ചെന്നൈ: സിനിമാ മേഖലയിലെ സ്ത്രീകളെ അപകീർത്തിപ്പെടുത്തുനന് തരത്തിൽ പരാമർശം നടത്തിയെന്നാരോപിച്ച് തമിഴ് താര സംഘടന യൂട്യുബർക്കെതിരെ പരാതി നൽകി. തമിഴ് താര സംഘടന നടികർ സംഘം ജെൻഡർ സെൻസിറ്റൈസേഷൻ ആൻ്റ് ഇൻ്റേണൽ കംപ്ലയിൻ്റ്സ് കമ്മിറ്റി (ഐസി) അധ്യക്ഷയായ നടി രോഹിണിയാണ് ഡോക്ടർ കാന്തരാജിനെതിരെ പോലീസിൽ പരാതി നൽകിയത്.
സിനിമയിൽ വേഷങ്ങൾ ലഭിക്കാൻ വനിതാ അഭിനേതാക്കൾ ഫിലിം ക്രൂവുമായി അഡ്ജസ്റ്റ് ചെയ്തു എന്ന കാന്തരാജിൻ്റെ അവകാശവാദവുമായി ബന്ധപ്പെട്ട് സെപ്റ്റംബർ 13 വെള്ളിയാഴ്ചയാണ് രോഹിണി പരാതി നൽകിയത്.
ഡോക്ടറായ കാന്തരാജ് പ്രമുഖ ദ്രാവിഡ സൈദ്ധാന്തികനാണ്. രാഷ്ട്രീയവും സാമൂഹികവുമായ വിവിധ വിഷങ്ങളിൽ ഇദ്ദേഹം ചർച്ചകളിൽ പങ്കെടുക്കാറുണ്ട്. ഇദ്ദേഹത്തിൻറെ യൂട്യൂബ് വീഡിയോകളും ഏറെ പ്രശസ്തമാണ്.അതേ സമയം തന്നെ ഇദ്ദേഹത്തിൻറെ സ്ത്രീവിരുദ്ധ പരാമർശങ്ങൾ മുൻപും വിവാദമായിട്ടുണ്ട്.
റിപ്പോർട്ടുകൾ പ്രകാരം രോഹിണി ചെന്നൈ സിറ്റി പോലീസ് കമ്മീഷണർ എ അരുണിന് കാന്തരാജിനെതിരെ പരാതി നൽകിയിട്ടുണ്ട്. തുടർന്ന് അത് ചെന്നൈ സിറ്റി സൈബർ ക്രൈം യൂണിറ്റിന് കൈമാറി. കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ച് യൂട്യൂബ് ചാനലുകൾക്ക് നൽകിയ ഒന്നിലധികം അഭിമുഖങ്ങളിൽ കാന്തരാജ് സംസാരിച്ചിട്ടുണ്ടെന്നും ഇവയിൽ പല നടിമാരെയും പേരെടുത്ത് മോശമായി പറഞ്ഞുവെന്നുമാണ് പരാതി.
ഹേമ കമ്മിറ്റി റിപ്പോർട്ടിനെക്കുറിച്ചും കേരളത്തിൽ അതിൻ്റെ സ്വാധീനത്തെക്കുറിച്ചും സംസാരിച്ച ഡോക്ടർ, തമിഴ് സിനിമാ മേഖലയിലും സ്ത്രീകൾ സിനിമയിലെ വേഷങ്ങൾക്കായി ‘അഡ്ജസ്റ്റ്മെൻ്റ്’ ചെയ്യാൻ തയ്യാറാകുന്നുവെന്ന് അവകാശപ്പെട്ടു. ഇയാളുടെ ഇത്തരം പരാമർശങ്ങൾ ‘നിന്ദ്യവും’ ‘അശ്ലീല’വുമാണെന്ന് രോഹിണി പരാതിയിൽ പറയുന്നു.
കേരളത്തിൽ ഹേമ കമ്മിറ്റി റിപ്പോർട്ടിനെ തുടർന്ന് സിനിമ മേഖലയിൽ പൊട്ടിത്തെറികൾ ഉണ്ടായതിന് പുറമേയാണ് തമിഴ് താര സംഘടന നടികർ സംഘം ജെൻഡർ സെൻസിറ്റൈസേഷൻ ആൻ്റ് ഇൻ്റേണൽ കംപ്ലയിൻ്റ്സ് കമ്മിറ്റി (ഐസി) രൂപീകരിച്ചത്. നടി രോഹിണിയാണ് കമ്മിറ്റിയുടെ അധ്യക്ഷ.