ഇംഫാൽ: മണിപുർ -അസം അതിർത്തിയിൽ ഒരു കൈക്കുഞ്ഞുൾപ്പെടെ രണ്ട് കുട്ടികളുടെയും ഒരു സ്ത്രീയുടെയും മൃതദേഹങ്ങൾ കണ്ടെത്തി. മണിപുരിലെ ജിരിബാമിൽ നിന്ന് ഒരു കുടുംബത്തിലെ ആറ് പേരെ തീവ്രവാദികൾ തട്ടിക്കൊണ്ടുപോയി ദിവസങ്ങൾക്ക് ശേഷമാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. മൃതദേഹങ്ങൾ ജീർണിച്ച അവസ്ഥയിലാണെന്നും തിരിച്ചറിഞ്ഞിട്ടില്ലെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
കുടുംബത്തെ തട്ടിക്കൊണ്ടുപോയ പ്രദേശത്ത് നിന്ന് 15 കിലോമീറ്റർ അകലെ മണിപുർ -അസം അതിർത്തിയിലുള്ള ഒരു നദിക്ക് സമീപത്ത് നിന്നാണ് മൃതദേഹങ്ങൾ കണ്ടെത്തിയതെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. തട്ടിക്കൊണ്ടുപോയവരിൽ ആരുടെയെങ്കിലും മൃതദേഹമാണോയെന്ന് വ്യക്തമല്ലെന്നും ഡിഎൻഎ പരിശോധനയടക്കം നടത്തുന്നതിനുള്ള നടപടികൾ സ്വീകരിച്ചേക്കുമെന്നും ഉദ്യോഗസ്ഥൻ പറഞ്ഞു. മൃതദേഹങ്ങൾ അസമിലെ സിൽച്ചാറിലേക്ക് കൊണ്ടുപോയി.
മണിപുരിലെ അസ്ഥിരമായ സാഹചര്യവും അക്രമസംഭവങ്ങളും കണക്കിലെടുത്ത് കഴിഞ്ഞ ദിവസം ജിരിബാം ഉൾപ്പെടെയുള്ള ആറ് പോലീസ് സ്റ്റേഷൻ പരിധികളിൽക്കൂടി സായുധസേനയുടെ പ്രത്യേകാധികാരനിയമം (അഫ്സ്‍പ) പ്രഖ്യാപിച്ചിരുന്നു. ഈ ആറ് പോലീസ് സ്റ്റേഷൻ പരിധികളിലുൾപ്പെടെ 19 സ്റ്റേഷൻ പരിധികൾ ഒഴിവാക്കി ഒക്ടോബർ ഒന്നിന് സംസ്ഥാനത്തൊട്ടാകെ മണിപ്പുർ സർക്കാർ അഫ്സ്‍പ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ജിരിബാമിലുൾപ്പെടെ അക്രമസംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുകയും ആയുധങ്ങൾ പിടിച്ചെടുക്കുകയും ചെയ്തതോടെയാണ് കൂടുതൽ പ്രദേശങ്ങളിലേക്ക് അഫ്സ്‍പ വ്യാപിപ്പിച്ചത്.