റായ്‌പൂർ: ബംഗ്ലാദേശ് ആസ്ഥാനമായി പ്രവർത്തിക്കുന്ന യുണൈറ്റഡ് എയർവേയ്സിന്റെ വിമാനം റായ്പുർ വിമാനത്താവളത്തിൽ അടിയന്തമായി ഇറക്കിയിട്ട് ഒമ്പത് വർഷം പിന്നിടുന്നു. നാളിതുവരെ വിഷയത്തിൽ തീരുമാനമുണ്ടാക്കാൻ അധികൃതർക്ക് സാധിച്ചിട്ടില്ല. ജനകീയപ്രക്ഷോഭത്താൽ കലുഷമായ ബംഗ്ലാദേശിന്റെ നിലവിലെ അവസ്ഥയിൽ എന്ത് ചെയ്യണമെന്നറിയാതിരിക്കുകയാണ് റായ്പുരിലെ വിമാനത്താവള അധികൃതർ.
ഇന്ത്യയിൽ നിന്നും ഈ വിമാനം പറന്നുയരുന്നത് ഇനി സ്വപ്നം മാത്രമായിരിക്കുമെന്ന് എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയിലെ മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. പറക്കാൻ യോഗ്യമല്ലാത്ത വലിയ സ്ക്രാപ്പ് ആയി വിമാനം മാറിയിട്ടുണ്ട്. ഇത്രയും വർഷമായിട്ടും വിമാനത്തെക്കുറിച്ച കൃത്യമായൊരു പ്രതികരണം നൽകാൻ ബംഗ്ലാദേശ് തയ്യാറായിട്ടില്ല.
ഇത്രയും നാളായി വിമാനം മാറ്റാനുള്ള നടപടി വിമാനക്കമ്പനിയിൽ നിന്നുമില്ലാതായതോടെ വലിയ തുക പാർക്കിങ് ചാർജായി നൽകേണ്ടതുണ്ട്. മണിക്കൂറിന് 320 രൂപയാണ് പാർക്കിങ് നിരക്ക്. ഇതിനോടകം, ഇത്രയും വർഷത്തെ തുക നാല് കോടി രൂപയായെന്നാണ് കണക്ക്.
173 യാത്രക്കാരുമായി ധാക്കയിൽ നിന്നും മസ്കറ്റിലേക്ക് പോകുകയായിരുന്ന വിമാനമാണ് സാങ്കേതിക തകരാറിനെ തുടർന്ന് 2015 ഓഗസ്റ്റ് ഏഴിന് റായ്പുരിലെ സ്വാമി വിവേകാനന്ദ വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കിയത്. ബംഗ്ലാദേശിൽ നിന്നുള്ള എയർക്രാഫ്റ്റ് എഞ്ചിനിയറിങ് ടീം മൂന്ന് വർഷത്തിനുശേഷം തകരാർ പരിഹരിച്ച് വിമാനം കൊണ്ടുപോകാനാകുന്ന സ്ഥിതിയിലാക്കിയിരുന്നു. എന്നാൽ, പിന്നീട് ഇതുസംബന്ധിച്ചുള്ള നടപടികൾ വേഗത്തിലാക്കാൻ ബംഗ്ലാദേശിലെ ഉദ്യോഗസ്ഥർ തയ്യാറായില്ല.