പരീക്കുട്ടിയും കറുത്തമ്മയും ടൈറ്റാനിക്കിലെ ജാക്കും റോസും പോലെ എന്നെന്നും ഏവരുടെയും മനസ്സില്‍ തങ്ങി നില്‍ക്കുന്ന പ്രണയ ജോടികളാണ്. നീണ്ട ഇടവേളയ്ക്കു ശേഷം ചെമ്മീനിലെ പരീക്കുട്ടിയും കറുത്തമ്മയുമായി ഷീലയും മധുവും. മധുവിന്റെ വീട്ടിലെത്തിയ ഷീല പഴയ ഓര്‍മകള്‍ പങ്കുവച്ചു.
കുറച്ചുനാളുകള്‍ക്ക് മുന്‍പ് ശംഖുമുഖം കടപ്പുറത്തുകൂടി നടക്കുമ്പോള്‍ മോനെ പരീക്കുട്ടി എന്ന് വിളിച്ചു കൊണ്ട് ഒരു സ്ത്രീ ഓടിയടുത്തേക്ക് വന്നു. അവരുടെ മനസ്സില്‍ ഇന്നും പരീക്കുട്ടി ചെറുപ്പമാണ്. മധു ഈ കഥ പങ്കുവച്ചപ്പോള്‍ കുലുങ്ങി ചിരിക്കുകയായിരുന്നു ഷീല.
തിക്കുറിശ്ശി ഫൗണ്ടേഷന്‍ തമ്പാനൂര്‍ റെയില്‍വേ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച തിക്കുറിശ്ശി ജന്മദിനാഘോഷ പരിപാടി ഉദ്ഘാടനം ചെയ്ത ശേഷം ഷീല നേരെ എത്തിയത് മധുവിന്റെ കണ്ണമൂലയുള്ള വീട്ടിലേക്കാണ്. മധുരം നല്‍കിയാണ് മധുവിന്റെ കുടുംബം ഷീലയെ വരവേറ്റത്.
പഴയ സിനിമാ ജീവിതത്തെക്കുറിച്ച് ഇരുവരും അനുഭവങ്ങള്‍ പങ്കുവച്ചു. ചെമ്മീന്‍ എക്കാലത്തെയും മലയാളം ക്ലാസ്സിക്കായി മലയാളികളുടെ മനസ്സില്‍ നിറഞ്ഞുനില്‍ക്കുന്നുണ്ടെന്നും അവര്‍ പറഞ്ഞു. അധികവും ചെമ്മീന്‍ സിനിമയുടെ ഓര്‍മകളാണ് അവര്‍ പങ്കുവച്ചത്.
ഷീല പോകാന്‍ നേരം ഫോട്ടോയെടുക്കാന്‍ നിന്നപ്പോള്‍ റൊമാന്റിക്കായി നില്‍ക്കെന്റെ ഷീലേ എന്ന മധുവിന്റെ കമന്റ് എല്ലാവരെയും ചിരിപ്പിച്ചു.
ആരൊക്കെ വന്നാലും പോയാലും നമ്മുടെ ഒപ്പം അഭിനയിച്ചവരെ കാണുമ്പോഴുണ്ടാകുന്ന സന്തോഷം ഒന്ന് വേറെ തന്നെയാണ് എന്നും ഷീല മധുവിനോട് പറഞ്ഞു. അത് കേട്ടപ്പോള്‍ ശരിയാണെന്ന ഭാവത്തില്‍ മധു പുഞ്ചിരിച്ചു. വീണ്ടും വരണമെന്ന് പറഞ്ഞ് കറുത്തമ്മയ്ക്ക് ആലിംഗനവും മുത്തവും നല്‍കിയാണ് പരീക്കുട്ടി യാത്രയാക്കിയത്.