ന്യൂഡൽഹി: അഞ്ചുമണിക്കൂറിനുള്ളിൽ 22 വ്യാജ ബോംബ് ഭീഷണി, പിന്നാലെ പരിഭ്രാന്തരായി യാത്രക്കാരും വിമാനത്താവള അധികൃതരും. തുടർന്നു നടത്തിയ പരിശോധനയിൽ ഭീഷണി വ്യാജമാണെന്ന് തെളിഞ്ഞെങ്കിലും ആശങ്ക ഒഴിഞ്ഞില്ല. ചൊവ്വാഴ്ച ഉച്ചയ്ക്ക് 12.38 മുതലാണ് സമൂഹ മാധ്യമമായ എക്സിലൂടെ വ്യാജ ബോംബ് ഭീഷണി ഉയർന്നത്. വൈകീട്ട് നാലുമണി വരെ ഇത്തരം ഭീഷണി സന്ദേശങ്ങൾ വന്നുകൊണ്ടിരുന്നു.
ജയ്പൂരിൽ നിന്ന് അയോധ്യ വഴി ബെംഗളൂരുവിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് (IX765), ദർഭംഗയിൽ നിന്ന് മുംബൈയിലേക്കുള്ള സ്‌പൈസ് ജെറ്റ് (SG116), ബാഗ്‌ഡോഗ്രയിൽ നിന്ന് ബെംഗളൂരുവിലേക്കുള്ള അകാശ എയർ (QP 1373), ഡൽഹിയിൽ നിന്ന് ചിക്കാഗോയിലേക്കുള്ള എയർ ഇന്ത്യ (AI 127), ദമാമിൽ (സൗദി അറേബ്യ) നിന്ന് ലഖ്‌നൗവിലേക്കുള്ള ഇൻഡിഗോ (6E 98) തുടങ്ങിയ വിമാനങ്ങൾക്കു നേരെയായിരുന്നു ബോംബ് ഭീഷണി.
ബോംബ് ഭീഷണിയെ തുടർന്ന് ഡൽഹി–ചിക്കാഗോ വിമാനം കാനഡയിലെ വിമാനത്താവളത്തിൽ ഇറക്കുകയും ചെയ്തു. പരിശോധനകൾക്കൊടുവിൽ യാത്രക്കാരെ വിമാനത്താവളത്തിലേക്ക് മാറ്റി. യാത്രക്കാർ സുരക്ഷിതരാണെന്നും വ്യാജ ബോംബ് ഭീഷണിയിൽ അന്വേഷണം നടത്തുമെന്നും എയർഇന്ത്യ അധികൃതർ അറിയിക്കുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ ദിവസം മുംബൈയിൽനിന്ന് പുറപ്പെട്ട മൂന്നു രാജ്യാന്തര വിമാന സർവീസുകൾക്ക് നേരെയാണ് ആദ്യം ബോംബു ഭീഷണി ഉയർന്നത്. ഇതും വ്യാജമാണെന്ന് പിന്നീട് അന്വേഷണത്തിൽ തെളിഞ്ഞിരുന്നു.
ജയ്പൂരിൽ നിന്ന് അയോധ്യ വഴി ബെംഗളൂരുവിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് (IX765)ൽ ബോംബുണ്ടെന്ന ഭീഷണിയെ തുടർന്ന് ബോംബ് സ്ക്വാഡ്, സ്നിഫർ ഡോഗ്സ്, അയോധ്യ പൊലീസ് എന്നിവർ വിമാനത്താവളത്തിലെത്തി പരിശോധന നടത്തി. ഭീഷണിയെ തുടർന്ന് വിമാനത്തെ ഒറ്റപ്പെട്ട ഒരു ഭാഗത്തേക്ക് മാറ്റിയാണ് പാർക്ക് ചെയ്തത്. തുടർന്ന് അതിവേഗം യാത്രക്കാരെ ഒഴിപ്പിച്ച് പരിശോധന നടത്തുകയായിരുന്നു.
ബയോയിൽ യഥാർഥ തീവ്രവാദിയെന്ന് വിശേഷിപ്പിക്കുന്ന @schizobomber777 എന്ന എക്സ് അക്കൗണ്ടിൽ നിന്നാണ് ഭീഷണികളത്രയും വന്നിരിക്കുന്നത്. വിമാനക്കമ്പനിയെയും ചില പൊലീസ് എക്സ് ഹാൻഡിലുകളെയും ടാഗ് ചെയ്തുകൊണ്ട് വിമാനത്തിൽ ബോബുവച്ചിട്ടുണ്ടെന്നായിരുന്നു ഭീഷണി. നിലവിൽ അക്കൗണ്ട് സസ്പെൻഡ് ചെയ്ത നിലയിലാണ്. വ്യാജ ബോംബ് ഭീഷണിക്ക് പിന്നിലാരാണെന്ന് കണ്ടെത്താനുള്ള അന്വേഷണം ഉത്തർപ്രദേശ് പൊലീസ് സൈബർ സെൽ ആരംഭിച്ചു. ഇത് ആരുടെ അക്കൗണ്ട് ആണെന്ന് കണ്ടെത്തുന്നതിനും സന്ദേശങ്ങളുടെ ഉറവിടം കണ്ടെത്തുന്നതിനും എക്സ് അധികൃതരുടെ പിന്തുണ സൈബർ സെൽ തേടിയിട്ടുണ്ട്.