ഒരു സാധാരണ ചിത്രമാണ് മരുമകള്‍. ഈ ചിത്രത്തിനെ അസാധാരണമാക്കിയത് പ്രേംനസീര്‍ എന്ന ലെജന്‍ഡാണ്. നസീറിന്റെ ആദ്യ ചിത്രമാണ് മരുമകള്‍. ഈ ചിത്രത്തിലെ നായികയാണ് ഇപ്പോള്‍ നമ്മെ വിട്ടുപിരിഞ്ഞ നെയ്യാറ്റിന്‍കര കോമളം. നസീറിന്റെ ആദ്യ നായികയായാണ് അവര്‍ ജീവിതകാലം മുഴുവന്‍ അറിയപ്പെട്ടത്. മരുമകളില്‍ അഭിനയിക്കുമ്പോള്‍ താരം കോമളമാണ്. നസീര്‍ ചെറിയ പയ്യനാണ്. പ്രേംനസീറായിട്ടില്ല അന്നദ്ദേശം. ചിറയിന്‍കീഴുകാരന്‍ അബ്ദുള്‍ ഖാദറാണ്. കോമളത്തിന്റെ മൂന്നാമത്തെ ചിത്രമാണ് മരുമകള്‍.
നസീറുമൊത്തുള്ള ആദ്യ ചിത്രത്തിന്റെ ഓര്‍മകള്‍ ആദ്യ നായിക പങ്കുവയ്ക്കുന്നത് ഇങ്ങനെയാണ്. ചെറിയ പയ്യനാണ് നസീര്‍. എങ്കിലും നമുക്ക് അങ്ങോട്ട് ബഹുമാനം തോന്നുന്ന പ്രകൃതമായിരുന്നു അബ്ദുല്‍ ഖാദറിന്‍േറത്. അധികം സംസാരമൊന്നും ഇല്ല. അഹങ്കാരമൊന്നും ഇല്ലാത്ത, ഒരു നല്ല കുടുംബത്തിലെ കുട്ടി. ഞാനും റിസര്‍വ്ഡ് ആയിരുന്നു. ആവശ്യത്തിനു മാത്രം സംസാരിക്കും. വലിയ സുഹൃദ് ബന്ധത്തിനൊന്നും പോവില്ല. സേലത്തായിരുന്നു ഷൂട്ടിങ്.
ഒരുപാട് രംഗങ്ങളൊന്നും ഞങ്ങള്‍ തമ്മില്‍ ഉണ്ടായിരുന്നില്ല. ഷൂട്ടിങ് കഴിഞ്ഞ് പിരിയാന്‍ നേരത്താണ് ഞങ്ങള്‍ നേരിട്ട് സംസാരിക്കുന്നത്. ഇങ്ങനെയാണ് മരുമകളുടെ വിശേഷം നെയ്യാറ്റിന്‍കര കോമളം ഓര്‍ത്തെടുക്കുന്നത്.
ആദ്യ ചിത്രത്തിനു ശേഷം കോമളം നസീറിനെ നേരില്‍ കണ്ടിട്ടേയില്ല. വര്‍ഷങ്ങള്‍ക്കു ശേഷം ഒരു ദിവസം അപ്രതീക്ഷിതമായി കോമളത്തിന് ഒരു കത്തുകിട്ടി. തുറന്നു നോക്കുമ്പോള്‍ നസീറും ഭാര്യ ഹബീബയും ഒപ്പിട്ട ഒരു കാര്‍ഡ്. മകന്‍ ഷാനവാസിന്റെ വിവാഹമാണ്. കത്തുകണ്ടപ്പോള്‍ സന്തോഷവും അതിശയവും തോന്നിയെന്നാണ് കോമളം പറഞ്ഞത്. പോകണമോ വേണ്ടയോ, തിരിച്ചറിയുമോ എന്നൊക്കെയുള്ള ചിന്തയായി. വിവാഹത്തിനെത്തിയപ്പോള്‍ അവിടെ നിറയെ ആളുകളാണ്.
നസീര്‍ കുറച്ചകലെ പത്രക്കാരുമൊക്കെയായി സംസാരിച്ച് നില്‍ക്കുന്നത് കണ്ടു. കോമളത്തിനെ ഒന്നു നോക്കി നസീര്‍. നസീറിന് ആളിനെ മനസ്സിലായി. ഉടനെ കോമളത്തിന്റെ അടുത്തേക്ക് വന്നു. നസീര്‍ പറഞ്ഞു, ഈ വരുന്നത് ആരെന്ന് അറിയാമോ? ഇത് എന്റെ ആദ്യ നായികയാണ്. നെയ്യാറ്റിന്‍കര കോമളം. അതിനു ശേഷമാണ് നസീറിന്റെ ആദ്യ നായികയെന്ന് അറിയപ്പെടാന്‍ തുടങ്ങിയതെന്നും കോമളം പറഞ്ഞു.
അധികം സിനിമകളിലൊന്നും നെയ്യാറ്റിന്‍കര കോമളം അഭിനയിച്ചിട്ടില്ല. കോമളാ മേനോന്‍ എന്ന നെയ്യാറ്റിന്‍കര കോമളത്തിന്റെ ആദ്യ ചിത്രം വനമാലയാണ്. മരുമകളെ കൂടാതെ ന്യൂസ്‌പേപ്പര്‍ ബോയി, ആത്മശാന്തി, സന്ദേഹി തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു. ഒടുവില്‍ 96 ആറാമത്തെ വയസ്സില്‍ മലയാള സിനിമയുടെ ചരിത്രത്തിന്റെ ഭാഗമായ നെയ്യാറ്റിന്‍കര കോമളം വിടപറഞ്ഞു.