അമ്മയായതിനുശേഷമുള്ള ജീവിതത്തെക്കുറിച്ച് തുറന്നുപറഞ്ഞ് ബോളിവുഡ‍് നടി ആലിയ ഭട്ട്. ഗ്രേറ്റ് ഇന്ത്യൻ കപിൽ ഷോയിൽ വച്ചാണ് മകൾ റാഹയേക്കുറിച്ചും ഭർത്താവ് രൺബീർ കപൂറും മകളും തമ്മിലുള്ള ആത്മബന്ധത്തേക്കുറിച്ചുമൊക്കെ ആലിയ പങ്കുവെച്ചത്.
അമ്മയുടെ ഉത്തരവാദിത്തം ഏറ്റെടുത്തശേഷം തനിക്ക് ഒരുപാട് മാറ്റം സംഭവിച്ചുവെന്നും അത് തുറന്ന് സമ്മതിക്കാന്‍ തനിക്ക് ഒരു മടിയുമില്ലെന്നും ആലിയ പറന്നുണ്ട്. തന്റെ കാര്യത്തിനായി പലപ്പോഴും സമയം കണ്ടെത്താനാകുന്നില്ല. തന്റേതായ സമയങ്ങളില്ല. തെറാപ്പി സെഷന് പോലും കഴിഞ്ഞ രണ്ട് മാസമായി പോകാന്‍ കഴിഞ്ഞിട്ടില്ലെന്നും ആലിയ പറയുന്നുണ്ട്.
മകൾക്കൊപ്പം മണിക്കൂറുകളോളം ഗെയിമുകളിൽ ഏർപ്പെടുന്നയാളാണ് രൺബീർ എന്നും റാഹയ്ക്കായി മലയാളം താരാട്ടുപാട്ട് വരെ പഠിച്ചിട്ടുണ്ടെന്നും ആലിയ പറഞ്ഞു. മകൾക്കുവേണ്ടി 'ഉണ്ണീ വാവാവോ' എന്ന മലയാളം താരാട്ടുപാട്ട് രൺബീർ പാടാറുണ്ടെന്നാണ് ആലിയ പറഞ്ഞത്. റാഹയെ പരിചരിക്കുന്ന സ്ത്രീ വന്നപ്പോൾ മുതൽ ഈ താരാട്ടുപാട്ട് പാടിക്കൊടുക്കുന്നുണ്ട്. റാഹയ്ക്ക് ഉറങ്ങാൻ സമയമാകുമ്പോൾ മാമാ വാവോ, പാപാ വാവോ എന്നുപറഞ്ഞ് ഉറങ്ങണമെന്ന് ആവശ്യപ്പെടാറുണ്ടെന്നും ആലിയ പറയുന്നു. അങ്ങനെയാണ് രൺബീർ ഈ താരാട്ടുപാട്ട് പാടിച്ചതെന്നും ആലിയ പറഞ്ഞു.
അതോടൊപ്പം, റാഹയോടൊപ്പമുള്ള ജീവിതത്തിലെ മൂന്ന് മനോഹരമായ നിമിഷങ്ങളെ കുറിച്ചും ആലിയ മനസ് തുറക്കുന്നുണ്ട്. 'ഏറ്റവും മികച്ച നിമിഷങ്ങള്‍ ഏതെന്ന് ചോദിച്ചാല്‍ ആദ്യം ഓര്‍മയിലെത്തുക ഗര്‍ഭിണിയായിരിക്കുമ്പോള്‍ റാഹ വയറ്റില്‍ ആദ്യമായി ചവിട്ടിയതാണ്. അതൊരു പ്രത്യേക അനുഭവമായിരുന്നു. ഹോളിവുഡ് ചിത്രം ഹാര്‍ട്ട് ഓഫ് സ്റ്റോണിന്റെ ഷൂട്ടിങ് സമയത്താണ് അത് സംഭവിച്ചത്. അതൊരു പ്രത്യേക അനുഭവമായിരുന്നു.'- ആലിയ വ്യക്തമാക്കുന്നു. അന്ന് രാത്രി തന്നെ അക്കാര്യം രണ്‍ബീറിനെ വിളിച്ചറിയിച്ചുവെന്നും ആലിയ പറയുന്നു.
റാഹ ആദ്യമായി അമ്മയെന്ന് വിളിച്ച നിമിഷവും ഒരിക്കലും മറക്കാനാകില്ലെന്ന് ആലിയ പറയുന്നു. 'അവള്‍ ആദ്യമായി എന്നെ അമ്മ എന്ന് വിളിച്ചത് ഒരിക്കലും മറക്കാനാകില്ല. 'മമ്മ' എന്നാണ് അവള്‍ വിളിച്ചുതുടങ്ങിയത്. ആ സമയത്ത് ഞാനും അവളും മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളു. കളിച്ചു കൊണ്ടിരിക്കുന്നതിനിടയിലാണ് 'മമ്മ' എന്ന് വിളിച്ചത്.'- ആലിയ കൂട്ടിച്ചേര്‍ക്കുന്നു.
എന്റെ മകള്‍ പിറന്ന നിമിഷവും ഞാന്‍ ജീവിതത്തില്‍ ഒരിക്കലും മറക്കില്ല. 'അവള്‍ പുറത്തുവന്നപ്പോള്‍ ആദ്യമായി കരഞ്ഞത് ഇപ്പോഴും എന്റെ ചെവിയിലുണ്ട്. ദൈവത്തെ കണ്ടുമുട്ടിയതുപോലെയൊക്കെയാണ് ആ നിമിഷം എനിക്ക് തോന്നിയത്. ഏറെ വൈകാരികമായിരുന്നു അത്. എന്റെ ജീവിതത്തിന്റെ ലക്ഷ്യം നിറവേറ്റിയതുപോലെ എനിക്കുതോന്നി.'- ആലിയ പറഞ്ഞു.