ഔദ്യോഗിക സന്ദർശനത്തിനായി ഇന്ത്യയിലെത്തിയ അബൂദബി കിരീടാവകാശി ശൈഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. ഡൽഹിയിലെ ഹൈദരാബാദ് ഹൗസിൽ നടന്ന കൂടിക്കാഴ്ചയിൽ ഇരുരാജ്യങ്ങളിൽ നിന്നുള്ള മന്ത്രിമാർ, ഉന്നത ഉദ്യോഗസ്ഥർ, വ്യവസായരംഗത്തെ പ്രമുഖർ എന്നിവർ സംബന്ധിച്ചു. സെപ കരാറിനു ശേഷം ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി, വ്യാപാര-വാണിജ്യ രംഗത്തെ പുരോഗതികൾ ചർച്ച ചെയ്തു.
അബൂദബി കിരീടാവകാശിക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രത്യേക ഉച്ചവിരുന്നും ഒരുക്കിയിരുന്നു. കൂടിക്കാഴ്ചയിലും ഉച്ചവിരുന്നിലും പ്രമുഖ വ്യവസായികളായ ലുലു ഗ്രൂപ് ചെയർമാൻ എം.എ. യൂസുഫലിയും ബുർജീൽ ഹോൾഡിങ്സ് ചെയർമാൻ ഡോ. ഷംഷീർ വയലിലും സംബന്ധിച്ചു.