കുട്ടികൾക്ക് പല ആഗ്രഹങ്ങളും മോഹങ്ങളും കാണും. ചിലർക്ക് സ്പൈഡർമാൻ,സൂപ്പർമാൻ എന്നിവരെ പോലെ സൂപ്പർ ഹീറോസ് ആകണമെന്നാണെങ്കിൽ മറ്റുചിലർ ഡോക്ടർ,എഞ്ചിനീയർ,ടീച്ചർ, സിനിയിൽ അഭിനയിക്കണം, ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥരാകണം എന്നിങ്ങനെ നീളുന്ന ആഗ്രങ്ങളാണ്. അത്തരത്തിൽ വാരണാസിയിൽ നിന്നുള്ള ഒരു ഒമ്പത് വയസുകാരന്റെ ആഗ്രഹം ഭാവിയിൽ ഒരു ഐപിഎസ്സുകാരനാകണം എന്നായിരുന്നു.
എന്നാൽ, ബ്രെയിൻ ട്യൂമർ ബാധിച്ച് ഉത്തർപ്രദേശിലെ മഹാമന കാൻസർ ആശുപത്രിയിൽ ചികിത്സയിലാണ് രൺവീർ ഭാരതി എന്ന ഒമ്പതുവയസുകാരൻ.ഒരു ഐപിഎസ്സ് ഓഫീസറാവണം എന്നതായിരുന്നു അവന്റെ ഏറ്റവും വലിയ സ്വപ്നം.കുഞ്ഞുമനസിലെ വലിയ സ്വപ്നത്തെ കുറിച്ച് അറിഞ്ഞ ഉദ്യോഗസ്ഥർ ഒരുദിവസത്തേക്ക് അവനെ ഐപിഎസ് ഉദ്യോഗസ്ഥനാക്കിയിരിക്കുകയാണ്. എഡിജി സോൺ വാരണാസി എക്സിൽ (മുമ്പ് ട്വിറ്റർ) ഇതിന്റെ ചിത്രങ്ങളും വീഡിയോയും പങ്കുവച്ചിട്ടുണ്ട്.ഉത്തർപ്രദേശിലെ അഡ്മിനിസ്‌ട്രേറ്റീവ് ഡിപ്പാർട്ട്‌മെൻ്റ് മുൻകൈയെടുത്താണ് രൺവീറിനെ ഒരു ദിവസത്തേക്ക് ഐപിഎസ് ഓഫീസറാക്കിയത്.
'വാരണാസിയിലെ മഹാമന കാൻസർ ഹോസ്പിറ്റലിൽ ബ്രെയിൻ ട്യൂമറിന് ചികിത്സയിലാണ് 9 വയസുകാരനായ രൺവീർ ഭാരതി. അത്തരമൊരു സാഹചര്യത്തിൽ, ഒരു ഐപിഎസ് ഓഫീസറാകാനുള്ള തന്റെ ആഗ്രഹം അവൻ പ്രകടിപ്പിച്ചു. വാരണാസി എഡിജി ഓഫീസിൽ വച്ചാണ് കുട്ടിയുടെ ആഗ്രഹം നിറവേറ്റിയത്' എന്ന് ട്വീറ്റിൽ പറഞ്ഞിരിക്കുന്നു.
ചിത്രങ്ങളിൽ രൺവീർ യൂണിഫോം ധരിച്ച് ഒരു ക്യാബിനിൽ ഇരിക്കുന്നത് കാണാം. അവന് ചുറ്റും പൊലീസിലെ ഉന്നതരായ മറ്റ് ഉദ്യോഗസ്ഥരും നിൽക്കുന്നത് കാണാം. ഓഫീസർമാരിൽ ചിലർ അവനൊപ്പം ചിത്രങ്ങൾ പകർത്തുന്നതും ചിലർ കൈപിടിച്ച് കുലുക്കുന്നതും മറ്റ് ചിലർ അവനെ സല്യൂട്ട് ചെയ്യുന്നതും കാണാം. നിരവധിപ്പേരാണ് പോസ്റ്റിന് കമന്റുകളുമായി എത്തിയത്. ഇങ്ങനെ ഒരു കാര്യം ചെയ്യാൻ തയ്യാറായ ഉദ്യോഗസ്ഥരെ മിക്കവരും അഭിനന്ദിച്ചു.