ഫാസിലിന്റെ സംവിധാനത്തിൽ മോഹൻലാലും മമ്മൂട്ടിയും കേന്ദ്രകഥാപാത്രങ്ങളായി 1998ൽ പുറത്തിറങ്ങിയ ഹരികൃഷ്ണൻസിലെ പാട്ടോർമകൾ പങ്കുവച്ച് ഗായകൻ എം.ജി ശ്രീകുമാർ. ചിത്രത്തിലെ ”പൊന്നേ പൊന്നമ്പിളി” എന്ന പാട്ട് താനും യേശുദാസും ചേർന്ന് പാടുന്ന രീതിയിലാണ് ആദ്യം കംപോസ് ചെയ്തതെന്നും എന്നാൽ അതിൽനിന്നും ഫാസിൽ ഇടപെട്ട് തന്നെ മാറ്റിയെന്നും ശ്രീകുമാർ വെളിപ്പെടുത്തി.
”പൊന്നേ പൊന്നമ്പിളി” എന്ന പാട്ടിന് ഒരു കഥ പറയാനുണ്ട്. ആ പാട്ടിലും മോഹൻലാലും മമ്മൂക്കയും ഒരുമിച്ചു പ്രത്യക്ഷപ്പെടുന്നുണ്ട്. മോഹൻലാലിനു വേണ്ടി ഞാനും മമ്മൂക്കയ്ക്കു വേണ്ടി ദാസേട്ടനും പാടട്ടെയെന്നായിരുന്നു ആദ്യ തീരുമാനം. ആ ഉദ്ദേശത്തോടെയായിരുന്നു ഔസേപ്പച്ചൻ ചേട്ടൻ പാട്ട് കംപോസ് ചെയ്തത്. അപ്പോൾ ഫാസിൽ സർ പുതിയ ഒരു ആശയവുമായി വന്നു. അതായത് മമ്മൂക്കയ്ക്കും മോഹൻലാലിനും വേണ്ടി ദാസേട്ടൻ തന്നെ പാടുന്നു. ശേഷം, മോഹൻലാലിനു വേണ്ടി പാടിയ ഭാഗത്തിന് അൽപം സ്പീഡ് കൂട്ടുന്നു. അങ്ങനെ വരുമ്പോൾ ശബ്ദത്തിൽ വ്യത്യാസം തോന്നുമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.
പക്ഷേ, ഇത്രയും കാലമായിട്ടും ആർക്കും ആ പാട്ടിൽ അങ്ങനെ വലിയൊരു വ്യത്യാസമൊന്നും അനുഭവപ്പെട്ടിട്ടില്ല. ദാസേട്ടൻ തന്നെ പാടിയതായിട്ടാണ് ആ പാട്ട് പുറത്തിറങ്ങിയത്. എന്നെയൊന്നു മാറ്റി നിർത്താൻ വേണ്ടി ചെയ്ത പരീക്ഷണമായിരുന്നു അത്- എം.ജി ശ്രീകുമാർ പറഞ്ഞു.