ന്യൂഡൽഹി: ഗൗതം അദാനിയുടെ അദാനി ഗ്രീൻ എനർജി ലിമിറ്റഡ് ശ്രീലങ്കയിൽ 2 വമ്പൻ കാറ്റാടിപ്പാടങ്ങൾ സ്ഥാപിക്കാൻ തീരുമാനം. ഇതിനായി 100 കോടി ഡോളറിന്റെ (ഏകദേശം 8,350 കോടി രൂപ) നിക്ഷേപം കമ്പനി നടത്തും. ശ്രീലങ്കയിലെ നേരിട്ടുള്ള ഏറ്റവും ഉയർന്ന വിദേശ നിക്ഷേപമാകുമിത്. രാജ്യത്തെ ഏറ്റവും വലിയ ഊർജ പദ്ധതിയുമാണ് അദാനി ഒരുക്കുന്നത്. മൊത്തം 484 മെഗാവാട്ടാണു ശേഷി.
ലങ്കയിലെ മന്നാർ, പൂനെറിൻ എന്നീ തീരദേശ മേഖലകളിലാണ് കാറ്റാടിപ്പാടങ്ങൾ ഒരുക്കുക. 20 വർഷം അദാനിയിൽനിന്ന് വൈദ്യുതി വാങ്ങുമെന്ന കരാറിൽ ശ്രീലങ്കൻ സർക്കാർ കഴിഞ്ഞമാസം ഒപ്പുവച്ചിരുന്നു. വൈദുതി നിരക്കിൽ മികച്ച വിലക്കുറവ് അദാനി വാഗ്ദാനം ചെയ്തതോടെയാണ് കരാർ ധാരണയായത്. കോവിഡാനന്തരം സാമ്പത്തിക ഞെരുക്കത്തിലൂടെ കടന്നുപോകുന്ന ലങ്കയ്‌ക്ക് അദാനിയുമായുള്ള കരാർ മികച്ച നേട്ടമാകുമെന്നാണു വിലയിരുത്തൽ.