സല്‍മാനെ വധിക്കാന്‍ 25 ലക്ഷത്തിന്റെ ക്വട്ടേഷനെന്ന് മുംബൈ പോലീസ്

ഇതിനായി പാകിസ്താനില്‍ നിന്ന് എകെ 47, എകെ 92, എം 16 എന്നിവയും പഞ്ചാബി ഗായകന്‍ സിദ്ധു മൂസവാലയെ കൊലപ്പെടുത്തിയ തുര്‍ക്കി നിര്‍മിത സിഗാന ആയുധവും ഇവര്‍ വാങ്ങാനൊരുങ്ങുകയായിരുന്നു.

author-image
Prana
New Update
salmankhan

ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാനെ പന്‍വേലിലെ ഫാംഹൗസില്‍ വെച്ച് കൊലപ്പെടുത്താന്‍ പ്രതികള്‍ക്ക് ലഭിച്ചത് 25 ലക്ഷം രൂപയുടെ കരാറെന്ന് നവി മുംബൈ പോലീസ്. ലോറന്‍സ് ബിഷ്‌ണോയി സംഘത്തില്‍ നിന്നുള്ള അഞ്ച് പേര്‍ക്കെതിരെയുള്ള ചാര്‍ജ് ഷീറ്റിലാണ് പോലീസ് ഇക്കാര്യം പറയുന്നത്. ജയിലില്‍ കഴിയുന്ന ലോറന്‍സ് ബിഷ്‌ണോയിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കരാര്‍ എടുത്തതെന്നും ചാര്‍ജ് ഷീറ്റില്‍ പറയുന്നുണ്ട്.
ഇതിനായി പാകിസ്താനില്‍ നിന്ന് എകെ 47, എകെ 92, എം 16 എന്നിവയും പഞ്ചാബി ഗായകന്‍ സിദ്ധു മൂസവാലയെ കൊലപ്പെടുത്തിയ തുര്‍ക്കി നിര്‍മിത സിഗാന ആയുധവും ഇവര്‍ വാങ്ങാനൊരുങ്ങുകയായിരുന്നു. സല്‍മാന്‍ ഖാനെ കൊല്ലാന്‍ 18 വയസ്സിന് താഴെയുള്ള ആണ്‍കുട്ടികളെ പ്രതികള്‍ വാടകയ്‌ക്കെടുത്തിരുന്നു. ഇവരെല്ലാം പൂനെ, റായ്ഗഡ്, നവി മുംബൈ, താനെ, ഗുജറാത്ത് എന്നിവിടങ്ങളില്‍ ഒളിവിലാണ്.
എഴുപതോളം പേര്‍ സല്‍മാന്‍ഖാന്റെ ചലനങ്ങള്‍ നിരീക്ഷിക്കുന്നുണ്ടായിരുന്നു. പ്രത്യേകിച്ചും ബാന്ദ്രയിലെ അദ്ദേഹത്തിന്റെ വീട്ടിലും, പന്‍വേലിലെ ഫാംഹൗസിലും ഗൊരേഗാവ് ഫിലിം സിറ്റിയിലും ഇവരുടെ സാന്നിധ്യമുണ്ടായിരുന്നു. 2023 ഓഗസ്റ്റിനും 2024 ഏപ്രിലിനും ഇടയിലാണ് സല്‍മാന്‍ഖാനെ കൊല്ലാനുള്ള പദ്ധതി തയ്യാറാക്കിയതെന്നും കുറ്റപത്രത്തില്‍ പറയുന്നു.
വ്യാഴാഴ്ച ഹരിയാനയിലെ പാനിപ്പത്തില്‍ നിന്ന് അറസ്റ്റിലായ സുഖ എന്നയാള്‍ ഷൂട്ടറായ അജയ് കശ്യപ് എന്ന എകെയ്ക്കും ഗൂഡാലോചനയില്‍ പങ്കെടുത്ത മറ്റ് നാല് പേര്‍ക്കും സല്‍മാന്‍ഖാനെ കൊല്ലാനുള്ള നിര്‍ദേശം നല്‍കിയിരുന്നു. അജയ് കശ്യപും സംഘവും നടത്തിയ നിരീക്ഷണത്തില്‍ കനത്ത സുരക്ഷയും ബുള്ളറ്റ് പ്രൂഫ് വാഹനവും ഉള്ളതിനാല്‍ കൊലപാതകം നടത്താന്‍ അത്യാധുനിക ആയുധങ്ങള്‍ വേണമെന്ന തീരുമാനത്തിലെത്തി.
തുടര്‍ന്ന് സുഖ പാകിസ്താനിലെ ആയുധ ഇടപാടുകാരനായ ഡോഗറിനെ വീഡിയോകോളിലൂടെ ബന്ധപ്പെടുകയും എകെ47 ഉള്‍പ്പടെയുള്ള അത്യാധുനിക ആയുധങ്ങള്‍ക്ക് വേണ്ടി വിലപേശുകയും ചെയ്തു. ആയുധങ്ങള്‍ നല്‍കാന്‍ ഡോഗര്‍ സമ്മതിച്ചു. വിലയുടെ 50 ശതമാനം നേരത്തെ നല്‍കാനും ബാക്കി തുക ആയുധങ്ങള്‍ ഇന്ത്യയിലെത്തിച്ച ശേഷം നല്‍കാമെന്ന് സുഖയും സമ്മതിച്ചു.
കാനഡയില്‍ നിന്നുള്ള ഗുണ്ടാ നേതാവായ ഗോള്‍ഡി ബ്രാര്‍, ലോറന്‍സ് ബിഷ്‌ണോയിയുടെ സഹോദരന്‍ അന്‍മോല്‍ ബിഷ്‌ണോയ് എന്നിവരുടെ നിര്‍ദേശത്തിനായി ഷൂട്ടര്‍മാര്‍ കാത്തിരിക്കുകയായിരുന്നുവെന്ന് പോലീസ് പറയുന്നു.
സല്‍മാന്‍ ഖാനെ വധിച്ചശേഷം കന്യാകുമാരിയില്‍ ഒത്തുകൂടാനും അവിടെ നിന്ന് ശ്രീലങ്കയിലേക്കും പിന്നീട് ഇന്ത്യന്‍ അന്വേഷണ ഏജന്‍സികള്‍ക്ക് എത്തിപ്പെടാന്‍ കഴിയാത്ത ഒരു രാജ്യത്തേക്ക് കടക്കാനുമായിരുന്നു ഷൂട്ടര്‍മാരുടെ പദ്ധതിയെന്നും ചാര്‍ജ് ഷീറ്റില്‍ വിശദമാക്കുന്നു.
സല്‍മാന്‍ ഖാന്റെ ബാന്ദ്രയിലെ വീടിന് പുറത്ത് വെടിവയ്പ്പ് നടന്ന സംഭവത്തില്‍ പോലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് സല്‍മാന്‍ ഖാന്റെ പന്‍വേല്‍ ഫാം ഹൗസ് ലക്ഷ്യമാക്കിയുള്ള ഗൂഢാലോചന സംബന്ധിച്ച വിവരങ്ങള്‍ പുറത്തായത്.
അതേസമയം മുന്‍ മന്ത്രിയും എന്‍സിപി നേതാവുമായ ബാബ സിദ്ദീഖിയുടെ കൊലപാതകത്തിന് പിന്നാലെ സല്‍മാന്‍ഖാന്റെ ബാന്ദ്രയിലെ വീട്ടില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

 

salman khan Lawrence Bishnoi quotation gang