യു.പിയിലെ മീററ്റിൽ സാമുദായിക സംഘർഷം; ഗർഭിണിയടക്കം 12 പേർക്ക് പരിക്ക്, ഒരാൾ അറസ്റ്റിൽ

ഉത്തർപ്രദേശിലെ മീററ്റിൽ ഇരുവിഭാഗങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിൽ ഗർഭിണിയടക്കം 12 പേർക്ക് പരിക്ക്. മീററ്റിലെ തതിന ജില്ലയിലാണ് സംഭവം. സംഭവത്തിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മറ്റ് അക്രമികൾക്കായി അന്വേഷണം തുടരുകയാണ്.

author-image
Greeshma Rakesh
New Update
up clash

12 injured in communal clash at uttar pradeshs meerut

Listen to this article
0.75x 1x 1.5x
00:00 / 00:00

ലഖ്നോ: ഉത്തർപ്രദേശിലെ മീററ്റിൽ ഇരുവിഭാഗങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിൽ ഗർഭിണിയടക്കം 12 പേർക്ക് പരിക്ക്. മീററ്റിലെ തതിന ജില്ലയിലാണ് സംഭവം. സംഭവത്തിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മറ്റ് അക്രമികൾക്കായി അന്വേഷണം തുടരുകയാണ്.

സിറാജുദ്ദീൻ ഖുറേശി(28), വാഹിദ് അഹ്മദ് (30) എന്നിവർ തമ്മിലുണ്ടായ പ്രശ്നമാണ് പിന്നീട് ഇരു വിഭാ​ഗങ്ങൾ തമ്മിലുള്ള സംഘർഷത്തിലേയ്ക്ക് നയിച്ചത്.മൂന്നുമാസമായി ഹാപുർ ജില്ലയിൽ താമസിക്കുകയാണ് സിറാജുദ്ദീൻ ഖുറേശി. ശനിയാഴ്ച രാത്രി വീട്ടിലേക്ക് മടങ്ങവെ സിറാജുദ്ദീനും വാഹിദ് അഹ്മദും തമ്മിൽ വാക് തർക്കമുണ്ടായി. സിറാജുദ്ദീൻ മദ്യപിച്ചിരുന്നു. ഹാപുറിൽ തന്നെയാണ് വാഹിദിന്റെയും താമസം. ഇരുവരുടെയും പ്രശ്നത്തിൽ ആ വഴി കടന്നു പോയ പ്രാദേശത്തെ ഡോക്ടറായ സീതാറാം(62)ഇടപെട്ടു. ഇത് വാഹിദിനും സിറാജുദ്ദീനും ഇഷ്ടപ്പെട്ടില്ല. തുടർന്ന് ഇരുവരും ചേർന്ന് സീതാറാമിനെ മർദിക്കുകയായിരുന്നു.

ഉടൻ പ്രദേശവാസികൾ എത്തി ഡോക്ടറെ രക്ഷിക്കാൻ ശ്രമിച്ചു. ഈ സമയത്ത് സിറാജുദ്ദീന്റെ കുടുംബത്തിൽ നിന്ന് 12 ഓളം ആളുകൾ അയാളെ രക്ഷിക്കാനായി ഓടിയെത്തിയെന്ന് പൊലീസ് പറഞ്ഞു. പ്രശ്നം ഇരുമത വിഭാഗങ്ങൾ തമ്മിലുള്ള സംഘർഷത്തിലേക്ക് നീങ്ങാൻ വലിയ താമസമുണ്ടായില്ല. ഹിന്ദുവിഭാഗവും മുസ്‍ലി വിഭാഗവും കല്ലും മൂ​ർച്ചയേറിയ ആയുധങ്ങളുമുപയോഗിച്ച് ആക്രമണം തുടങ്ങി. സംഘർഷത്തിൽ ഗർഭിണിയായ സോനം എന്ന യുവതിയടക്കം 12 പേർക്ക് പരിക്കേറ്റു. ഇവരെ ഭർത്താവ് എത്തിയാണ് രക്ഷപ്പെടുത്തിയത്.

സീതാറാമിന്റെ പേരക്കുട്ടി വിപുൽ വി.എച്ച്.പിയെയും ബജ് രംഗ്ദളിന്റെയും പ്രവർത്തകരെ വിവരമറിയിച്ചു. ഉടൻ തന്നെ 40 ഓളം വരുന്ന ആളുകൾ സ്ഥലത്തെത്തി. അക്രമികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഇവർ ലോഹിയ നഗർ പൊലീസ് സ്റ്റേഷനുമുന്നിൽ ധർണ നടത്തുകയും ചെയ്തു. സിറാജുദ്ദീനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രദേശത്ത് വലിയ പൊലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്.



Arrest Uttar pradesh communal clash