ന്യൂഡല്‍ഹിയില്‍ ദീപാവലി ആഘോഷങ്ങള്‍ക്കിടയില്‍ നാല്‍പ്പത്തിനാലുകാരനും അനന്തരവനായ പതിനാറുകാരനും വെടിയേറ്റു മരിച്ചു. ഡല്‍ഹി ഷഹ്ദാരയില്‍ വ്യാഴാഴ്ചയാണ് സംഭവം. പണമിടപാട് സംബന്ധിച്ച തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. വാടകക്കൊലയാളിയെ ഏര്‍പ്പെടുത്തിയ പതിനേഴുകാരനെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. ആകാശ് ശര്‍മ, അനന്തരവനായ റിഷഭ് ശര്‍മ എന്നിവരാണ് കൊല്ലപ്പെട്ടത്.
സംഭവത്തിന്റെ സിസിടിവി ദൃശ്യം പോലീസ് വീണ്ടെടുത്തു. ആകാശ് ശര്‍മ, റിഷഭ് ശര്‍മ, ആകാശിന്റെ മകന്‍ ക്രിഷ് ശര്‍മ എന്നിവര്‍ വീടിന് മുന്‍വശത്തെ റോഡില്‍ പടക്കം പൊട്ടിച്ചുനില്‍ക്കുന്നത് വീഡിയോയില്‍ കാണാം. പതിനേഴ് വയസ്സ് തോന്നിക്കുന്ന ആണ്‍കുട്ടി സ്‌കൂട്ടറിലെത്തി ഇവരുടെ സമീപത്തെത്തുന്നതും ആകാശിന്റെ കാല്‍ക്കല്‍തൊട്ട് വണങ്ങുന്നതും പരിസരത്തുനിന്ന വാടകക്കൊലയാളി ആകാശിന് നേര്‍ക്ക് വെടിയുതിര്‍ക്കുന്നതും കാണാം.
ആകാശിനുനേര്‍ക്ക് അയാള്‍ അഞ്ചുതവണ വെടിയുതിര്‍ത്തു. വെടിവെപ്പില്‍ ആകാശിന്റെ മകന് പരിക്കേറ്റിട്ടുണ്ട്. ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് റിഷഭ് ശര്‍മയ്ക്ക് വെടിയേറ്റത്. ആകാശിന്റെ അകന്ന ബന്ധുവായ പതിനേഴുകാരന്‍ ആകാശിന് 70,000 രൂപ ഒരുമാസം മുന്‍പ് വായ്പ നല്‍കിയിരുന്നു. പണം മടക്കി നല്‍കുകയോ ആകാശ് ഫോണ്‍കോളുകള്‍ അറ്റന്‍ഡ് ചെയ്യുകയോ ഉണ്ടാകാത്തതിനാലാണ് കൊലപാതകത്തിനായുള്ള പദ്ധതി 17കാരന്‍ തയ്യാറാക്കിയതെന്ന് പോലീസ് പറഞ്ഞു.