ചെന്നൈ: ചെന്നൈയിൽ നിന്നും കോയമ്പത്തൂരിലേക്ക് വന്ന ബസിൽ ഐ ടി പ്രഫഷണലായ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി.ചെന്നൈനഗരത്തിലെ ഒരു സ്വകാര്യ ഐടി കമ്പനിയിൽ ജോലി ചെയ്യുന്ന പാലത്തുറ സ്വദേശി മഹാലക്ഷ്മി (23) ആണ് മരിച്ചത്.എഞ്ചിനീയറിംഗ് ബിരുദധാരിയായ ഇവർ ജോലി സംബന്ധമായി ചെന്നൈയിൽ സ്വകാര്യ ഹോസ്റ്റലിൽ താമസിച്ചു വരികയായിരുന്നു.
ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് മഹാലക്ഷ്മി ഏതാനും ദിവസങ്ങളായി ആശുപത്രിയിൽ ചികിത്സയിലായിരുന്നെന്നാണ് വിവരം. ആരോഗ്യനില മെച്ചപ്പെടാത്തതിനാൽ ലീവ് എടുത്ത് സ്വന്തം നാട്ടിലേക്ക് പോകാൻ തീരുമാനിക്കുകയായിരുന്നു. സഹപ്രവർത്തകരിൽ ഒരാളാണ് മഹാലക്ഷ്മിയെ ബസിൽ കോയമ്പത്തൂരിലേക്ക് കൊണ്ടുപോയത്.
ബസിൽ വെച്ച് രാത്രി 11 മണിയോടെ അവർ മാതാപിതാക്കളെ ബന്ധപ്പെട്ടിരുന്നു.ചൊവ്വാഴ്ച പുലർച്ചെ അഞ്ച് മണിയോടെ ബസ് കോയമ്പത്തൂർ ഗാന്ധിപുരം ബസ് സ്റ്റേഷനിൽ എത്തിയപ്പോഴാണ് മഹാലക്ഷ്മിയെ ബസിന്റെ സീറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.ബസിന്റെ മുൻസീറ്റിലാണ് മഹാലക്ഷ്മി ഇരുന്നത്. സഹപ്രവർത്തകൻ പുറകിൽ മറ്റൊരു സീറ്റിലും ഇരുന്നു.
ഇന്നലെ പുലർച്ചെ അഞ്ചിന് കോയമ്പത്തൂർ ഗാന്ധിപുരം ബസ് സ്റ്റേഷനിൽ എത്തിയപ്പോൾ ബസിലുണ്ടായിരുന്ന യാത്രക്കാരെല്ലാം ഇറങ്ങി. പക്ഷേ, മഹാലക്ഷ്മി മാത്രം എഴുന്നേറ്റില്ല. അവർ ഇരുന്ന അതേ സീറ്റിൽ തന്നെ കിടന്നു. ഉടനെ കൂടെ വന്ന ആൾ ഉണർത്താൻ ശ്രമിച്ചെങ്കിലും ഉണർന്നില്ല. കൂടുതൽ പരിശോധനയിൽ മരിച്ചുവെന്ന് മനസ്സിലാക്കുകയായിരുന്നു.
വിവരമറിഞ്ഞ് ഗാന്ധിപുരം പോലീസ് സ്ഥലത്തെത്തി മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി കോയമ്പത്തൂർ സർക്കാർ ആശുപത്രിയിലേക്ക് അയച്ചു. പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്.പോലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ ഹൃദയാഘാതം മൂലമാകാം മരണം സംഭവിച്ചതെന്നാണ് സംശയിക്കുന്നത്. എന്നാൽ, പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചതിന് ശേഷമേ കൂടുതൽ വിവരങ്ങൾ വ്യക്തമാകൂ.