നടന്‍ വിനായകനോട് യോജിക്കാം, വിയോജിക്കാം. നടന്‍ പറയുന്നതിനെ ഉള്‍ക്കൊള്ളാം, തള്ളിക്കളയാം. നടന്‍ എന്ന നിലയില്‍ പോലും വിനായകനെ അംഗീകരിക്കുന്നതും അംഗീകരിക്കാതിരിക്കുന്നതും ഒരാളുടെ ചോയിസ് ആണ്. എന്നാല്‍, വിനായകന്‍ പറയുന്ന കാര്യങ്ങളില്‍ ചിലത് നമുക്ക് തള്ളിക്കളയാനേ പറ്റില്ല. ഒരു പക്ഷേ അയാള്‍ അത് പറഞ്ഞത് പോളിഷ്ഡായ, സഫസ്റ്റിക്കേറ്റഡായ ശൈലിയിലോ ഭാഷയിലോ ആവില്ല. എന്നാല്‍, എങ്ങനെ പറഞ്ഞാലും സത്യം സത്യമല്ലാതാവുന്നില്ല.
നിരവധി വിഷയങ്ങളില്‍ വിനായകന്‍ പ്രതികരിച്ചിട്ടുണ്ട്, കലഹിച്ചിട്ടുണ്ട്. അസഭ്യം പോലും പറഞ്ഞിട്ടുണ്ട്. അതിലൊക്കെയും ആഴത്തില്‍ പതിഞ്ഞുകിടപ്പുണ്ട് ചില നിരീക്ഷണങ്ങള്‍. ചില നിലപാടുകളുടെ പേരില്‍ അതിരൂക്ഷമായ വിമര്‍ശനങ്ങള്‍ക്കും വിനായകന്‍ വിധേയനായിട്ടുണ്ട്. ഇപ്പോള്‍ ഏറ്റവും ഒടുവില്‍ അത്തരമൊരു നിരീക്ഷണവുമായി എത്തിയിരിക്കുകയാണ് വിനായകന്‍.
യുവാക്കള്‍ സ്വന്തം നാടുപേക്ഷിച്ച് പുറംരാജ്യങ്ങളിലേക്ക് കുടിയേറുന്നത് സ്വാതന്ത്ര്യത്തിനു വേണ്ടിയാണെന്നാണ് നടന്‍ അഭിപ്രായപ്പെടുന്നത്. കേരളത്തില്‍ അര്‍ധരാത്രി ഇറങ്ങി നടക്കാന്‍ കഴിയുമോ എന്നാണ് വിനായകന്‍ ചോദിക്കുന്നത്.
മലയാളി യുവാക്കള്‍ എന്തുകൊണ്ടാണ് മറ്റു രാജ്യങ്ങളിലേക്ക് കുടിയേറുന്നത് എന്ന ചോദ്യത്തിനാണ് വിനായകന്റെ വിശദീകരണം. വിദ്യാഭ്യാസത്തിനു വേണ്ടി മാത്രമല്ല യുവാക്കള്‍ നാടുവിടുന്നതെന്നും സ്വാതന്ത്ര്യത്തിന് കൂടിയാണെന്നുമാണ് വിനായകന്‍ പറയുന്നത്. ഇത് താന്‍ നിരീക്ഷിച്ചുമനസിലാക്കിയ കാര്യമാണെന്നും അദ്ദേഹം പറയുന്നു.
എവിടെ ഠിച്ചാലും പഠനം നടക്കും. കൊച്ചിയിലുള്ള തോപ്പുംപടി പാലത്തിലൂടെ സ്ത്രീകള്‍ക്ക് രാത്രി ഒറ്റയ്ക്ക് നടക്കാന്‍ കഴിയില്ല. എന്നാല്‍, പാശ്ചാത്യ നാടുകളില്‍ രാത്രി 12 മണിക്കാണെങ്കിലും ഇറങ്ങി നടക്കാന്‍ പറ്റും. ഇവിടെ അങ്ങനെ ഇറങ്ങി നടക്കുകയാണെങ്കില്‍ അവര്‍ ഇറങ്ങുന്നതിനു മുന്‍പ് തന്നെ കഴുകന്മാന്‍ ആക്രമിക്കാന്‍ എത്തും.
സ്വാതത്ര്യത്തിനു വേണ്ടിയാണ് സ്ത്രീകള്‍ വിദേശത്തേക്ക് പറക്കുന്നത്. കുട്ടി വസ്ത്രങ്ങളിട്ട് വര്‍ക്കലയില്‍ പോകാന്‍ കഴിയില്ല. എന്നാല്‍, അമേരിക്കക്ക് പോകാം. ആര്‍ട്ടിസ്റ്റുകളൊക്കെ വിദേശരാജ്യങ്ങളില്‍ പോയി ടു പീസോക്കെ ഇട്ട് സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റിടുന്നതൊക്കെ നമുക്ക് കാണാം. പക്ഷേ, കേരളത്തിലെ ബീച്ചുകളില്‍ നിന്ന് എന്തുകൊണ്ട് അത്തരത്തിലൊരു വസ്ത്രം ധരിച്ച് ആര്‍ക്കും പോസ്റ്റിടാന്‍ കഴിയുന്നില്ല. കേരള സമൂഹം അത്രയൊന്നും വളര്‍ന്നിട്ടില്ലെന്നും വിനായകന്‍ പറയുന്നു.
ജീവിതം വളരെ കുറച്ചേയുള്ളു. മരണം വരെ സന്തോഷിക്കാനുള്ളതാണ് ജീവിതം. അതുകൊണ്ടാണ് കുട്ടികള്‍ മറ്റു രാജ്യങ്ങളിലേക്ക് പറക്കുന്നത്. വിനായകന്‍ പറയുന്നു.
മലയാളത്തില്‍ മാത്രമല്ല, ഇതര ഭാഷാ ചിത്രങ്ങളിലും വിനായകന്‍ തന്റെ പ്രതിഭ തെളിയിച്ചുകഴിഞ്ഞു. കഴിഞ്ഞ വര്‍ഷമാണ് സംവിധായകന്‍ നെല്‍സന്റെ ജയിലര്‍ എന്ന ചിത്രത്തില്‍ രജനികാന്തിനൊപ്പം വിനായകന്‍ പകര്‍ന്നാടിയത്. അതിലെ വിനായകന്റെ വേറിട്ട അഭിനയം ഇന്ത്യയിലുടനീളമുള്ള സിനിമ പ്രേമികള്‍ക്കിടയില്‍ ചര്‍ച്ചചെയ്യപ്പെട്ടു.
ജയിലര്‍ സിനിമയില്‍ വിനായകന്‍ പറയുന്ന ഒരു ജനപ്രിയ ഡയലോഗുണ്ട്. അയാം 100 പെര്‍സെന്റെജ് പ്രൊഫഷണല്‍. അത് തന്നെയാണ് വിനായകന്റെ സിനിമാ ജീവിതത്തിലുടനീളം നമ്മള്‍ കാണുന്നത്. ഹി ഈസ് 100 പെര്‍സെന്റെജ് പ്രൊഫഷണല്‍.