കൊലപാതക കേസില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന സിനിമ നടന് ജയിലില്‍ 'വിഐപി പരിഗണന' നല്‍കിയ സംഭവത്തില്‍ കര്‍ണാടകയില്‍ ഒന്‍പത് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍. രേണുകസ്വാമി കൊലക്കേസില്‍ പരപ്പന അഗ്രഹാര ജയിലില്‍ തടവില്‍ കഴിയുന്ന നടന്‍ ദര്‍ശന്‍ തൂക്കുദീപ കുപ്രസിദ്ധ ഗുണ്ടകള്‍ക്ക് ഒപ്പം ജയില്‍ വളപ്പില്‍ അര്‍മാദിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെയാണ് നടപടി.
ചീഫ് സൂപ്രണ്ട് വി.ശേഷമൂര്‍ത്തി, ജയില്‍ സൂപ്രണ്ട് മല്ലികാര്‍ജുന്‍ സ്വാമി, ജയിലര്‍മാരായ ശരണബസവ അമിന്‍ഘഡ, പ്രഭു എസ് ഖണ്ഡേല്‍വാള്‍; അസിസ്റ്റന്റ് ജയിലര്‍മാരായ എല്‍എസ് തിപ്പേസ്വാമി, ശ്രീകാന്ത് തല്‍വാര്‍, ഹെഡ് വാര്‍ഡര്‍മാരായ വെങ്കപ്പ കൊട്ടി, സമ്പത്ത് കുമാര്‍ കടപ്പാട്ടി, വാര്‍ഡര്‍ ബസപ്പ കേളി എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്.
ദര്‍ശന്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ക്കെതിരെ എഫ് ഐ ആറും രജിസ്റ്റര്‍ ചെയ്തതായി കര്‍ണാടക ആഭ്യന്തര മന്ത്രി ജി പരമേശ്വര അറിയിച്ചു. പ്രാഥമിക അന്വേഷണത്തില്‍ വീഴ്ച കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തതെന്നും പരമേശ്വര പറഞ്ഞു. സംഭവത്തില്‍ മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥര്‍ കൂടുതല്‍ അന്വേഷണം നടത്തും. റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ ആവശ്യമായ നടപടി സ്വീകരിക്കുമെന്നും പരമേശ്വര പറഞ്ഞു.
സഹതടവുകാരില്‍ ഒരാള്‍ മൊബൈലില്‍ പകര്‍ത്തിയ ചിത്രങ്ങളാണ് പുറത്തുവന്നത്. ഫോട്ടോയില്‍ നടന്‍ ജയില്‍ വരാന്തയില്‍ പ്ലാസ്റ്റിക് കസേരയില്‍ ഇരിക്കുന്നതും സിഗരറ്റ് വലിക്കുകയും കൈയില്‍ ഒരു കപ്പ് പിടിക്കുകയും ചെയ്യുന്നതായി കാണാം. കുപ്രസിദ്ധ ഗുണ്ടകളായ ജെ നാഗരാജ് എന്ന 'വില്‍സണ്‍ ഗാര്‍ഡന്‍' നാഗ, കറുത്ത ടീ ഷര്‍ട്ടില്‍ ദര്‍ശന്റെ മാനേജര്‍ നാഗരാജ്, വെള്ള ടീ ഷര്‍ട്ടില്‍ ശ്രീനിവാസ് എന്ന കുള്ള സീന എന്നിവരും ഫോട്ടോയില്‍ ഉണ്ടായിരുന്നു. കൊലപാതകം ഉള്‍പ്പെടെ ഡസന്‍ കണക്കിന് ഗുരുതരമായ കുറ്റകൃത്യങ്ങളില്‍ പ്രതികളാണ് നാഗയും കുള്ള സീനയും.
മൊബൈല്‍ ജാമര്‍ മറികടന്ന് സഹതടവുകാരന്‍ എങ്ങനെ ചിത്രം പകര്‍ത്തി എന്നതും ചര്‍ച്ചയായിട്ടുണ്ട്.