കങ്കുവ' എന്ന സിനിമയുടെ പ്രമോഷൻറെ ഭാഗമായി നടൻ സൂര്യ കേരളത്തിലെത്തി. കൊച്ചിയിലും തിരുവനന്തപുരത്തുമായാണ് കങ്കുവയുടെ കേരളത്തിലെ പ്രമോഷൻസ് സംഘടിപ്പിച്ചിരിക്കുന്നത്. 27 വർഷമായി ജനങ്ങളുടെ സ്നേഹം ഇടതടവില്ലാതെ ലഭിക്കുന്നതുകൊണ്ടാണ് ഒരു നടൻ എന്നുള്ള രീതിയിൽ നിലനിൽക്കുന്നതെന്ന് സൂര്യ പറഞ്ഞു. കരിയറിൻറെ ഉയർച്ച താഴ്‌ചയിലും ജനങ്ങൾ പ്രകടിപ്പിക്കുന്ന സ്നേഹത്തിന് കുറവ് വന്നിട്ടില്ല. അതിന് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല. ഇത്രയധികം ജനങ്ങളുടെ സ്നേഹം ലഭിക്കുന്നതിന് എന്ത് പുണ്യമാണ് ഞാൻ കഴിഞ്ഞ ജന്മത്തിൽ ചെയ്‌തതെന്ന് അറിയില്ല. സൂര്യ വികാരാധിതനായി സംസാരിച്ചു. മലയാളി പ്രേക്ഷകരുടെ സ്നേഹം ജീവിതത്തിലെ അനുഗ്രഹമായാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.
കങ്കുവ പോലൊരു ചിത്രം തൻറെ കരിയറിൽ ഇതുവരെ ചെയ്‌തിട്ടില്ല. ശിവ എന്ന ഗംഭീര സംവിധായകൻറെ മാസ്‌റ്റർ ക്രാഫ്റ്റ് ആണ് ഈ ചിത്രം. ഓരോ ഫ്രെയിമിലും അഭിനയത്തിനപ്പുറം ജീവിക്കുകയാണ് എന്ന് തോന്നിപ്പോകും. 170 ദിവസത്തെ കഷ്ടപ്പാടിന് ഒടുവിലാണ് ചിത്രം പൂർത്തീകരിച്ചത്. ഈ സിനിമയിൽ കൂടെ ജോലി ചെയ്‌തവരെ പടയാളികൾ എന്ന് വിശേഷിപ്പിക്കാനാണ് താൻ ആഗ്രഹിക്കുന്നത്. അതിൽ 90% ആൾക്കാരും മലയാളികളാണ് എന്നുള്ളത് തന്നെ സന്തോഷിപ്പിക്കുന്നതായും സൂര്യ പറഞ്ഞു.
ഞാൻ ആദ്യമായി കാണുന്ന ത്രീഡി ചിത്രം മലയാള സിനിമയായ 'മൈഡിയർ കുട്ടിച്ചാത്തൻ' ആണ്. ഇപ്പോഴും ആ സിനിമയിലെ രംഗങ്ങൾ മനസ്സിൽ ഉണ്ട്. മലയാള സിനിമ അത്തരം മുന്നേറ്റങ്ങൾ ഒക്കെ വർഷങ്ങൾക്കു മുമ്പ് ചെയ്‌തു കഴിഞ്ഞു. കരിയറിൽ ഒരു ത്രീഡി സിനിമ ചെയ്യണമെന്നുള്ളത് വലിയ ആഗ്രഹമായിരുന്നു. ആ ആഗ്രഹത്തിൻറെ പരിസമാപ്‌തിയാണ് 'കങ്കുവ' സൂര്യ കൂട്ടിച്ചേർത്തു.
കങ്കുവ'യിലെ കഥാപാത്രമായി മാറുന്നതിന് വലിയ കഷ്ടപ്പാടുണ്ടായിരുന്നു. ദിവസവും രാവിലെ അഞ്ചുമണിക്ക് മേക്കപ്പ് ആരംഭിച്ചാൽ മാത്രമാണ് എട്ടുമണിക്ക് ആദ്യ ഷോട്ട് എടുക്കാൻ സാധിക്കുകയുള്ളൂ. ഏകദേശം 100 ദിവസത്തോളം സമാന രീതി തുടരേണ്ടതായി വന്നു. ഏകദേശം 3000 ത്തോളം ആൾക്കാർ കങ്കുവ സിനിമയുടെ പിന്നണിയിൽ ഉണ്ട്. അവരുടെയൊക്കെ ആത്മസമർപ്പണത്തിന്റെ ഫലമാണ് ചിത്രം. പതിനാലാം തീയതിയാണ് ചിത്രം നിങ്ങളിലേക്ക് മുന്നിലേക്ക് എത്തുക.
ഈ ചിത്രത്തിന്റെ സംവിധായകൻ ശിവ എന്റെയും അനിയൻ കാർത്തിയുടെയും ബാല്യകാല സുഹൃത്തായിരുന്നു. കങ്കുവയുടെ തിരക്കഥ വായിച്ചു കേട്ടപ്പോൾ ആദ്യം ഞെട്ടിപ്പോയി. ഇത്രയും വലിയൊരു ബഡ്‌ജറ്റ് ഉള്ള സിനിമ എൻറെ കരിയറിൽ ഞാൻ ചെയ്തിട്ടില്ല. കാലങ്ങൾക്കും ദേശങ്ങൾക്കും അതീതമായി ആശയങ്ങൾ സംസാരിക്കുന്നു. മുതലയുമായി ഫൈറ്റ് രംഗം.
ആദ്യം കേട്ടപ്പോൾ ഇതൊരു ഇന്ത്യൻ സിനിമയുടെ തിരക്കഥ തന്നെയാണോ വായിക്കുന്നത് എന്ന് സംശയം തോന്നി. ശിവ വളരെയധികം സാഹിത്യവുമായി ബന്ധമുള്ള ആളാണ്. തമിഴ് സാഹിത്യത്തിലെ എല്ലാ കൃതികളും അദ്ദേഹം വായിച്ചിട്ടുണ്ട്. അതിൻറെയൊക്കെ ഫലം 'കങ്കുവ' എന്ന ചിത്രത്തിൽ കാണാനുമുണ്ട്.
ശ്രീ ഗോകുലം മൂവീസ് ആണ് കങ്കുവ കേരളത്തിൽ വിതരണത്തിന് എടുത്തിരിക്കുന്നത്. കേരള, കർണാടക, ആന്ധ്ര പ്രദേശ്, തെലഗാന തുടങ്ങിയ സംസ്ഥാനങ്ങളിൽ കങ്കുവയുടെ ആദ്യ ഷോ നാല് മണി മുതൽ ആരംഭിക്കും. രണ്ട് മണിക്കൂർ 34 മിനിറ്റാണ് ചിത്രത്തിൻറെ ദൈർഘ്യം. നവംബർ 14 ന് ചിത്രം തിയേറ്ററിലെത്തും. രണ്ട് കാലഘട്ടങ്ങളിലായി കഥ പറയുന്ന സിനിമയിൽ ആദ്യ 20 മിനിറ്റിലാണ് പുതിയ കാലത്തെ സൂര്യ കഥാപാത്രം പ്രത്യക്ഷപ്പെടുന്നത്.