കൊൽക്കത്ത: താൻ അപമര്യാദയായി പെരുമാറിയെന്ന രാജ്ഭവനിലെ താൽക്കാലിക ജീവനക്കാരിയുടെ പരാതി കെട്ടിച്ചമച്ചതും രാഷ്ട്രീയപ്രേരിതവുമാണെന്ന് ബംഗാൾ ഗവർണർ ഡോ.സി.വി.ആനന്ദബോസ്. വ്യാജ ആരോപണങ്ങൾ ഉന്നയിച്ചു തന്നെ എറിഞ്ഞു വീഴ്ത്താമെന്ന് ആരും കരുതേണ്ടന്നും ഗവർണർ പ്രതികരിച്ചു..
രാഷ്ട്രീയലക്ഷ്യം മുന്നിൽ കണ്ട് തനിക്കതിരെ ഒരു പരാതികൂടി അണിയറയിൽ ഒരുങ്ങുന്നുണ്ടെന്നും ഗവർണർ കൂട്ടിച്ചേർത്തു.അതെസമയം ആരോപണത്തിനു പിന്നിൽ മന്ത്രി ചന്ദ്രിമ ഭട്ടാചാര്യയാണെന്നും ഗവർണർ ആരോപിച്ചു.സംഭവത്തിന് പിന്നാലെ മന്ത്രിയെ സംസ്ഥാനത്തെ രാജ്ഭവനിൽ പ്രവേശിക്കുന്നതിൽ നിന്നു ഗവർണർ വിലക്കി.പൊലീസ് ഉദ്യോഗസ്ഥർ അന്വേഷണത്തിനായി രാജ്ഭവനിൽ എത്തുന്നതും ഗവർണർ തടഞ്ഞിരുന്നു.
ബംഗാളിൽ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്ഭവനിൽ തങ്ങിയ ദിനം തന്നെയുണ്ടായ ആരോപണം ബിജെപിയെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.യുവതി പരാതിയിൽ ആദ്യം പ്രതികരിക്കാതിരുന്ന മുഖ്യമന്ത്രി മമതാ ബാനർജി ഗവർണർക്കെതിരെ രൂക്ഷവിമർശനവുമായി കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ലൈംഗിക ആരോപണം നേരിടുന്ന ഗവർണർക്ക് സന്ദേശ്ഖലി വിഷയത്തെക്കുറിച്ച് സംസാരിക്കാൻ അവകാശമില്ലെന്ന് മമത പറഞ്ഞു.
രണ്ടു തവണ ഗവർണർ തന്നെ അപമര്യാദയായി സ്പർശിച്ചുവെന്ന് യുവതി പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.അതെസമയം നിയമോപദേശത്തിന് ശേഷം പരാതിയിൽ നടപടിയെടുക്കാനാണ് പൊലീസിന്റെ തീരുമാനം.ടെലിഫോൺ റൂമിൽ ജോലി ചെയ്യുന്ന യുവതി രാജ്ഭവൻ വളപ്പിലെ ക്വാർട്ടേഴ്സിലാണ് താമസം.