ന്യൂഡല്‍ഹി : ജനങ്ങളെ കബളിപ്പിക്കുന്ന പരസ്യങ്ങളില്‍ അഭിനയിക്കുന്ന സിനിമാ, ക്രിക്കറ്റ് താരങ്ങള്‍ക്കും സോഷ്യല്‍ മീഡിയാ ഇന്‍ഫ്‌ലുവെന്‍സര്‍മാര്‍ക്കും ഉത്തരവാദിത്വത്തില്‍ നിന്നും ഒഴിഞ്ഞുമാറാന്‍ കഴിയില്ലെന്ന് സുപ്രീംകോടതി അറിയിച്ചു. നിയമം ലംഘിച്ചുള്ള തെറ്റിദ്ധാരണ ജനകമായ പരസ്യങ്ങളില്‍ അഭിനയിക്കുന്ന താരങ്ങളും ഇന്‍ഫ്‌ലുവെന്‍സര്‍മാരും അത്തരം പരസ്യങ്ങള്‍ നിര്‍മ്മതാക്കളെ പോലെ ഉത്തരവാദികളാണെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. പതഞ്ജലി പരസ്യ വിവാദവുമായി ബന്ധപ്പെട്ട കേസിലാണ് സുപ്രീം കോടതിയുടെ നിര്‍ണായക നിരീക്ഷണം.
പതഞ്ജലിയുടെ നിരോധിത ഉല്‍പനങ്ങളുടെ പരസ്യം ഓണ്‍ലൈനില്‍ തുടരുന്നതിലും സുപ്രീം കോടതി കടുത്ത അതൃപ്തി രേഖപ്പെടുത്തി. പരസ്യങ്ങള്‍ ഉടനടി നീക്കാനും നിര്‍ദേശം നല്‍കി. കോടതി പരാമര്‍ശത്തെ കുറിച്ച് നടത്തിയ പ്രതികരണത്തിലും വിശദീകരണം തേടി. ഐഎംഎ അധ്യക്ഷനോട് ആണ് സുപ്രീം കോടതി വിശദീകരണം തേടിയത് . അധ്യക്ഷനെയും കേസില്‍ കോടതി കക്ഷിയാക്കി. അതേസമയം, ആയുഷ് പരസ്യങ്ങള്‍ക്കെതിരെ നടപടി എടുക്കരുതെന്ന് സര്‍ക്കുലര്‍ പിന്‍വലിച്ചെന്ന് കേന്ദ്രം അറിയിച്ചു. സംസ്ഥാനങ്ങള്‍ക്ക് നല്‍കിയ സര്‍ക്കുലറാണ് പിന്‍വലിച്ചതെന്നും കേന്ദ്രം അറിയിച്ചു.