ലഡാക്ക്: കേന്ദ്രഭരണ പ്രദേശമായ ലഡാക്കില്‍ പുതിയ അഞ്ച് ജില്ലകള്‍ കൂടി 8സ്ഥാപിക്കുമെന്ന പ്രഖ്യാപനവുമായി കേന്ദ്രം. ആഭ്യന്തരമന്ത്രി അമിത് ഷായാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. സാന്‍സ്‌കര്‍, ഡ്രാസ്സ്, ഷാം, നുബ്ര, ചാങ്തങ് എന്നിവയാണ് പുതിയ ജില്ലകള്‍. നിലവില്‍ ലേ, കാര്‍ഗില്‍ എന്നിങ്ങനെ രണ്ട് ജില്ലകളാണ് ലഡാക്കിലുള്ളത്.
പുതിയ ജില്ലകള്‍ വരുന്നതോടെ പൊതു സേവനങ്ങളെത്തിക്കുന്നത് മെച്ചപ്പെടുത്താനും ഉള്‍പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്ക് സര്‍ക്കാര്‍ പദ്ധതികള്‍ ലഭ്യമാക്കാനും സാധിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. വികസിതവും സമൃദ്ധവുമായ ഒരു ലഡാക്ക് കെട്ടിപ്പടുക്കുകയെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കാഴ്ചപ്പാട് പിന്തുടരുന്നതിന്റെ ഭാഗമായാണ് കേന്ദ്രഭരണ പ്രദേശത്തില്‍ അഞ്ച് പുതിയ ജില്ലകള്‍ സ്ഥാപിക്കാന്‍ ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചതെന്ന് അമിത് ഷാ പറഞ്ഞു.
ഓരോ മുക്കിലും മൂലയിലും ഭരണം ശക്തിപ്പെടുത്തുമ്പോള്‍ ജനങ്ങള്‍ക്ക് ആനുകൂല്യങ്ങള്‍ വീട്ടുപടിക്കലെത്തുന്നു. ലഡാക്കിലെ ജനങ്ങള്‍ക്ക് നിരവധി അവസരങ്ങള്‍ ലഭ്യമാക്കാന്‍ മോദി സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും അമിത്ഷാ കൂട്ടിച്ചേര്‍ത്തു. മെച്ചപ്പെട്ട ഭരണത്തിനായുള്ള ചുവടുവെപ്പാണിതെന്ന് മോദിയും പ്രതികരിച്ചു.
2019-ലാണ് ജമ്മു-കശ്മീരിന് പ്രത്യേകപദവി നൽകിയിരുന്ന ഭരണഘടനയുടെ 370-ാം അനുച്ഛേദം കേന്ദ്രസർക്കാർ പിൻവലിച്ചത്. ജമ്മു കശ്മീർ, ലഡാക്ക് എന്നീ പ്രദേശങ്ങൾ കേന്ദ്രഭരണ പ്രദേശങ്ങളാക്കി വിഭജിച്ചു. നിയമസഭയുള്ള കേന്ദ്രഭരണ പ്രദേശമാണ് ജമ്മു കശ്മീര്‍.