ജാര്‍ഖണ്ഡ് നിയമസഭയില്‍ ബഹളമുണ്ടാക്കിയ 18 ബി.ജെ.പി എം.എല്‍.എമാരെ സ്പീക്കര്‍ സസ്‌പെന്‍ഡ് ചെയ്യുകയും പുറത്ത് പോകാന്‍ വിസമ്മതിച്ച ഇവരെ മാര്‍ഷലുകള്‍ നീക്കം ചെയ്യുകയും ചെയ്തു. വെളളിയാഴ്ച ഉച്ച 2 മണി വരെയാണ് സസ്‌പെന്‍ഷന്‍. സഭയില്‍ തങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാത്തതിന് മുഖ്യമന്ത്രി ഹേമന്ത് സോറനെതിരെ ബുധനാഴ്ച മുതല്‍ പ്രതിഷേധിച്ച ബിജെപി അംഗങ്ങള്‍ സഭയില്‍ ബഹളം വെക്കുകയും നടപടികള്‍ തടസ്സപ്പെടുത്തുകയും ചെയ്തു.
സമ്മേളനം തുടങ്ങുന്നതിന് മുന്നോടിയായി ബി.ജെ.പി നിയമസഭാംഗങ്ങള്‍ ഇരച്ചുകയറുകയും മുഖ്യമന്ത്രി ഹേമന്ത് സോറന്റെ രാജി ആവശ്യപ്പെടുകയും ചില രേഖകള്‍ വലിച്ചുകീറുകയും ചെയ്തു. സംഘര്‍ഷാവസ്ഥ തുടര്‍ന്നതോടെ സ്പീക്കര്‍ രബീന്ദ്ര നാഥ് മഹ്‌തോ 18 ബി.ജെ.പി എം.എല്‍.എമാരെ സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു.
നിയമസഭാ എത്തിക്സ് കമ്മിറ്റി വിഷയം അന്വേഷിച്ച് ഒരാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് സ്പീക്കര്‍ രബീന്ദ്ര നാഥ് മഹ്‌തോ പറഞ്ഞു. തുടര്‍ന്ന് 12.30 വരെ സഭ നിര്‍ത്തിവച്ചു.