മണിപ്പുരിലെ ജിരിബാം ജില്ലയിലും തലസ്ഥാനമായ ഇംഫാലിലും സംഘര്‍ഷം രൂക്ഷമായതോടെ കൂടുതല്‍ കേന്ദ്രസേനയെ സംസ്ഥാനത്തേക്കയച്ച് കേന്ദ്ര ആഭ്യന്തരമന്ത്രാലയം. അര്‍ധസൈനിക വിഭാഗങ്ങളില്‍ നിന്നുള്ള 5000 പേരെയാണ് കേന്ദ്രം മണിപ്പുരിലേക്ക് അയച്ചത്. സി.ആര്‍.പി.എഫില്‍ നിന്ന് 35 യൂണിറ്റും ബി.എസ്.എഫില്‍ നിന്ന് 15 യൂണിറ്റുമാണ് മണിപ്പുരിലേക്കെത്തുന്നത്.
ഒരാഴ്ച്ചയ്ക്കിടെ രണ്ടാംതവണയാണ് കേന്ദ്രം മണിപ്പുരിലേക്ക് സേനയെ വിന്യസിക്കുന്നത്. നവംബര്‍ 12ന് അര്‍ധസൈനിക വിഭാഗങ്ങളില്‍ നിന്ന് 2500 പേരെ സംസ്ഥാനത്തേക്ക് അയച്ചിരുന്നു. കഴിഞ്ഞ ആഴ്ചത്തെ കണക്കനുസരിച്ച് വിവിധ സേനാ വിഭാഗങ്ങളിലായി 218 കമ്പനികള്‍ മണിപ്പുരിലുണ്ട്. കൂടാതെ, സൈന്യവും അസം റൈഫിള്‍സും സംസ്ഥാനത്തുണ്ട്.
ജിരിബാമില്‍നിന്ന് സായുധ വിഭാഗക്കാര്‍ തട്ടിക്കൊണ്ടുപോയ ആറുപേരുടെ മൃതദേഹം കണ്ടെത്തിയതിനു പിന്നാലെയാണ് വീണ്ടും മണിപ്പുര്‍ സംഘര്‍ഷഭരിതമായത്. കാണാതായ ഒരാളുടെ മൃതദേഹംകൂടി കച്ചാര്‍ ജില്ലയിലെ ബരാക് നദിയില്‍നിന്ന് കണ്ടെടുത്തു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിക്കാതെ കൊല്ലപ്പെട്ട 10 കുക്കി യുവാക്കളുടെ സംസ്‌കാരം നടത്താന്‍ അനുവദിക്കില്ലെന്നാണ് കുക്കി സംഘടനകളുടെ നിലപാട്.