കാന്‍ ശ്രമിച്ചപ്പോള്‍ തൊഴിലില്ലായ്മയുടേയും സാമൂഹിക നീതിയുടേയും കാര്യം അവര്‍ ആവര്‍ത്തിച്ച് പറഞ്ഞു.
തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുന്നതിലും അഖിലേഷ് വളരെ സൂക്ഷ്മത പുലര്‍ത്തി. ബി.ജെ.പി സഖ്യത്തേക്കാള്‍ കൂടുതല്‍ പിന്നാക്ക വിഭാഗക്കാരെ അഖിലേഷ് സ്ഥാനാര്‍ത്ഥികളായി നിര്‍ത്തി. അതേസമയം സ്വന്തം വിഭാഗമായ യാദവരില്‍ നിന്ന് അഞ്ച് പേര്‍ക്ക് മാത്രമാണ് സീറ്റ് നല്‍കിയത്. അത് വഴി മറ്റ് പിന്നാക്ക ഹിന്ദു വിഭാഗങ്ങള്‍ക്ക് സമാജ്വാദി പാര്‍ട്ടിയോടുള്ള വിശ്വാസ്യത വര്‍ദ്ധിച്ചു. പലയിടത്തും ബി.ജെ.പിയുടെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് ശേഷം നേരത്തേ നിശ്ചയിച്ച സ്ഥാനാര്‍ത്ഥികളെ മാറ്റി പുതിയ സാമൂഹിക സാഹചര്യങ്ങള്‍ക്ക് ചേര്‍ന്ന സ്ഥാനാര്‍ത്ഥികളെ തീരുമാനിച്ചു. അവസാന നിമിഷത്തെ സ്ഥാനാര്‍ത്ഥി മാറ്റം താത്കാലിക പ്രതിസന്ധികളും പ്രശ്‌നങ്ങളുമെല്ലാം സൃഷ്ടിച്ചുവെങ്കിലും അതെല്ലാം ആത്യന്തികമായി എസ്.പിക്ക് ഗുണം ചെയ്തു. അയോധ്യയടങ്ങുന്ന ഫൈസാബാദില്‍ ബി.ജെ.പി ഠാക്കൂര്‍ സ്ഥാനാര്‍ത്ഥിയേയും ബി.എസ്.പി ബ്രാഹ്‌മണ്‍ സ്ഥാനാര്‍ത്ഥിയേയും മത്സരിപ്പിച്ചപ്പോള്‍ ദളിത് വിഭാഗത്തില്‍ നിന്നുള്ള അവധേഷ് പ്രസാദിനെ സ്ഥാനാര്‍ത്ഥിയാക്കി നിര്‍ത്തി വിജയിപ്പിക്കാന്‍ സമാജ്‌വാദി പാര്‍ട്ടിക്ക് അല്ല അഖിലേഷ് യാദവിന് കഴിഞ്ഞു.