സിദ്ധരാമയ്യയെ പ്രോസിക്യൂട്ട് ചെയ്യാനുള്ള നടപടി; കർണാടക സർക്കാർ ഇന്ന് ഹൈക്കോടതിയെ സമീപിക്കും

നിലവിൽ സിദ്ധരാമയ്യക്കെതിരെ കേസുകളൊന്നും രജിസ്റ്റർ ചെയ്യപ്പെട്ടിട്ടില്ലെന്നും കേസുമായി മുഖ്യമന്ത്രിക്ക് നേരിട്ട് ബന്ധമില്ലെന്നും അഭിഭാഷകൻ കോടതിയിൽ വാദിക്കും.

author-image
Anagha Rajeev
New Update
karnataka cm
Listen to this article
0.75x 1x 1.5x
00:00 / 00:00

മുഡ ഭൂമി കുംഭകോണ കേസിൽ മുഖ്യമന്ത്രി സിദ്ധരാമയ്യയെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി നൽകിയ ഗവർണറുടെ നടപടി ചോദ്യം ചെയ്ത് കർണാടക സർക്കാർ ഇന്ന് ഹൈക്കോടതിയെ സമീപിക്കും. ഗവർണറുടെ നടപടി ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി ഫയൽ ചെയുക. മുതിർന്ന അഭിഭാഷകൻ മനു അഭിഷേക് സിംഗ്‌വി സിദ്ധരാമയ്യക്കായി കോടതിയിൽ ഹാജരാകും.

നിലവിൽ സിദ്ധരാമയ്യക്കെതിരെ കേസുകളൊന്നും രജിസ്റ്റർ ചെയ്യപ്പെട്ടിട്ടില്ലെന്നും കേസുമായി മുഖ്യമന്ത്രിക്ക് നേരിട്ട് ബന്ധമില്ലെന്നും അഭിഭാഷകൻ കോടതിയിൽ വാദിക്കും. അതേസമയം കേസ് നിയമപരമായി നേരിടുന്നതോടൊപ്പം രാഷ്ട്രീയ വിശദീകരണ യോഗങ്ങൾ വിളിക്കാനും കോൺഗ്രസ് തീരുമാനിച്ചിട്ടുണ്ട്. ബിജെപി ഇതര സർക്കാരുകളെ അട്ടിമറിക്കാൻ പതിവ് പോലെ ഗവർണറെ ഉപയോഗിച്ചുളള നീക്കം കേന്ദ്ര സർക്കാർ നടത്തുകയാണെന്ന് സർക്കാർ പൊതുജനങ്ങളോട് വിശദീകരിക്കും. ഗവർണർക്കെതിരെ രാവിലെ 11 മണിക്ക് കോൺഗ്രസ് സംസ്ഥാന വ്യാപക പ്രതിഷേധ സമരം നടത്തും. സിദ്ധരാമയ്യയുടെ രാജി ആവശ്യപ്പെട്ടു കർണാടക ബിജെപിയും പ്രതിഷേധ മാർച്ച് സംഘടിപ്പിക്കും

മൈസൂരു നഗര വികസന അതോറിറ്റിയുമായി ബന്ധപ്പെട്ട അഴിമതി കേസിലാണ് സിദ്ധരാമയ്യയെ പ്രോസിക്യൂട്ട് ചെയ്യാൻ ഗവർണർ അനുമതി നൽകിയത്. ലേ ഔട്ട് വികസനത്തിനു ഭൂമി വിട്ടു നൽകുന്നവർക്ക്‌ പകരം ഭൂമി നൽകുന്ന പദ്ധതി പ്രകാരം സിദ്ധരാമയ്യയുടെ ഭാര്യ പാർവ്വതി അനധികൃതമായി 14 പ്ലോട്ടുകൾ കൈക്കലാക്കി എന്നതാണ് പരാതിക്കാധാരമായ സംഭവം.

siddaramaiah