ന്യൂഡല്‍ഹി: ജയില്‍ മോചിതനായതിന് പിന്നാലെ കേന്ദ്ര സര്‍ക്കാറിനെതിരെ ആഞ്ഞടിച്ച് ആം ആദ്മി പാര്‍ട്ടി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാള്‍. ഏകാധിപത്യത്തില്‍ നിന്ന് രാജ്യത്തെ രക്ഷിക്കണമെന്ന് കെജ്രിവാള്‍ ആഹ്വാനം ചെയ്തു.
സുപ്രീംകോടതി ജാമ്യം അനുവദിച്ചതിന് പിന്നാലെ ജയില്‍ മോചിതനായ കെജ്രിവാള്‍ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യവെയാണ് മോദി സര്‍ക്കാറിനെതിരെ ആഞ്ഞടിച്ചത്. പറഞ്ഞതു പോലെ തിരിച്ചു വന്നുവെന്നും നമ്മള്‍ ഒരുമിച്ച് രാജ്യത്തെ രക്ഷിക്കണമെന്നും കെജ്രിവാള്‍ വ്യക്തമാക്കി.
നമ്മുടെ രാജ്യം 4000 വര്‍ഷം പഴക്കമുള്ളതാണ്. രാജ്യത്ത് ഏകാധിപത്യം അടിച്ചേല്‍പിക്കാന്‍ ശ്രമിച്ചപ്പോഴെല്ലാം ജനങ്ങള്‍ അത് അനുവദിച്ചില്ല. ഏകാധിപത്യ കാലഘട്ടത്തിലൂടെയാണ് രാജ്യം കടന്നു പോകുന്നത്. ഞാന്‍ അതിനെതിരെ പോരാടും. 140 കോടി ജനങ്ങള്‍ ഒറ്റക്കെട്ടായി സ്വേച്ഛാധിപത്യത്തെ പരാജയപ്പെടുത്തണം -കെജ്രിവാള്‍ വ്യക്തമാക്കി.
സുപ്രീംകോടതി ജഡ്ജിമാര്‍ക്ക് നന്ദി പറയുന്നതായും അവര്‍ കാരണമാണ് ഞാന്‍ നിങ്ങളുടെ മുന്നില്‍ നില്‍ക്കുന്നത് -കെജ്രരിവാള്‍ ചൂണ്ടിക്കാട്ടി. പ്രാര്‍ഥിച്ച എല്ലാവര്‍ക്കും നന്ദി. നാളെ രാവിലെ 11 മണിക്ക് കൊണാട്ട്‌പ്ലേസിലെ ഹനുമാന്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുമെന്നും ഒരു മണിക്ക് മാധ്യമങ്ങളെ കാണുമെന്നും വൈകിട്ട് സൗത്ത് ഡല്‍ഹിയിലെ റോഡ് ഷോയില്‍ പങ്കെടുക്കുമെന്നും കെജ്രിവാള്‍ പറഞ്ഞു.
ഡല്‍ഹി മദ്യനയ അഴിമതി കേസില്‍ ഇ.ഡി അറസ്റ്റ് ചെയ്ത് തിഹാര്‍ ജയിലിലടച്ച കെജ്രിവാളിന്, സുപ്രീംകോടതി ഇടക്കാല ജാമ്യം അനുവദിച്ചതോടെയാണ് വെള്ളിയാഴ്ച രാത്രി ഏഴോടെ തിഹാര്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങിയത്. കേസില്‍ അറസ്റ്റിലായി 50 ദിവസത്തിനുശേഷമാണ് ജയില്‍ മോചനം.
സുപ്രീംകോടതി ജൂണ്‍ ഒന്ന് വരെ ഉപാധികളോടെയാണ് ഇടക്കാല ജാമ്യം അനുവദിച്ചത്. ഹരജിയില്‍ കെജ്രിവാളിന്റെയും ഇ.ഡിയുടെയും വാദം കേട്ട ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദീപാങ്കര്‍ ദത്ത എന്നിവരടങ്ങുന്ന ബെഞ്ചാണ് വിധി പറഞ്ഞത്. ജാമ്യം നല്‍കരുതെന്ന ഇ.ഡിയുടെ ആവശ്യം കോടതി തള്ളി.
മുഖ്യമന്ത്രിയുടെ ഔദ്യോഗിക ചുമതലകള്‍ നിര്‍വഹിക്കാന്‍ കെജ്രിവാളിന് അനുവാദമില്ല. ഫയലുകളില്‍ ഒപ്പിടരുത്. എന്നാല്‍, ജാമ്യകാലയളവില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുക്കുന്നതിന് തടസ്സമില്ല. ജാമ്യം നല്‍കുമെന്ന സൂചന ബെഞ്ച് ചൊവ്വാഴ്ച തന്നെ നല്‍കിയിരുന്നു. കെജ്രിവാളിനെ സ്ഥിരം കുറ്റവാളിയെന്ന നിലയില്‍ പരിഗണിക്കാനാവില്ലെന്നും തെരഞ്ഞെടുപ്പ് കാലമായതിനാല്‍ ഇടക്കാല ജാമ്യം നല്‍കുന്നത് പരിഗണിക്കുമെന്നും കോടതി സൂചിപ്പിച്ചിരുന്നു.