ന്യൂഡൽഹി: ബോളിവുഡ് നടൻ മിഥുൻ ചക്രവർത്തിക്ക് രാജ്യത്തെ പരമോന്നത ചലച്ചിത്രബഹുമതിയായ ദാദാസാഹിബ് ഫാൽക്കെ അവാർഡ്. കേന്ദ്ര വാർത്താ വിനിമയ പ്രക്ഷേപണ വകുപ്പ് മന്ത്രി അശ്വിനി വൈഷ്ണവ് ആണ് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. ഒക്ടോബർ എട്ടിന് 70ാമത് ദേശീയ ചലച്ചിത്ര പുരസ്കാര സമ്മാന വേദിയിൽ വച്ച് മിഥുൻ ചക്രവർത്തിക്കും പുരസ്കാരം സമ്മാനിക്കും. ഈ വർഷം പത്മഭൂഷൻ ബഹുമതി നൽകി അദ്ദേഹത്തെ രാജ്യം ആദരിച്ചിരുന്നു.
ഇന്ത്യൻ സിനിമയ്ക്ക് നൽകിയ സംഭാവനകളെ പരിഗണിച്ച് മിഥുൻ ചക്രവർത്തിക്ക് ദാദാസാഹിബ് ഫാൽക്കെ അവാർഡ് നൽകാൻ ജൂറി തീരുമാനിച്ചതായി മന്ത്രി എക്സിൽ കുറിച്ചു.
1976 ൽ മൃഗയ എന്ന സിനിമയിലൂടെയാണ് മിഥുൻ ചക്രവർത്തി അഭിനയരംഗത്തെത്തുന്നത്. ആദ്യ സിനിമയിൽത്തന്നെ മികച്ച നടനുള്ള ദേശീയ പുരസ്കാരം മിഥുൻ ചക്രവർത്തി കരസ്ഥമാക്കിയിരുന്നു. വർഷങ്ങൾ നീണ്ട അഭിനയ ജീവിതത്തിനിടെ, തഹദേർ കഥ (1992), സ്വാമി വിവേകാനന്ദ (1998) എന്നീ സിനിമകളിലെ അഭിനയത്തിനും ദേശീയ അവാർഡ് ലഭിച്ചിട്ടുണ്ട്.
വിവേക് അഗ്നിഹോത്രി സംവിധാനം ചെയ്ത കശ്മീർ ഫയൽസ് എന്ന സിനിമയിലാണ് മിഥുൻ ചക്രവർത്തി ഒടുവിലായി അഭിനയിച്ചത്. കഴിഞ്ഞതവണ വെറ്ററൻ ബോളിവുഡ് നടി വഹീദാ റഹ്മാനാണ്, സിനിമാ രംഗത്തെ ഏറ്റവും വലിയ ബഹുമതിയായ ദാദാസാഹിബ് ഫാൽക്കെ പുരസ്കാരം ലഭിച്ചത്.