വീണ്ടും വൈറൽ ഡയലോഗുമായി സുരേഷ് ഗോപി

താരസംഘടനയായ അമ്മയുടെ കേരള‍പ്പിറവി ദിനത്തിനോട് അനുബന്ധിച്ച് നടന്ന കുടുംബ സംഗമത്തിനിടെയായിരുന്നു സുരേഷ് ഗോപിയുടെ ഡയലോഗ്.

author-image
Anagha Rajeev
New Update
suresh gopi

തിരഞ്ഞെടുപ്പ് കാലത്ത് ഏറെ ശ്രദ്ധിക്കപ്പെട്ട സുരേഷ് ഗോപിയുടെ വൈറൽ ഡയലോഗ് ഇന്നും പല സന്ദർഭങ്ങളിലും മലയാളികളുടെ നാവിൻ തുമ്പിലെത്താറുമുണ്ടല്ലോ. ഇപ്പോഴിതാ അതെ ഡയലോഗുമായി വീണ്ടും എത്തിയിരിക്കുകയാണ് സുരേഷ് ഗോപി. താരസംഘടനയായ അമ്മയുടെ കേരള‍പ്പിറവി ദിനത്തിനോട് അനുബന്ധിച്ച് നടന്ന കുടുംബ സംഗമത്തിനിടെയായിരുന്നു സുരേഷ് ഗോപിയുടെ ഡയലോഗ്. പരിപാടിക്കിടെ കോട്ടയം നസീറിൻറെ പുതിയ സംരംഭമായ പെയിന്റമിക്കിൻറെ ഉദ്ഘാടനത്തിൻറെ ഭാഗമായി ഒരു ചിത്രം സുരേഷ് ഗോപിക്ക് സമ്മാനിച്ചിരുന്നു.

ഈ ചിത്രം കണ്ടതോടെയാണ് സുരേഷ് ഗോപി 'ഇത് എനിക്ക് വേണം, ഇത് നിങ്ങളെനിക്ക് തരണം, ഇത് ഞാനിങ്ങെടുക്കുവാ…' എന്ന 'ഹിറ്റ്' ഡയലോഗ് വീണ്ടും പറഞ്ഞത്. കോട്ടയം നസീർ വരച്ച ചിത്രങ്ങൾ ഓൺലൈനായി വാങ്ങാൻ കഴിയുന്ന പ്ലാറ്റ്‌ഫോം ആണ് പെയിൻറമിക്. അമ്മ തിരിച്ചു വരവിൻറെ പാതയിലാണെന്നും അതിനുള്ള തുടക്കമാണ് ഇന്ന് കുറിച്ചതെന്നും സുരേഷ് ഗോപി മാധ്യമങ്ങളോട് പറഞ്ഞു. അതോടൊപ്പം പുതിയ കമ്മിറ്റി നിലവിൽ വരുമെന്നും അദ്ദേഹം പ്രതികരിച്ചു. അതിനുള്ള തുടക്കമാണ് നവംബർ ഒന്നിന് കുറിച്ചതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. കൊച്ചിയിൽ അമ്മ ആസ്ഥാനത്ത് നടന്ന താരങ്ങളുടെ സംഗമത്തിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെ സുരേഷ് ഗോപി പറഞ്ഞത്.

സംഘടനയിലേക്ക് എല്ലാവരെയും തിരികെ കൊണ്ടുവരും. മോഹൻലാലുമായി ചർച്ച നടത്തി. അമ്മ എത്രയും പെട്ടെന്ന് തിരിച്ചുവരും. ഇന്ന് അതിന് തുടക്കം കുറിച്ചു. ഇനി അതിന് ഉത്തരവാദിത്തപ്പെട്ടവർ വരട്ടെയെന്നുമാണ് സുരേഷ് ഗോപി പറഞ്ഞത്.

അതേ സമയം സംഘടനയിൽ നിന്ന് രാജി വച്ച അതേ കമ്മിറ്റി തന്നെ തിരിച്ചുവരണമെന്ന് നടൻ ധർമജൻ ബോൾഗാട്ടി പറഞ്ഞു. സുരേഷ് ഗോപി ഇന്ന് ഇതേ കാര്യമാണ് പറഞ്ഞത്. പുതിയ തെരെഞ്ഞെടുപ്പ് നടത്തുക ചെലവുള്ള കാര്യമാണ്. കമ്മിറ്റിയിലുള്ളതിൽ ചിലർ ആരോപണവിധേയർ മാത്രമാണ്. അങ്ങനെയുള്ളവർ രാഷ്‌ട്രീയത്തിൽ വരെ പ്രവർത്തിക്കുന്നുണ്ട്. പ്രവർത്തിക്കാൻ സന്നദ്ധതയുള്ളവരാണ് സംഘടന തലപ്പത്ത് വരേണ്ടത്. ധർമജൻ ബോൾഗാട്ടി മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയായി പറഞ്ഞിരുന്നു.

ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ താരസംഘടനയായ അമ്മയിലെ എക്‌സിക്യുട്ടീവ് അംഗങ്ങളെ പിരിച്ചുവിട്ടിരുന്നു. ജനറൽ സെക്രട്ടറിയായിരുന്ന സിദ്ദിഖ്, മുകേഷ്, ഇടവേള ബാബു, ജയസൂര്യ, മണിയൻ പിള്ള രാജു എന്നിവരുൾപ്പെടെയുള്ള അംഗങ്ങൾക്കെതിരെയും ലൈംഗികാതിക്രമക്കേസുകൾ രജിസ്‌റ്റർ ചെയ്‌തതോടെയായിരുന്നു അമ്മ സംഘടന പിരിച്ചു വിട്ടത്.

Suresh Gopi