കൊൽക്കത്ത: കൊൽക്കത്തയുടെ സംസ്‌കാരത്തിന്റെയും ചരിത്രത്തിന്റെയും ഭാഗമാണ് ട്രാം സർവീസുകൾ. തിരക്കേറിയ റോഡിൽ വാഹനങ്ങൾക്കിടയിലൂടെ സഞ്ചരിക്കുന്ന ട്രാം കൊൽക്കത്തയിലെ കൗതുക കാഴ്ചയാണ്. ഈ സംവിധാനം നിലനിൽക്കുന്ന ഇന്ത്യയിലെ ഒരേയൊരു നഗരവും ഇതുതന്നെ. എന്നാൽ 150വർഷം പഴക്കമുള്ള കൊൽക്കത്തിയലെ ട്രാം സർവീസ് പരിമിതമാക്കാനൊരുങ്ങി ബംഗാൾ സർക്കാർ. ഒറ്റ സ്‌ട്രെച്ചിൽ മാത്രമായിരിക്കും ഇനി ട്രാം സർവീസ് നടത്തുകയെന്നും മറ്റുള്ള സർവീസുകൾ ഉടൻ നിർത്തുമെന്ന് പശ്ചിമബംഗാൾ ഗതാഗതമന്ത്രി സ്‌നേഹാസിസ് ചക്രബർത്തി പറഞ്ഞു.
മൈതാൻ - എസ്പ്ലനേഡ് സർവീസ് മാത്രമായിരിക്കും നിലനിർത്തുക. അതേസമയം, സർക്കാർ തീരുമാനത്തിനെതിരെ ട്രാം പ്രേമികൾ പ്രതിഷേധവുമായി രംഗത്തെത്തി. തിരക്കേറിയ സമയങ്ങളിൽ റോഡുകളിൽ ഗതാഗതക്കുരുക്ക് സൃഷ്ടിച്ച് മെല്ലെ പോകുന്ന ട്രാമുകൾ നിലവിലെ സാഹചര്യത്തിൽ ഓടിക്കാൻ കഴിയില്ലെന്ന് ഗതാഗത മന്ത്രി പറഞ്ഞു. റോഡിൽ വാഹനങ്ങളുടെ ഗണ്യമായ വർധന കാരണം തിരക്ക് വർധിക്കുകയും ഗതാഗതക്കുരുക്കിന് കാരണമാകുയും ചെയ്യുന്നതിനാൽ ഒരേസമയം റോഡിലൂടെ ട്രാമുകളും വാഹനങ്ങൾക്കും സഞ്ചരിക്കാൻ കഴിയുന്നില്ലെന്ന് മന്ത്രി പറഞ്ഞു. ട്രാം സർവിസുമായുള്ള ഹർജി ഹൈക്കോടതിയുടെ പരിഗണനയിലുള്ളതിനാൽ അടുത്ത ഹിയറിങിൽ ഇക്കാര്യം അറിയിക്കുമെന്നും മന്ത്രി പറഞ്ഞു.
ഗതാഗതക്കുരുക്ക് കാരണം, തിരക്കുള്ള സമയങ്ങളിൽ ആളുകൾ ഓഫീസിൽ എത്താൻ വൈകുന്നില്ലെന്ന് ഉറപ്പാക്കാൻ, ട്രാമുകൾ പിൻവലിക്കുന്നത് ഉൾപ്പെടെയുള്ള ചില നടപടികൾ ഞങ്ങൾ സ്വീകരിക്കേണ്ടതുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. എന്നിരുന്നാലും, മൈതാനത്തിനും എസ്പ്ലനേഡിനും ഇടയിൽ ഹെറിറ്റേജ് ട്രാമുകൾ ഓടും, അതുവഴി ആളുകൾക്ക് സുഖകരവും പരിസ്ഥിതി സൗഹൃദവുമായ സവാരി നടത്താനാകുമെന്നും, മന്ത്രി കൂട്ടിച്ചേർത്തു.
കൊൽക്കത്തയിൽ ട്രാം സർവീസുകൾ പുനഃസ്ഥാപിക്കാനും പുനരുജ്ജീവിപ്പിക്കാനും പൊതു-സ്വകാര്യ പങ്കാളിത്ത മാതൃക ഉപയോഗിക്കാമെന്ന് കഴിഞ്ഞ വർഷം ഡിസംബർ 11ന് ഒരു പൊതുതാൽപര്യ ഹർജി പരിഗണിക്കവെ ഹൈക്കോടതി നിർദേശിച്ചിരുന്നു. നഗരത്തിലെ പല റൂട്ടുകളിലും ട്രാം സർവീസുകൾ ഇതിനകം നിർത്തലാക്കിയിട്ടുണ്ട്.
അതേസമയം, സർക്കാരിന്റെ തീരുമാനത്തിനെതിരെ കൊൽക്കത്ത ട്രാം യൂസേഴ്സ് അസോസിയേഷൻ രംഗത്തെത്തി. ട്രാം സർവീസുകൾ നിർത്താൻ അനുവദിക്കില്ലെന്നും ഗതാഗതക്കുരുക്ക് പരിഹരിക്കാൻ സംസ്ഥാന സർക്കാരിന് കയ്യേറ്റങ്ങൾ നീക്കി റോഡിന്റെ വീതി വർധിപ്പിക്കാമെന്നും അസോസിയേഷൻ നേതാക്കൾ പറഞ്ഞു.
1873 ഫെബ്രുവരി 24 മുതലാണ് ട്രാമുകൾ കൊൽക്കത്തയിൽ ഓട്ടം തുടങ്ങിയത്. അന്ന് 'കുതിര ശക്തി'യിലായിരുന്നു സവാരി. കഴിഞ്ഞ നൂറ്റാണ്ടിൽ ഗതാഗത സംവിധാനത്തിൽ നിർണായക പങ്കുവഹിച്ചതിനാൽ ട്രാമുകൾ കൊൽക്കയുടെ പൈതൃകത്തിന്റെ ഭാഗമാണെന്ന കാര്യത്തിൽ ആർക്കും സംശയമില്ല.