ചെന്നൈ: വെല്ലൂരിലെ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുന്ന നടൻ മൻസൂർ അലിഖാൻ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കുഴഞ്ഞു വീണു. വ്യത്യസ്തമായി പ്രചാരണം നടത്തിയിരുന്ന മൻസൂർ വെല്ലൂരിലെ ഗ്രാമങ്ങളിൽ പ്രചാരണം നടത്തുന്നതിനിടെ നെഞ്ചുവേദനയെ തുടർന്ന് കുഴഞ്ഞു വീണെന്നാണു റിപ്പോർട്ട്.
ഉടൻ തന്നെ ഗുഡിയാത്തം ഗ്രാമത്തിലെ സ്വകാര്യ ആശുപത്രിയിൽ അദ്ദേഹത്തെ പ്രവേശിപ്പിച്ചു. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണു മൻസൂർ. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ച് പരാജയപ്പെട്ട മൻസൂർ ഇത്തവണ അണ്ണാഡിഎംകെക്കൊപ്പം മത്സരിക്കാൻ നീക്കം നടത്തിയിരുന്നെങ്കിലും ശ്രമം ഫലം കണ്ടില്ല. തുടർന്നാണു സ്വതന്ത്ര സ്ഥാനാർഥിയായത്. ഇന്ത്യ ജനനായക പുലികൾ പാർട്ടി എന്ന പേരിൽ സ്വന്തമായി ഒരു രാഷ്ട്രീയ പാർട്ടിയും ഇദ്ദേഹത്തിനുണ്ട്.