ഏറെ നാളത്തെ പടലപ്പിണക്കങ്ങള്‍ക്ക് ശേഷം നിര്‍മാതാവ് സാന്ദ്ര തോമസിനെ പ്രൊഡ്യൂസേഴ്സ് അസോസിയേഷനില്‍ നിന്ന് പുറത്താക്കി. സംഘടനക്കെതിരെ അപകീര്‍ത്തികരമായ പ്രസ്താവന നടത്തിയ പശ്ചാത്തലത്തിലാണ് വനിതാ നിര്‍മാണതാവിനെ സംഘടന പുറത്താക്കിയത്. ഹേമകമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നശേഷം മലയാള സിനിമ മേഖലയിലുണ്ടായ സംഭവ വികാസങ്ങള്‍ക്ക് പിന്നാലെ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനിലും ഭിന്നത ഉടലെടുത്തിരുന്നു.
സംഘടനയ്ക്ക് എതിരെ രൂക്ഷ വിമര്‍ശവുമായി സാന്ദ്ര തോമസ് ഉള്‍പ്പെടെയുള്ള വനിതാ നിര്‍മാതാക്കള്‍ രംഗത്തെത്തിരുന്നു. ഇതിന്റെ പേരിലാണ് ഇപ്പോഴത്തെ അച്ചടക്ക നടപടിയെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷനില്‍ നേതൃമാറ്റം ആവശ്യപ്പെട്ട് നിര്‍മാതാക്കളായ സാന്ദ്ര തോമസും ഷീല കുര്യനും നേതൃത്വത്തിന് നേരത്തെ കത്ത് നല്‍കിയിരുന്നു. സംഘടനാ നേതൃത്വത്തിലുള്ളവര്‍ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനെ അമ്മയുടെ ഉപസംഘടന ആക്കുകയാണെന്ന വിമര്‍ശനമായിരുന്നു സാന്ദ്ര തോമസ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് നിര്‍മ്മാതാവ് ആന്റോ ജോസഫ്, സെക്രട്ടറി ബി രാകേഷ് എന്നിവര്‍ക്കയച്ച കത്തില്‍ ചൂണ്ടിക്കാട്ടിയത്.
'പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ അമ്മയുടെ ഉപസംഘടന, നിലകൊള്ളുന്നത് താരങ്ങള്‍ക്കൊപ്പം'; നേതൃത്വത്തില്‍ മാറ്റം വരണമെന്ന് നിര്‍മാതാവ് സാന്ദ്ര തോമസ്, സംഘടനയില്‍ ഭിന്നത സംഘടന ബാഹ്യശക്തികളുടെ നിയന്ത്രണത്തിലാണെന്നും ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നപ്പോള്‍ മൗനം പാലിച്ചു എന്നിങ്ങനെയുള്ള കുറ്റപ്പെടുത്തലുകളും സാന്ദ്ര ഉന്നയിച്ചിരുന്നു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ നടപ്പാക്കേണ്ട കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി സാന്ദ്ര തോമസ് നേതൃത്വത്തിനു കത്ത് നല്‍കിയത്.
സാന്ദ്ര ഉന്നയിച്ച ആവശ്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ നേതൃത്വം ഇടപെട്ട് യോഗവും വിളിച്ചിരുന്നു. ഈ യോഗം പ്രഹസനമായിരുന്നെന്നും സംഘടനയുടെ സമീപനം വനിതാ നിര്‍മാതാക്കളെ കളിയാക്കുന്നതിന് തുല്യമാണെന്നും സാന്ദ്ര കുറ്റപ്പെടുത്തിയിരുന്നു. ഇവര്‍ എഴുതിയ തുറന്ന കത്ത് അന്ന് വിവാദങ്ങള്‍ക്കു വഴിവച്ചിരുന്നു.
മലയാള സിനിമാ മേഖല സ്ത്രീ വിരുദ്ധമാണെന്നും പ്രൊഡ്യൂസേഴ്സ് അസോസിയേഷനിലും പവര്‍ ഗ്രൂപ്പ് ശക്തമാണെന്നുമാണ് സാന്ദ്രയുടെ ആരോപണം. പ്രൊഡ്യുസേഴ്‌സ് അസോസിയേഷന്‍ ഫിയോക്കിന് വേണ്ടിയാണ് നിലനില്‍ക്കൊളളുന്നത്. പ്രശ്‌നം പരിഹരിക്കാന്‍ വിളിച്ച ശേഷം താന്‍ അപമാനിക്കപ്പെട്ടുവെന്നാണ് സന്ദ്ര തുറന്ന കത്തില്‍ ആരോപിച്ചിരുന്നു.
അന്നുണ്ടായ മാനസികാഘാതത്തില്‍ നിന്ന് പൂര്‍ണമായി ഇപ്പോഴും മോചിതയായിട്ടില്ല. തനിക്കുണ്ടായ ദുരനുഭവം അസോസിയേഷനിലെ ഭാരവാഹികളെയും വിളിച്ചറിയിച്ചിട്ടും യാതൊരു നടപടിയോ പരിഹാരമോ ഈ കത്തെഴുതുന്ന നിമിഷം വരെ ഉണ്ടായിട്ടില്ലെന്നും സാന്ദ്ര കത്തില്‍ വ്യക്തമാക്കുന്നു. സ്ത്രീ സൗഹൃദാന്തരീക്ഷം ഉണ്ടാക്കുന്നതില്‍ പ്രൊഡ്യുസേഴ്‌സ് അസോസിയേഷന്‍ പരാജയപ്പെട്ടു. അതിനാല്‍ പ്രസിഡന്റും സെക്രട്ടറിയും രാജി വയ്ക്കണമെന്ന് സാന്ദ്ര കത്തില്‍ പറഞ്ഞിരുന്നു.