ബിഹാറിലെ ബറൗണി ജംഗ്ഷന്‍ റെയില്‍വേ സ്‌റ്റേഷനില്‍ ഷണ്ടിംഗ് പ്രവര്‍ത്തനത്തിനിടെ റെയില്‍വേ പോര്‍ട്ടര്‍ ട്രെയിന്‍ കോച്ചുകള്‍ക്കിടയില്‍ കുടുങ്ങി മരിച്ചു. സോന്‍പൂര്‍ റെയില്‍വേ ഡിവിഷനില്‍ ജോലി ചെയ്യുന്ന അമര്‍കുമാര്‍ റാവുവാണ് മരിച്ചത്.
ലക്‌നൗ-ബറൗണി എക്‌സ്പ്രസ് (നമ്പര്‍ 15204) ലക്‌നൗ ജംഗ്ഷനില്‍ നിന്ന് എത്തിയപ്പോള്‍ ബറൗണി ജംഗ്ഷനിലെ 5-ാം നമ്പര്‍ പ്ലാറ്റ്‌ഫോമില്‍ ജോലി ചെയ്യുന്നതിനിടയിലാണ് അപകടം. കപ്ലിംഗ് തുറക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ ട്രെയിന്‍ അപ്രതീക്ഷിതമായി പിന്നോട്ടു നീങ്ങുകയും അമര്‍ കുമാര്‍ കോച്ചുകള്‍ക്കിടയില്‍ കുടുങ്ങുകയുമായിരുന്നു.
നാട്ടുകാര്‍ അലറിവിളിച്ചതോടെ എന്‍ജിന്‍ പിന്നോട്ട് നീക്കുകയോ അപകടം തടയുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുകയോ ചെയ്യാതെ ലോക്കോ പൈലറ്റ് ട്രെയിനില്‍ നിന്ന് ഇറങ്ങി രക്ഷപ്പെട്ടു. അമര്‍കുമാര്‍ റാവു സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചു.
രണ്ട് കൊച്ചുകളുടെ ഇടയില്‍ കുടുങ്ങിക്കിടക്കുന്ന അമര്‍ കുമാറിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. റെയില്‍വേ അധികൃതര്‍ സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.