രജിസ്‌ട്രേഡ് കത്തിന് പണമടച്ച ഉപയോക്താവിന് ബാക്കി 50 പൈസ തിരികെ നല്‍കാതിരുന്ന തപാല്‍ വകുപ്പിന് പിഴ ചുമത്തി ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍. തുക തിരികെ നല്‍കുന്നതിനൊപ്പം ഉപയോക്താവിന് 10,000 രൂപ നഷ്ടപരിഹാരമായും കോടതിച്ചെലവായി 5,000 രൂപ നല്‍കാനും തമിഴ്‌നാട് കാഞ്ചീപുരം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍ തപാല്‍ വകുപ്പിനു നിര്‍ദേശം നല്‍കി.
2023 ഡിസംബര്‍ 13ന് പൊഴിച്ചാലൂര്‍ പോസ്റ്റ് ഓഫീസില്‍ രജിസ്റ്റര്‍ ചെയ്ത കത്തിന് 30 രൂപ പണമായി നല്‍കിയെങ്കിലും രസീതില്‍ 29.50 രൂപ എന്നായിരുന്നുവെന്ന് പരാതിക്കാരിയായ എ മാനഷ പറഞ്ഞു. യുപിഐ വഴി കൃത്യമായി തുക അടയ്ക്കാമെന്ന് ആവശ്യപ്പെട്ടെങ്കിലും സാങ്കേതിക കാരണം പറഞ്ഞ് തപാല്‍ ഉദ്യോഗസ്ഥര്‍ നിരസിച്ചുവെന്നാണ് പരാതി
അതേസമയം സാങ്കേതിക പ്രശ്‌നങ്ങള്‍ കാരണം ഉപഭോക്താവില്‍ നിന്ന് ഡിജിറ്റല്‍ മോഡ് വഴിയുള്ള പേയ്‌മെന്റ് സ്വീകരിക്കാന്‍ കഴിഞ്ഞില്ലെന്നും അതിനാല്‍ ഇയാളില്‍ നിന്ന് പണം പിരിച്ചെടുക്കുകയായിരുന്നുവെന്നുമാണ് തപാല്‍ വകുപ്പിന്റെ വിശദീകരണം. കൂടാതെ അധികമായി വന്ന 50 പൈസ ഇന്‍കോര്‍പ്പറേറ്റഡ് പോസ്റ്റല്‍ സോഫ്‌റ്റ്വെയറില്‍ ഓട്ടോമാറ്റിക്കായി റൗണ്ട് ഓഫ് ചെയ്യുകയും തപാല്‍ അക്കൗണ്ടുകളില്‍ കൃത്യമായി അക്കൗണ്ട് ചെയ്യുകയും ചെയ്തുവെന്നും പറഞ്ഞു.എന്നാല്‍ ഇരുപക്ഷത്തിന്റെയും വാദം കേട്ട ശേഷം, സോഫ്‌റ്റ്വെയര്‍ പ്രശ്‌നം കാരണം പോസ്റ്റ് ഓഫീസ് 50 പൈസ അധികമായി പിരിച്ചെടുത്ത നടപടി ഉപഭോക്തൃ സംരക്ഷണ നിയമപ്രകാരം അന്യായമായ വ്യാപാര സമ്പ്രദായത്തിന് തുല്യമാണെന്ന് ഉപഭോക്തൃ പാനല്‍ നിരീക്ഷിക്കുകയും തപാല്‍ വകുപ്പിന് പിഴ ചുമത്തുകയുമായിരുന്നു