നടൻ പ്രകാശ് രാജിനെതിരെ ഗുരുതര ആരോപണവുമായി നിർമ്മാതാവ് എസ് വിനോദ്കുമാർ. നടൻ ഒന്നും മിണ്ടാതെ സെറ്റിൽ നിന്നും ഇറങ്ങി പോയതോടെ ഒരു കോടി രൂപയുടെ നഷ്ടം സംഭവിച്ചു എന്നാണ് നിർമ്മാതാവ് പറയുന്നത്. എക്‌സിലൂടെയാണ് ഇക്കാര്യം നിർമ്മാതാവ് പങ്കുവച്ചിരിക്കുന്നത്.
തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിനും ഉപമുഖ്യമന്ത്രി ഉദനിധിക്കുമൊപ്പമുള്ള ചിത്രം ‘ഉപമുഖ്യമന്ത്രിക്കൊപ്പം.. ജസ്റ്റ് ആസ്‌കിങ്’ എന്ന ഹാഷ്ടാഗോടെ പ്രകാശ് രാജ് എക്‌സിൽ പങ്കുവച്ചിരുന്നു. ഈ ട്വീറ്റ് ഷെയർ ചെയ്തു കൊണ്ടാണ് വിനോദ്കുമാർ പ്രതികരിച്ചത്.
”നിങ്ങൾക്കൊപ്പമുള്ള രണ്ട് പേരും തിരഞ്ഞെടുപ്പിൽ ജയിച്ചവരാണ്. പക്ഷേ നിങ്ങൾക്ക് കെട്ടിവച്ച കാശ് പോലും നഷ്ടപ്പെട്ടു. അതാണ് വ്യത്യാസം. ഒരു മനുഷ്യനോടും ഒന്നും മിണ്ടാതെ നിങ്ങൾ സെറ്റിൽ നിന്ന് ഇറങ്ങിപ്പോയത് കൊണ്ട് എനിക്ക് ഉണ്ടായ നഷ്ടം ഒരു കോടി രൂപയാണ്. എന്തായിരുന്നു അതിന് കാരണം? ചോദിച്ചെന്നേയുള്ളൂ..”
”എന്നെ വിളിക്കുമെന്ന് നിങ്ങൾ പറഞ്ഞിരുന്നു. പക്ഷേ വിളിച്ചതുമില്ല” എന്നാണ് നിർമ്മാതാവ് കുറിച്ചത്. എന്നാൽ പ്രകാശ് രാജ് ഇതിനോട് പ്രതികരിച്ചിട്ടില്ല. അതേസമയം, സ്വന്തമായി രാഷ്ട്രീയ പാർട്ടി രൂപീകരിച്ച പ്രകാശ് രാജ് 2019ലെ തിരഞ്ഞെടുപ്പിൽ മത്സരിച്ചുവെങ്കിലും വലിയ തോൽവിയാണ് നേരിട്ടത്.