നെഗറ്റീവ് റിവ്യൂ പറഞ്ഞ വ്ളോഗറെ ഫോൺ വിളിച്ച് ഭീഷണിപ്പെടുത്തി ‘ബാഡ് ബോയ്സ്’ സിനിമയുടെ നിർമ്മാതാവ്. ഒമർ ലുലു സംവിധാനം ചെയ്ത ചിത്രം അബാം മൂവീസിന്റെ ബാനറിൽ എബ്രഹാം മാത്യുവും ഷീലു എബ്രഹാമുമാണ് നിർമ്മിച്ചത്. എബ്രഹാം മാത്യുവാണ് ഉണ്ണി വ്ളോഗ്സ് എന്ന പേരിൽ അറിയപ്പെടുന്ന റിവ്യൂവറെ ഫോണിൽ വിളിച്ച് അസഭ്യം പറഞ്ഞത്.
ഉണ്ണി വ്ളോഗ്സ് കഴിഞ്ഞ ദിവസം പുറത്തുവിട്ട വീഡിയോയിലാണ് എബ്രഹാം മാത്യുവിന്റെ ഭീഷണിയുടെ ഫോൺ റെക്കോർഡിംഗ് ഉൾപ്പെടുത്തിയത്. റിവ്യൂ നീക്കം ചെയ്തില്ലെങ്കിൽ വിവരമറിയും, ഇതൊരു താക്കീതാണ്, തോന്നുന്നത് എഴുതിയിടാനല്ല കോടിക്കണക്കിന് കാശ് മുടക്കി സിനിമ എടുക്കുന്നത്.
കാശ് മേടിച്ചാണ് ഇത്തരം റിവ്യൂ ചെയ്യുന്നത് എന്നൊക്കെയാണ് എബ്രഹാം മാത്യു പറയുന്നത്. നിർമ്മാതാവിന്റെ ഭീഷണിയെ തുടർന്ന് വ്ളോഗർ റിവ്യൂ വീഡിയോ നീക്കം ചെയ്തിട്ടുണ്ട്. തനിക്ക് പേടിയും ടെൻഷനും ഉണ്ടെന്നും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുന്ന ഒരുപാട് കാശുള്ളവരോട് തിരിച്ചൊന്നും പറയാൻ പറ്റില്ലെന്നും പുതിയ വീഡിയോയിൽ വ്ളോഗർ പറഞ്ഞു.
റഹ്മാൻ, ധ്യാൻ ശ്രീനിവാസൻ, ഷീലു എബ്രഹാം എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായത്. അബാം മൂവിസിന്റെ പതിനഞ്ചാമത് ചിത്രമാണിത്. നേരത്തെ ആസിഫ് അലി, ടൊവിനോ തോമസ്, ആന്റണി വർഗീസ് എന്നിവർ മലയാള സിനിമയിലെ പവർ ഗ്രൂപ്പ് ആണെന്ന് പറഞ്ഞ് ഷീലു രംഗത്തെത്തിയിരുന്നു.