'കോടതി വിധികളെ സ്വാധീനിക്കാനും ജുഡീഷ്യറിയെ അപകീർത്തിപ്പെടുത്താനും ശ്രമം'; ആശങ്കയറിയിച്ച് ചീഫ് ജസ്റ്റിസിന് കത്തെഴുതി 600 അഭിഭാഷകർ

ബാഹ്യ സമ്മർദ്ദങ്ങളിൽ നിന്ന് ജുഡീഷ്യറിയെ സംരക്ഷിക്കാനും നിയമവാഴ്ച ഉയർത്തിപ്പിടിക്കാനും ശക്തമായ നടപടികൾ സ്വീകരിക്കണമെന്ന് അഭിഭാഷകർ കത്തിൽ സുപ്രീം കോടതിയോട് ആവശ്യപ്പെട്ടു.

author-image
Greeshma Rakesh
New Update
indian judiciary

600 lawyers write a letter to cji chandrachud raising alarm on threats to judiciarys integrity

Listen to this article
0.75x 1x 1.5x
00:00 / 00:00

ന്യൂഡൽഹി: ജുഡീഷ്യൽ പ്രക്രിയയെ സ്വാധീനിക്കാനും സമ്മർദ്ദത്തിലാക്കാനുമുള്ള ബാഹ്യപെടലുകളിൽ ആശങ്ക അറിയിച്ച് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന് കത്തയച്ച്  600-ലധികം അഭിഭാഷകർ. മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവെ, ബാർ കൗൺസിൽ ഓഫ് ഇന്ത്യ ചെയർമാൻ മനൻ കുമാർ മിശ്ര, പിങ്കി ആനന്ദ് എന്നിവരുൾപ്പെടെയുള്ള അഭിഭാഷകരാണ് കത്തയച്ചത്.ജുഡീഷ്യൽ നടപടികളിൽ കൃത്രിമം കാണിക്കാനും കോടതി തീരുമാനങ്ങളെ സ്വാധീനിക്കാനും അടിസ്ഥാനരഹിതമായ ആരോപണങ്ങളും രാഷ്ട്രീയ അജണ്ടകളും ഉപയോഗിച്ച് ജുഡീഷ്യറിയുടെ സൽപ്പേരിന് കളങ്കം വരുത്താനും ശ്രമിക്കുന്ന  നിക്ഷിപ്ത താത്പര്യക്കാരെ അപലപിക്കുന്നതായി അഭിഭാഷകർ കത്തിൽ പറയുന്നു.

 അഴിമതി ആരോപണ വിധേയരായ രാഷ്ട്രീയക്കാർ  ഉൾപ്പെടുന്ന കേസുകളിൽ ഈ തന്ത്രങ്ങൾ പ്രകടമാണ്, അവിടെ കോടതി വിധികളെ സ്വാധീനിക്കാനും ജുഡീഷ്യറിയെ അപകീർത്തിപ്പെടുത്താനുമുള്ള ശ്രമങ്ങൾ നടക്കുന്നതായും കത്തിൽ ചൂണ്ടികാട്ടുന്നു.ജുഡീഷ്യറിയുടെ പ്രവർത്തനത്തെക്കുറിച്ചുള്ള തെറ്റായ കാഴ്ചപ്പാട് ചിത്രീകരിക്കാൻ ലക്ഷ്യമിട്ടുള്ള തെറ്റായ വിവരണങ്ങൾ കെട്ടിച്ചമയ്ക്കുന്നു.ഇത്തരം വിവരണങ്ങൾ ജുഡീഷ്യറി ഫലങ്ങളെ സ്വാധീനിക്കാനും ജുഡീഷ്യറിയിലുള്ള പൊതുവിശ്വാസം ഇല്ലാതാക്കാനും ഉദ്ദേശിച്ചുള്ളതാണെന്നും അഭിഭാഷകർ കത്തിൽ എടുത്തുപറയുന്നു.

