ന്യൂഡൽഹി ∙ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ അഞ്ചാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. അഞ്ചാം ഘട്ടത്തിലാണ് ലോക്സഭാ തിരഞ്ഞെടുപ്പിൽ ഏറ്റവും കുറച്ചു മണ്ഡലങ്ങിൽ പോളിങ് നടക്കുന്നത്. രാഹുൽ ഗാന്ധി, രാജ്‌നാഥ് സിങ്, സ്മൃതി ഇറാനി തുടങ്ങിയ പ്രമുഖ നേതാക്കളുടെ മണ്ഡലത്തിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. എട്ട് സംസ്ഥാനങ്ങളിൽ നിന്നും 49 മണ്ഡലങ്ങളിലെ 695 സ്ഥാനാർഥികളാണ് അഞ്ചാം ഘട്ടത്തിൽ ജനവിധി തേടുന്നത്. ആകെയുള്ളത് 8.95 കോടി വോട്ടർമാർ. ഇതുവരെ 379 ലോക്സഭാ മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പാണ് അവസാനിച്ചത്.
ഒഡീഷയിലെ 35 നിയമസഭാ മണ്ഡലങ്ങളിലും ഈ ഘട്ടത്തിൽ പോളിങ് നടക്കും. യുപി (14), മഹാരാഷ്ട്ര (13), ബംഗാൾ (7), ബിഹാർ (5), ഒഡീഷ (5), ജാർഖണ്ഡ് (3), ജമ്മു കശ്മീർ (1), ലഡാക്ക് (1) എന്നിവിടങ്ങളിലെ മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. രാഷ്ട്രീയ– സിനിമ മേഖലയിലെ പ്രമുഖർ രാവിലെ തന്നെ വോട്ട് രേഖപ്പെടുത്താനെത്തിയിരുന്നു. ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രി മായാവതി, വ്യവസായി അനിൽ അംബാനി, നടൻ അക്ഷയ് കുമാർ എന്നിവർ വോട്ട് രേഖപ്പെടുത്തി.
ഉത്തർപ്രദേശിലെ കൗശാംബി ലോക്‌സഭാ മണ്ഡലത്തിലെ ഹിസാംപുർ മധോയിലെ സിറത്തൂസ് അപ്പർ പ്രൈമറി സ്‌കൂളിൽ ഒരു വിഭാഗം വോട്ടർമാർ വോട്ടെടുപ്പ് ബഹിഷ്‌കരിച്ചു. പോളിങ് ബൂത്ത് 315ൽ 1700 വോട്ടർമാരാണ് വോട്ടെടുപ്പ് ബഹിഷ്‌കരിച്ചത്. പോളിങ് തുടങ്ങി രണ്ടു മണിക്കൂർ ആകാറായിട്ടും കേന്ദ്രത്തിൽ ഒരു വോട്ട് പോലും രേഖപ്പെടുത്തിയിട്ടില്ല.
തങ്ങളുടെ ഗ്രാമത്തിലേക്ക് റോഡും റെയിൽവേ പാലവും എപ്പോൾ നിർമിക്കുമെന്ന കാര്യത്തിൽ ഉറപ്പ് ലഭിക്കുന്നതുവരെ വോട്ടെടുപ്പിൽ പങ്കെടുക്കില്ലെന്നാണ് നാട്ടുകാർ പറയുന്നത്. ഉറപ്പ് നൽകാൻ ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥർ എത്തിയാൽ തീരുമാനം പുനഃപരിശോധിക്കാമെന്നും ഗ്രാമവാസികൾ അറിയിച്ചു.