ആദരാഞ്ജലി’, ഇല്ലുമിനാറ്റി’ എന്നീ ട്രെൻഡിങ് ഗാനങ്ങൾക്ക് ശേഷം സുഷിൻ ശ്യാമിന്റെ ‘സ്തുതി’യും വൈറൽ ആയിരിക്കുകയാണ്. അമൽ നീരദിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ‘ബോഗയ്ൻവില്ല’ സിനിമയിലെ ഗാനം ഇപ്പോഴും യൂട്യൂബ് ട്രെൻഡിങ് ലിസ്റ്റിൽ മൂന്നാമതായി തുടരുകയാണ്. ഗാനത്തിലെ സ്വാഗും ലുക്കും കൊണ്ട് കൈയ്യടികൾ നേടുകയാണ് നടി ജ്യോതിർമയി.
വിനായക് ശശികുമാറിന്റെ വരികൾക്ക് സുഷിൻ ശ്യാം ഈണം നൽകിയിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് മേരി ആൻ അലക്‌സാണ്ടറും സുഷിൻ ശ്യാമും ചേർന്നാണ്. എന്നാൽ പാട്ടിലെ വരികൾ ക്രിസ്ത്യൻ മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് സീറോ മലബാർ സഭയുടെ അൽമായ ഫോറം രംഗത്തെത്തിയിരുന്നു. ഗാനത്തിനെതിരെ അൽമായ ഫോറം പരാതി നൽകിയിട്ടുമുണ്ട്. ദൈവത്തിന് സ്തുതി പാടുന്നത് സാത്താൻ ആണോ എന്ന ചോദ്യം സോഷ്യൽ മീഡിയയിൽ ഉയർന്നതോടെയാണ് സഭ പരാതിയുമായി രംഗത്തെത്തിയത്. എന്നാൽ സ്തുതി ഗാനം യഥാർത്ഥ്യത്തിൽ ഒരു ലവ് സോംഗ് ആണ് എന്നാണ് ഗാനത്തിന്റെ രചയിതാവ് വിനായക് ശശികുമാർ പറയുന്നത്.
ബോഗയ്ൻവില്ലയുടെ പ്രമോ സോംഗ് ആണ് സ്തുതി. അതുകൊണ്ട് വ്യത്യസ്തമായ അപ്രോച്ചാണ് ഗാനത്തിന് നൽകിയിരിക്കുന്നത്. വാക്കുകൾ വ്യത്യസ്തമാണെങ്കിലും വിശുദ്ധമായ പ്രേമം തന്നെയാണ് ഗാനത്തിന്റെ കൺസപ്റ്റ് എന്നാണ് വിനായക് പറഞ്ഞത്. ഗാനത്തിലെ രംഗങ്ങൾ സംവിധായകന്റെ ആശയമാണ്. സിനിമയോട് നീതി പുലർത്താനായാണ് ഗാനം ചിത്രീകരിച്ചത്. പ്രമോ സോംഗ് സിനിമയിൽ ഇല്ല. റഫീക്ക് അഹമ്മദ് എഴുതിയ ഒരു ഗാനം മാത്രമാണ് സിനിമയിലുള്ളത്. വ്യത്യസ്തമായ പ്രണയമാണ് ബോഗയ്ൻവില്ല ചർച്ച ചെയ്യുന്നത്. പ്രണയ ഗാനമാണെങ്കിലും കുറച്ച് ബൈബ്ലിക്കിലായി സമീപിക്കാനായിരുന്നു തീരുമാനം. ഈ ഗാനമോ സിനിമയോ സാത്താനിക് അല്ല.
ഒരു ഡ്രസിന്റെ പേരിൽ മുൻവിധികളിൽ എത്തരുത് എന്നാണ് വിനായക് പറയുന്നത്. ഏറെ നാളുകൾക്ക് ശേഷം നടി ജ്യോതിർമയി അഭിനയിക്കുന്ന സിനിമ കൂടിയാണ് ബോഗയ്ൻവില്ല. തികച്ചും വേറിട്ട ലുക്കിലാണ് സിനിമയിൽ ജ്യോതിർമയിയുള്ളത്. പ്രമോ ഗാനത്തിലെ നടിയുടെ പെർഫോൻസ് ഇതാണെങ്കിൽ സിനിമ ഇറങ്ങുമ്പോൾ ജ്യോതിർമയി ആകും മുഴുവൻ കൈയ്യടിയും നേടുക എന്നാണ് പ്രേക്ഷകരുടെ വിലയിരുത്തൽ. ‘ഭീഷ്മപർവ്വം’ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം അമൽ നീരദ് ഒരുക്കുന്ന സിനിമയാണ് ബോഗയ്ൻവില്ല.