ജുഡീഷ്യൽ ബെഞ്ചുകളുടെ ഘടനയെ സ്വാധീനിക്കാനും ജഡ്ജിമാരുടെ സമഗ്രതയെ അപകീർത്തിപ്പെടുത്താനും ശ്രമിക്കുന്ന "ബെഞ്ച് ഫിക്സിംഗ് തിയറി" സംബന്ധിച്ച ​ആശങ്കയും അഭിഭാഷകർ കത്തിൽ ചൂണ്ടികാട്ടിയിട്ടുണ്ട്. ഈ  നടപടികൾ അനാദരവ് മാത്രമല്ല, നിയമവാഴ്ചയ്ക്കും നീതിയുടെ തത്വങ്ങൾക്കും ഹാനികരമാണെന്നും അഭിഭാഷകർ കുറ്റപ്പെടുത്തി.മാത്രമല്ല രാഷ്ട്രീയക്കാർ അവരുടെ താൽപ്പര്യങ്ങൾക്കനുസരിച്ച് നിയമപരമായ കാര്യങ്ങളിൽ നിലപാടുകൾ മാറ്റുകയും അതുവഴി നിയമവ്യവസ്ഥയുടെ വിശ്വാസ്യത തകർക്കുകയും ചെയ്യുന്ന രാഷ്ട്രീയ അട്ടിമറിയിലും അവർ നിരാശ പ്രകടിപ്പിച്ചു.

“രാഷ്ട്രീയക്കാർ ഒരാൾക്ക് നേരെ അഴിമതി ആരോപിക്കുകയും അയാളെ തന്നെ കോടതിയിൽ പ്രതിരോധിക്കുകയും ചെയ്യുന്നത് വിചിത്രമാണ്. കോടതി വിധി അവരുടെ വഴിക്ക് പോകുന്നില്ലെങ്കിൽ, അവർ കോടതിക്കുള്ളിലും മാധ്യമങ്ങളിലൂടെയും കോടതികളെ വിമർശിക്കുന്നു. രണ്ട് മുഖങ്ങളുള്ള ഈ പെരുമാറ്റം നമ്മുടെ നിയമസംവിധാനത്തോട് ഒരു സാധാരണക്കാരന് ഉണ്ടായിരിക്കേണ്ട ബഹുമാനത്തിന് ഹാനികരമാണ്. ചിലർ അവരുടെ കേസുകളിലെ ജഡ്ജിമാരെ സ്വാധീനിക്കാൻ ശ്രമിക്കുകയും ഒരു പ്രത്യേക രീതിയിൽ വിധി പറയാൻ ജഡ്ജിമാരിൽ സമ്മർദ്ദം ചെലുത്തുന്നതിനായി സോഷ്യൽ മീഡിയയിൽ നുണകൾ പ്രചരിപ്പിക്കുകയും ചെയ്യുന്നു. ” അഭിഭാഷകർ കത്തിൽ ആരോപിച്ചു.

ബാഹ്യ സമ്മർദ്ദങ്ങളിൽ നിന്ന് ജുഡീഷ്യറിയെ സംരക്ഷിക്കാനും നിയമവാഴ്ച ഉയർത്തിപ്പിടിക്കാനും ശക്തമായ നടപടികൾ സ്വീകരിക്കണമെന്ന് അഭിഭാഷകർ കത്തിൽ സുപ്രീം കോടതിയോട് ആവശ്യപ്പെട്ടു.നിശബ്ദത പാലിക്കുകയോ ഒന്നും ചെയ്യാതിരിക്കുകയോ ചെയ്യുന്നത് ദ്രോഹിക്കാൻ ഉദ്ദേശിക്കുന്നവർക്ക് ആകസ്മികമായി കൂടുതൽ ശക്തി നൽകും. കുറച്ച് വർഷങ്ങളായി ഇത്തരം ശ്രമങ്ങൾ പതിവായി നടക്കുന്നതിനാൽ നിശബ്ദത പാലിക്കേണ്ട സമയമല്ല ഇതെന്നും അവർ ഓർമിപ്പിച്ചു.മാർച്ച് 26 ലെ കത്തിൽ പ്രമുഖ അഭിഭാഷകരായ ഹരീഷ് സാൽവെ, മനൻ കുമാർ മിശ്ര, ആദിഷ് അഗർവാല, ചേതൻ മിത്തൽ, പിങ്കി ആനന്ദ്, ഹിതേഷ് ജെയിൻ, ഉജ്ജ്വല പവാർ, ഉദയ് ഹൊല്ല, സ്വരൂപമ ചതുർവേദി എന്നിവരും ഒപ്പിട്ടിട്ടുണ്ട്.

Chief Justice DY Chandrachud supreme court of india IndianLawyers