'അമരനാ'യിൽ സായ് പല്ലവി പട്ടാളക്കാർക്കൊപ്പം ട്രെയിനിങ് നടത്തിയിരുന്നു; ശിവകാർത്തികേയൻ

സായിയുടെ കഥാപാത്രത്തിന്റെ ഇൻട്രോ വീഡിയോ കഴിഞ്ഞ ദിവസം അണിയറ പ്രവർത്തകർ പുറത്തുവിട്ടിരുന്നു. മേജർ മുകുന്ദ് വരദരാജന്റെ ഭാര്യയും മലയാളിയുമായ ഇന്ദു റെബേക്ക വർഗീസ് ആയിട്ടാണ് സായി പല്ലവി അമരനിൽ എത്തുന്നത്.

author-image
Vishnupriya
New Update
as

മേജർ മുകുന്ദ് വരദരാജൻ എന്ന പട്ടാളക്കാരന്റെ യഥാർത്ഥ ജീവിതത്തെ അടിസ്ഥാനമാക്കി ഒരുങ്ങുന്ന ചിത്രമാണ് 'അമരൻ'. ഒരു ആർമി ഓഫീസർ ഈ സിനിമ കാണുമ്പോൾ അവരുടെ ജീവിതം 100 ശതമാനം സത്യസന്ധമായി എടുത്തിരിക്കുന്നു എന്ന് അവർക്ക് തോന്നണമെന്നും അതിനാണ് തങ്ങൾ പരിശ്രമിച്ചതെന്നും നടൻ ശിവകാർത്തികേയൻ. ചിത്രത്തിൽ ശിവകർത്തികേയനൊപ്പം അഭിനയിച്ച സായി പല്ലവിയെ കുറിച്ച് താരം പറഞ്ഞ വാക്കുകളാണ് ഇപ്പോൾ വൈറലായിരിക്കുന്നത് . 

വളരെ കുറച്ച് സീൻസ് മാത്രമാണ് എനിക്കും സായ് പല്ലവിക്കും ഒരുമിച്ച് ഉണ്ടായിരുന്നത്. ഒരു ബ്രില്ല്യൻ്റ് ആക്ടർ ആണ് സായ് പല്ലവി. അവർ എങ്ങനെയാണ് ഒരു സീനിനെ സമീപിക്കുന്നതെന്ന് കാണാനുള്ള അവസരം എനിക്ക് കിട്ടി, അത് തനിക്ക് നല്ലൊരു പഠനമായിരുന്നു. ശെരിക്കുമുള്ള തോക്കുകൾ കൈകാര്യം ചെയ്യുന്നത് അടക്കം ട്രെയിനിങ് എടുത്തിട്ടാണ് ഷൂട്ടിലേക്ക് കടന്നത്. പട്ടാളക്കാർക്കൊപ്പം സിനിമക്കായി ട്രെയിനിങ് നടത്തിയിരുന്നെന്നും ശിവകാർത്തികേയൻ പറഞ്ഞു. ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട അഭിമുഖത്തിൽ ശിവകാർത്തികേയൻ ചിത്രത്തിലെ നായികയായ സായ് പല്ലവിയെക്കുറിച്ച് പറഞ്ഞതാണിത് .

സായിയുടെ കഥാപാത്രത്തിന്റെ ഇൻട്രോ വീഡിയോ കഴിഞ്ഞ ദിവസം അണിയറ പ്രവർത്തകർ പുറത്തുവിട്ടിരുന്നു. മേജർ മുകുന്ദ് വരദരാജന്റെ ഭാര്യയും മലയാളിയുമായ ഇന്ദു റെബേക്ക വർഗീസ് ആയിട്ടാണ് സായി പല്ലവി അമരനിൽ എത്തുന്നത്. ചിത്രം ഒക്ടോബർ 31ന് ദീപാവലിക്ക് തിയേറ്ററുകളിലെത്തും. ജിവി പ്രകാശ് കുമാർ ആണ് അമരന്റെ സംഗീത സംവിധാനം. തമിഴിലും തെലുങ്കിലുമായിട്ടാണ് ചിത്രം ഒരുങ്ങുന്നത്.

സായ് പല്ലവി പങ്കെടുത്ത 'ഉങ്കളിൽ യാർ അടുത്ത പ്രഭുദേവ' എന്ന വിജയ് ടിവിയിലെ റിയാലിറ്റി ഷോ സംവിധാനം ചെയ്തത് രാജ്‌കുമാർ പെരിയസാമി ആയിരുന്നു. അത് കഴിഞ്ഞ് ഞാൻ ഹോസ്റ്റ് ചെയ്ത ഷോ അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. അതുകൊണ്ട് ഞങ്ങൾക്കെല്ലാവർക്കും ഒരുപാട് വർഷങ്ങൾക്ക് മുൻപേ അറിയാം. ഇത് ഒരു യഥാർത്ഥ കഥയായതിനാൽ അതിനെ ഒരു തിരക്കഥയാക്കി സംവിധായകൻ രാജ്‌കുമാർ പെരിയസാമി പറഞ്ഞ വിധം എനിക്ക് ഇഷ്ടപ്പെട്ടു', ശിവകാർത്തികേയൻ ചിത്രത്തെക്കുറിച്ച് അഭിപ്രായപ്പെട്ടു.

കമൽഹാസന്റെ രാജ്കമൽ ഫിലിംസ് ഇന്റർനാഷ്ണലും, സോണി പിക്‌ചേഴ്‌സ് ഇന്റർനാഷ്ണൽ പ്രൊഡക്ഷൻസും, ആർ.മഹേന്ദ്രനും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. രാജ്‌കുമാർ പെരിയസാമി ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഇന്ത്യൻ ആർമിയുടെ രജപുത്ര റെജിമെൻ്റിലെ കമ്മീഷൻഡ് ഓഫീസറായിരുന്നു മേജർ മുകുന്ദ് വരദരാജൻ. ജമ്മു കശ്മീരിലെ 44-ാമത് രാഷ്ട്രീയ റൈഫിൾസ് ബറ്റാലിയനിലേക്ക് ഡെപ്യൂട്ടേഷനിലായിരിക്കെ തീവ്രവാദ വിരുദ്ധ ഓപ്പറേഷനിൽ നടത്തിയ പ്രവർത്തനങ്ങൾക്ക് അദ്ദേഹത്തിന് മരണാനന്തര ബഹുമതിയായി രാജ്യം അശോക് ചക്ര നൽകി ആദരിച്ചിരുന്നു.

Sai Pallavi shivakarthikeyan AMARAN