പഴയ ചിത്രങ്ങൾ റീ റിലീസ് ചെയുന്ന കാലമാണ് നിലവിൽ മലയാള സിനിമയിൽ നടക്കുന്നത്. ഹോളിവുഡ് സിനിമകൾ ഇതുപോലെ റീ മാസ്റ്റർ ചെയ്ത് റീ റിലീസ് ചെയുന്ന ഒരു പ്രവണതയുണ്ട്. ഇതിനു സമാനമായാണ് മലയാളത്തിലും മറ്റ് ഇന്ത്യൻ ഇതര ഭാഷകളിലുൾപ്പടെ പഴയ സിനിമകൾ റീ മാസ്റ്റെർ' ചെയ്ത് തീയേറ്ററുകളിൽ പ്രദർശനത്തിനെത്തുന്നത്. മലയാളത്തിൽ നടൻ മോഹൻ ലാലിന്റെ സിനിമകളാണ് കൂടുതലും റീ മാസ്റ്റർ ചെയ്ത് തീയേറ്ററിൽ പ്രദർശിപ്പിച്ചത്. മണിച്ചിത്രത്താഴ്, സ്ഫടികം , ദേവദൂതൻ എന്നീ സിനിമകളാണ് അടുത്തിടെ തിയറ്റർ റിലീസിലൂടെ പ്രേക്ഷകരുടെ മനം കവർന്ന ചിത്രങ്ങൾ. വളരെ മികച്ച തിയേറ്ററിക്കൽ അനുഭവമാണ് എല്ലാ ചിത്രങ്ങളും പ്രേക്ഷകർക്ക് സമ്മാനിച്ചത്.ഇതിനില്ലാം പുറമെ ഇനിയും മൂന്ന് ചിത്രങ്ങൾ കൂടി റീ മാസ്റ്റർ' ചെയ്ത് പ്രദർശിപ്പിക്കണമെന്ന ആഗ്രഹം പങ്കുവെച്ചിരിക്കുകയാണ് നടൻ മോഹൻലാൽ.
ഫിലിം ഹെറിറ്റേജ് ഫൗണ്ടേഷൻ സംഘടിപ്പിച്ച ഫിലിം പ്രിസർവേഷൻ ആന്റ് റിസ്‌റ്റോറേഷൻ വർക്ക് ഷോപ്പിൽ സംസാരിക്കുമ്പോഴാണ് മോഹൻലാൽ തന്റെ ആഗ്രഹം അറിയിച്ചത്.
'കേരളത്തിലെ ചലച്ചിത്ര പാരമ്പര്യത്തെ നാം അവഗണിച്ചു, അതിൻ്റെ ഫലമായി നിരവധി സിനിമകൾ നമുക്ക് നഷ്ടപ്പെട്ടു. ഞാൻ അഭിനയിച്ച ചിത്രങ്ങളുടെ നെഗറ്റീവുകൾ പോലും കണ്ടെത്താൻ പ്രയാസമാണ്. 50 വർഷത്തോളമായി ഞാൻ സിനിമയിലുണ്ട് , ഏകദേശം 370 ഓളം സിനിമകളുടെ ഭാഗമായി , അവയിൽ ഭൂരിഭാഗവും ഏകദേശം 20 വർഷം മുമ്പുള്ളത് വരെ ഫിലിമിൽ ചിത്രീകരിച്ചതാണ്. സിനിമയുടെ യഥാർത്ഥ നെഗറ്റീവുകൾ കാലക്രമേണ നശിക്കുന്നതിനാൽ അവ സംരക്ഷിക്കുന്നത് പ്രധാനമാണ്. "വാനപ്രസ്ഥം", "വാസ്തുഹാര", "കാലാപാനി" എന്നീ മൂന്ന് സിനിമകൾ റീ മാസ്റ്റർ ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നു.നമ്മുടെ സിനിമാ പൈതൃകം എങ്ങനെ സംരക്ഷിക്കാം എന്നറിയാൻ രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവരും പ്രത്യേകിച്ച് നമ്മുടെ സംസ്ഥാനത്ത് നിന്നുള്ളവരും ഇത്തരത്തിലുള്ള റീ മാസ്റ്ററിങ് വർക്ക് ഷോപ്പുകളിൽ പങ്കെടുക്കുമെന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു. ഇന്നത്തെ സിനിമകൾ നാളത്തെ പൈതൃകമാകും അതിനാൽ അധികം വൈകാതെ നമ്മുടെ സിനിമകൾ നമുക്ക് സംരക്ഷിച്ചു തുടങ്ങാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.