ചെന്നൈ: തന്റെ പുതിയ രാഷ്ട്രീയ പാർട്ടിയായ തമിഴക വെട്രി കഴക(ടിവികെ)ത്തിന്റെ ഔദ്യോഗിക പതാകയും ചിഹ്നവും അനാച്ഛാദനം ചെയ്ത് ഇളയ ദളപതി വിജയ്. ചെന്നൈ പനയൂരിലുള്ള പാർട്ടി ആസ്ഥാനത്ത് നടന്ന ചടങ്ങിലാണ് വിജയ് പതാക പുറത്തിറക്കിയത്.കുങ്കുമവും മഞ്ഞയും കലർന്നതാണ് പതാകയുടെ നിറം. വാകപ്പൂവിന് ഇരുവശത്തായി രണ്ട് ആനകൾ നിൽക്കുന്ന ചിഹ്നവും പതാകയിലുണ്ട്. 30 അടിയിലധികം ഉയരമുള്ള കൊടിമരത്തിൽ വിജയ്, പാർട്ടി പതാക ഉയർത്തി.
ചടങ്ങിനുശേഷം തമിഴ്നാട്ടിൽ വിവിധയിടങ്ങളിൽ കൊടിമരം സ്ഥാപിച്ചു പതാക ഉയർത്താൻ വിജയ് നിർദേശം നൽകിയിട്ടുണ്ട്. സ്വന്തം സ്ഥലങ്ങളിലാണ് ആദ്യം കൊടി മരം സ്ഥാപിക്കേണ്ടതെന്നും പൊതുസ്ഥലങ്ങളിൽ അനുമതിയില്ലാതെ സ്ഥാപിക്കരുതെന്നും പ്രവർത്തകർക്കുള്ള നിർദേശം.
ജാതിയുടെയും മതത്തിന്റെയും ലിംഗത്തിന്റെയും പേരിലുള്ള വ്യത്യാസങ്ങൾ താൻ ഇല്ലാതാക്കുമെന്ന് വിജയ് പറഞ്ഞു. പ്രതിനിധികൾ ചടങ്ങിൽ പാർട്ടി പ്രതിജ്ഞ ചൊല്ലി. ‘‘നമ്മുടെ രാജ്യത്തിന്റെ വിമോചനത്തിനായി ജീവൻ ബലിയർപ്പിച്ച പോരാളികളെയും തമിഴ് മണ്ണിലെ നമ്മുടെ ജനങ്ങളുടെ അവകാശങ്ങൾക്കായി അക്ഷീണം പോരാടിയ എണ്ണമറ്റ സൈനികരെയും ഞങ്ങൾ എപ്പോഴും അഭിനന്ദിക്കും. ജാതിയുടെയും മതത്തിന്റെയും ലിംഗത്തിന്റെയും പേരിലുള്ള വ്യത്യാസങ്ങൾ ഞാൻ ഇല്ലാതാക്കും. ജനങ്ങൾക്കിടയിൽ അവബോധം സൃഷ്ടിക്കാനും എല്ലാവർക്കും തുല്യ അവസരങ്ങൾക്കും തുല്യ അവകാശങ്ങൾക്കും വേണ്ടി പരിശ്രമിക്കും. എല്ലാ ജീവജാലങ്ങൾക്കും തുല്യത എന്ന തത്വം ഞാൻ ഉയർത്തിപ്പിടിക്കുമെന്ന് ആത്ഥാർഥമായി പ്രതിജ്ഞ ചെയ്യുന്നു.’’ – ഇതായിരുന്നു പാർട്ടി പ്രതിജ്ഞ.
സജീവ അഭിനയത്തിൽനിന്ന് വിടപറയുന്നതിന് മുൻപുള്ള വിജയ്യുടെ അവസാനചിത്രമായ 'ദി ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം' ന്റെ റിലീസിനു ശേഷമായിരിക്കും പതാക അനാച്ഛാദനമെന്നായിരുന്നു നേരത്തെ പുറത്തുവന്ന റിപ്പോർട്ടുകൾ. എന്നാൽ ഗോട്ട് തിയേറ്ററുകളിൽ എത്തുന്നതിന് മുൻപ് തന്നെ ആരാധകർക്കിടയിൽ തരംഗം തീർക്കുകയെന്ന ലക്ഷ്യത്തോടെയാണ് ചടങ്ങ് നേരത്തെ നടത്തിയത്. പാർട്ടിയുടെ ആദ്യ സംസ്ഥാന സമ്മേളനം സെപ്റ്റംബർ 22 ന് വിക്രവണ്ടിയിൽ നടത്തുമെന്നാണ് വിവരം. അതിനുശേഷം വിജയ് സംസ്ഥാനപര്യടനം നടത്തും.
കഴിഞ്ഞ ഫെബ്രുവരിയിലാണ് വിജയ് തമിഴക വെട്രി കഴകമെന്ന പാർട്ടി പ്രഖ്യാപിച്ചത്. 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നും സംസ്ഥാനത്തെ ജനങ്ങൾ ആഗ്രഹിക്കുന്ന രാഷ്ട്രീയ മാറ്റം കൊണ്ടുവരുമെന്നും രാഷ്ട്രീയ പ്രവേശന പ്രഖ്യാപനത്തിനു പിന്നാലെ വിജയ് പ്രസ്താവനയിറക്കിയിരുന്നു.
കേരളം ഉൾപ്പെടെയുള്ള അയൽ സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രതിനിധികൾ ചടങ്ങിൽ പങ്കെടുത്തു. 2026ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന വിജയുടെ രാഷ്ട്രീയ യാത്രയിലെ ആദ്യ ചുവടുവയ്പായാണ് പതാക അനാച്ഛാദനം വിലയിരുത്തപ്പെടുന്നത്. കഴിഞ്ഞ ഫെബ്രുവരിയിലാണ് വിജയ് തമിഴക വെട്രി കഴകമെന്ന പാർട്ടി പ്രഖ്യാപിച്ചത്. സിനിമ ജീവിതം അവസാനിപ്പിക്കുകയാണെന്നും 2026ൽ നടക്കാനിരിക്കുന്ന തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പാണ് ലക്ഷ്യമെന്നും വിജയ് പ്രഖ്യാപിച്ചിരുന്നു.10, 12 ക്ലാസുകളിലെ വിദ്യാർഥികൾക്ക് സഹായങ്ങളും അവാർഡുകളും നൽകിയതടക്കം പാർട്ടി പ്രഖ്യാപനത്തിനു ശേഷം സാമൂഹിക പ്രവർത്തനങ്ങളിൽ വിജയ് സജീവമാണ്. വിജയ്‌യുടെ ഏറ്റവും പുതിയ ചിത്രമായ ഗോട്ട് സെപ്തംബർ 5നാണ് റിലീസിനെത്തുന്നത്.