മുംബൈ: ലോക്‌സഭ തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ എൻസിപി അജിത് പവാർ പക്ഷത്തിന് തിരിച്ചടി. നാലു പ്രമുഖ നേതാക്കൾ പാർട്ടി വിട്ടു. ഇവർ ശരദ് പവാറിന്റെ എൻസിപിയിൽ ചേരുമെന്നാണ് റിപ്പോർട്ടുകൾ.
എൻസിപി പിംപ്രി-ചിന്ദ്‌വാഡ് യൂണിറ്റ് തലവൻ അജിത് ഗാവ്‌നെ, പിംപ്രി-ചിന്ദ്‌വാഡ് സ്റ്റുഡന്റ്‌സ് വിങ് ചീഫ് യാഷ് സാനെ, മുൻ കോർപ്പറേഷൻ കൗൺസിലർമാരായ രാഹുൽ ഭോസാലെ, പങ്കജ് ഭലേക്കർ എന്നിവരാണ് അജിത് പവാറിന് രാജിക്കത്ത് സമർപ്പിച്ചത്.
അജിത് പവാർ പക്ഷത്തു നിന്നും ഭൂരിഭാഗം നേതാക്കളും മാതൃസംഘടനയായ ശരദ് പവാറിന്റെ എൻസിപിയിലേക്ക് മടങ്ങിപ്പോകാൻ ആലോചിക്കുന്നു എന്ന വാർത്തകൾക്കിടെയാണ് നാലു നേതാക്കളുടെ രാജി. തന്റെ പാർട്ടിയെ ദുർബലപ്പെടുത്താൻ ആഗ്രഹിക്കുന്നവരെ സ്വീകരിക്കില്ലെന്നും, പാർട്ടിയുടെ പ്രതിച്ഛായയെ മുറിവേൽപ്പിക്കാത്ത നേതാക്കളെ സ്വീകരിക്കുമെന്നും ശരദ് പവാർ കഴിഞ്ഞ മാസം പറഞ്ഞിരുന്നു.
ലോക്‌സഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ്-ശിവസേന (ഉദ്ധവ് താക്കറെ) -എൻസിപി ( ശരദ് പവാർ) സഖ്യത്തിന്റെ മഹാ വികാസ് അഗാഡി ബിജെപിയുടെ മഹായുതി മുന്നണിക്കെതിരെ തകർപ്പൻ വിജയമാണ് നേടിയത്.