ലോകത്തെ ഹൃദയാഘാതങ്ങളിൽ 20 ശതമാനവും സംഭവിക്കുന്നത് ഇന്ത്യയിൽ

രാജ്യത്ത് ഒരുലക്ഷത്തിന് 272 എന്ന നിലയ്ക്കാണ് മരണനിരക്ക്. ആഗോളതലത്തിൽ ഇത് 235 ആണ്.

author-image
anumol ps
New Update
heart attack

 

 

കൊൽക്കത്ത: ലോകത്ത് ആകെ സംഭവിക്കുന്ന ഹൃദയാഘാതങ്ങളുടെ 20 ശതമാനവും സംഭവിക്കുന്നത് ഇന്ത്യയിലെന്ന് റിപ്പോർട്ട്.  ഹൃദയ സംബന്ധിയായ രോഗങ്ങൾ രാജ്യത്ത് കൂടുന്നുവെന്നാണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. ബിഎം ബിർള ഹാർട്ട് ആശുപത്രി പുറത്തിറക്കിയ എവരി ബീറ്റ് കൗണ്ട്‌സ് എന്ന റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ വിശദീകരിച്ചിരിക്കുന്നത്. 

രാജ്യത്ത് ഒൻപത് കോടിയോളം ആളുകൾക്കാണ് ഹൃദയസംബന്ധമായ രോഗങ്ങൾ ഉള്ളത്. കാർഡിയോ വാസ്‌കുലർ രോഗം മൂലമുള്ള മരണനിരക്ക് ആഗോള ശരാശരിയെക്കാൾ ഇന്ത്യയിൽ ഉയർന്നതാണെന്നും റിപ്പോർട്ടിൽ പറയുന്നു. രാജ്യത്ത് ഒരുലക്ഷത്തിന് 272 എന്ന നിലയ്ക്കാണ് മരണനിരക്ക്. ആഗോളതലത്തിൽ ഇത് 235 ആണ്. ഗ്രാമപ്രദേശങ്ങളിലും പട്ടണങ്ങളിലും ഈ നിരക്കിൽ മാറ്റങ്ങളുണ്ട്. പട്ടണത്തിൽ ഇത് 450-ഉം ഗ്രാമപ്രദേശത്ത് ഇത് 200- ഉം ആണ്.

ശരീരത്തിൽ കൊഴുപ്പ് കൂടുതലായി അടിയുന്നത് ഹൃദയ സംബന്ധമായ രോഗങ്ങൾ ബാധിക്കുന്നതിനുള്ള പ്രധാന കാരണമാണ്. ഇന്ത്യയിലുണ്ടാകുന്ന 24.5 ശതമാനം മരണങ്ങളുടെ പ്രധാന കാരണം കാർഡിയോ വാസ്‌കുലർ രോഗങ്ങളാണ്. അതേസമയം, പശ്ചിമബംഗാളിലും പഞ്ചാബിലും ഇത് 35 ശതമാനത്തോളമാണ്.

രാജ്യത്ത് രണ്ടരലക്ഷം ഇന്ത്യക്കാർക്ക് ഒരു കാർഡിയോളജിസ്റ്റ് എന്ന നിലയിലാണുള്ളത്. അതേസമയം, അമേരിക്കയിൽ ഇത് 7,300 പേർക്ക് ഒരു കാർഡിയോളജിസ്റ്റ് എന്ന നിലയിലാണ്. യുവാക്കളെയും ഹൃദയ സംബന്ധമായ രോഗങ്ങൾ കൂടുതലായി ബാധിക്കുന്നു. ഇന്ത്യയിലുണ്ടാകുന്ന 10 ശതമാനം ശിശുമരണനിരക്കും ഹൃദയ സംബന്ധമായ അസുഖങ്ങളെ തുടർന്നാണെന്നും പഠനം പറയുന്നു.

Heart Attack