മലയാള സിനിമയിലെ സൂപ്പര്‍ ഹിറ്റ് താരജോടികളാണ് മമ്മൂട്ടിയും സുഹാസിനിയും. നിരവധി സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ ഈ താരജോടികളുടേതായി പുറത്തുവന്നിട്ടുണ്ട്. മമ്മൂട്ടിയും സുഹാസിനിയും പ്രധാന വേഷത്തില്‍ എത്തിയ സൂപ്പര്‍ ഹിറ്റ് പ്രണയ ചിത്രമാണ് മണിവത്തൂരിലെ ആയിരം ശിവരാത്രികള്‍. ഈ സിനിമയുടെ ചിത്രീകരണത്തിനിടെ ഉണ്ടായ ഒരു സംഭവം സുഹാസിനി വിവരിക്കുന്നു. താനൊരു മമ്മൂട്ടി ഫാനാണെന്നും ഒരു ഓണ്‍ലൈന്‍ ചാനലിനോട് സംസാരിക്കുമ്പോള്‍ സുഹാസിനി പറഞ്ഞു.
'ഒരിക്കല്‍ ഫാസില്‍ എന്നോട് ഒരു മലയാളം സിനിമ ചെയ്യാന്‍ പറഞ്ഞു. തമിഴില്‍ എന്‍ ബൊമ്മുക്കുട്ടി അമ്മാവ് എന്ന ചിത്രവും മുന്‍പ് ചെയ്തിട്ടുണ്ട്. മലയാളത്തിലും ഒരു സിനിമ ചെയ്താല്‍ നല്ലതായിരിക്കുമെന്ന് ഫാസില്‍ പറഞ്ഞു. അങ്ങനെ രണ്ട് കഥകള്‍ അദ്ദേഹം എന്നോട് പറഞ്ഞു, കാക്കോത്തികാവിലെ അപ്പൂപ്പന്‍ താടിയും മണിവത്തൂരിലെ ആയിരം ശിവരാത്രികളും. ഉടനെ ഞാന്‍ മണിവത്തൂരിന് ഓകെ പറഞ്ഞു. അതിലെ കഥാപാത്രം എനിക്കിഷ്ടപ്പെട്ടു. അതൊരു മനോഹരമായ റൊമാന്റിക് കഥയാണ്.
അതില്‍ കന്യാകുമാരിയില്‍ വച്ച് മമ്മൂട്ടിക്കൊപ്പം ഒരു സീന്‍ ഉണ്ട്. ഞാന്‍ ഗര്‍ഭിണിയാണെന്ന് മമ്മൂട്ടിയുടെ കഥാപാത്രത്തിനോട് പറയും. അപ്പോള്‍ ഞാന്‍ നിനക്ക് സമ്മാനം തരാന്‍ ആഗ്രഹിക്കുന്നു എന്ന് മമ്മൂട്ടി പറഞ്ഞപ്പോള്‍, അസ്തമയ സൂര്യനെ വേണമെന്ന് എന്റെ കഥാപാത്രം പറയും. സൂര്യന്‍ അസ്തമിക്കാറാകുമ്പോള്‍ മമ്മൂട്ടി ഓടും. അത് ഏറ്റവും മികച്ച, മനോഹരമായ രംഗം ആയിരുന്നു.
മറ്റൊരു സീന്‍ ഇപ്പോഴും ഞാന്‍ എല്ലാ ആര്‍ട്ടിസ്റ്റിനോടും പറയാറുണ്ട്. എന്റെ കഥാപാത്രം മരിച്ച ശേഷം എന്നെയൊരു പെട്ടിയിലാക്കി കൊണ്ട് വരും. മമ്മൂട്ടി അപ്പോള്‍ വീല്‍ചെയറില്‍ വന്ന് ഞാന്‍ മരിച്ചു കിടക്കുന്നപെട്ടിയില്‍ പിടിച്ച് പൊട്ടി കരയും. അപ്പോള്‍ ഡയറക്ടര്‍ കട്ട് പറഞ്ഞു. കാരണം ഞാനും അപ്പോള്‍ കരയുകയായിരുന്നു. മമ്മൂട്ടിയുടെ ആ പ്രകടനം, എന്റെ കണ്ണ് അടച്ചിരുന്നെങ്കിലും എനിക്ക് ഫീല്‍ ചെയ്യാന്‍ സാധിക്കുന്നുണ്ടായിരുന്നു. ഞാൻ കരഞ്ഞു. പെട്ടെന്ന് ഡയറക്ടര്‍ പറഞ്ഞു, ഡെഡ് ബാഡി കരയുന്നുണ്ട് ഇത് കണ്ട് മമ്മൂട്ടി പെട്ടെന്ന് അപ്‌സെറ്റായി. ഞാന്‍ നന്നായി ചെയ്തത് ഈ ഡെഡ് ബോഡി സ്‌പോയില്‍ ചെയ്തു എന്നു പറഞ്ഞു.പരസ്പര പൂരകമായ അഭിനയവും അതിലെ മമ്മൂട്ടിയുടെ പ്രതികരണവും പലപ്പോഴും അതിശയമായി തോന്നിയിട്ടുണ്ട്. സുഹാസിനി പറഞ്ഞു.