# എട്ട് മാസത്തിനിടെ ചെരിഞ്ഞത് 9 നാട്ടാനകൾ
# കേരളത്തിൽ ശേഷിക്കുന്നത് 369 എണ്ണം
ശ്യാം കൊപ്പറമ്പിൽ
തൃക്കാക്കര: ഉത്സവങ്ങൾക്കും ആഘോഷങ്ങൾക്കും തിടമ്പേറ്റിയ ആനയെ അലങ്കാരമായി കാണുന്നവരാണ് മലയാളികൾ. എന്നാൽ ആഘോഷങ്ങളിൽ നിന്ന് ആനകൾ അകലുകയാണ്. നാട്ടാനകളെ സംരക്ഷിക്കുന്നതിനും കൈകാര്യം ചെയ്യുന്നതിനും പ്രത്യേക നിയമങ്ങളുള്ള കേരളത്തിൽ ആനകളുടെ മരണനിരക്ക് ഉയരുകയാണ്.സംസ്ഥാനത്ത് പത്ത് വർഷത്തിനിടെ 140 നാട്ടാനകൾ ചെരിഞ്ഞു.എട്ട് മാസത്തിനിടെ 9 ആനകളാണ് ചെരിഞ്ഞത്. 14 വർഷത്തിന് മുമ്പ് രണ്ടായിരത്തോളം നാട്ടാനകളുണ്ടായിരുന്നു.ശേഷിക്കുന്നത് 433 നാട്ടാനകൾ മാത്രം. നിയമങ്ങൾ വേണ്ട വിധത്തിൽ നടപ്പാക്കാത്തതുകൊണ്ട് മാത്രം കേരളത്തിൽ ഒരുപാട് നാട്ടാനകൾ ഇല്ലാതായി.2024 ജൂണിൽ ലഭിച്ച വിവരാവകാശ രേഖയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.നിലവിൽ വനംവകുപ്പിന്റെ കണക്കുകൾ പ്രകാരം 250 ആനകൾ മാത്രമാണ് ആചാര അനുഷ്ഠാനങ്ങൾക്ക് ഉപയോഗിക്കുന്നത്.
# പാദരോഗം, എരണ്ടക്കെട്ട് പ്രധാന ഭീഷണി
ഉത്സവകാലങ്ങളിൽ ആവശ്യത്തിന് വിശ്രമം നൽകാതെ എഴുന്നുള്ളിപ്പുകൾക്കടക്കം ഉപയോഗിക്കുന്നത് എരണ്ടക്കെട്ടിന് ഇടയാക്കുന്നു. ലോറിയിൽ കൊണ്ടുപോകുമ്പോഴുള്ള ഒരേ നിൽപ്പ് കുടൽരോഗങ്ങൾക്കടക്കം കാരണമാകുന്നു. ദഹനവ്യവസ്ഥയുമായി ബന്ധപ്പെട്ട രോഗങ്ങളും ബാധിക്കാറുണ്ട്. ശുദ്ധജലത്തിന്റെ ലഭ്യതക്കുറവും പ്രശ്നമാണ്. വൈറസ് രോഗങ്ങളും വർദ്ധിക്കുന്നു. കാലാവസ്ഥയിൽ ഉണ്ടാകുന്ന മാറ്റങ്ങൾ അണുബാധയ്ക്ക് ഇടയാക്കുന്നു. കൊവിഡ് കാലത്ത് മുഴുവൻ സമയവും വിശ്രമത്തിൽ കഴിഞ്ഞതും ആരോഗ്യത്തെ സാരമായി ബാധിച്ചു. പുറമേയ്ക്ക് പ്രകടമാകാത്ത അസുഖം വന്നാൽ കണ്ടെത്താനുള്ള ആധുനിക ചികിത്സാസംവിധാനങ്ങൾ സംസ്ഥാനത്ത് ഇല്ലാത്തതും വെല്ലുവിളിയാണ്. കേരളത്തിലുള്ളവ നാട്ടാനകളിൽ ഭൂരിപക്ഷത്തിനും 40 വയസിന് മുകളിലാണ് പ്രായം. 60 - 70 വയസ് വരെയാണ് ആനകളുടെ ശരാശരി ആയുർദൈർഘ്യം. നാട്ടാനകളുടെ വംശവർദ്ധനയ്ക്ക് ക്യാപ്ടീവ് ബ്രീഡിംഗ് നടത്തണമെന്നും ആവശ്യമുണ്ട് തമിഴ്‌നാട്ടിലും കർണാടകയിലുമൊക്കെ ഇതുണ്ട്.
# നാട്ടാനകൾക്ക് വനം വകുപ്പ് സഹായം അനുവദിക്കണം
രാജു വാഴക്കാല
വിവരാവകാശ പ്രവർത്തകൻ
നാട്ടാനകൾക്ക് വനം വകുപ്പ് സഹായം അനുവദിക്കണം.കണക്കുകൾ പ്രകാരം ദേവസ്വം ബോർഡിന്റെയും, സ്വകാര്യ വ്യക്തികളുടെയും വൈവശ്യമുള്ള 250 ആനകൾ മാത്രമാണ് ആചാര അനുഷ്ഠാനങ്ങൾക്ക് ഉപയോഗിക്കുന്നത്., സ്വകാര്യ വ്യക്തികളുടെ ബാക്കിവരുന്ന ആനകളിൽ ഒരുവിഭാഗം ആനകൾ ബാധ്യതയായി മാറുന്നുണ്ട്.ഇത്തരത്തിൽ ബുദ്ധിമുട്ട് അനുഭവിക്കുന്ന സ്വകാര്യ വ്യക്തികളുടെ ആനകൾക്ക് വനം വകുപ്പ് സഹായം അനുവദിക്കണം.