നടൻ നാഗ ചൈതന്യയുടെയും നടി ശോഭിത ധൂലിപാലയുടെയും വിവാഹ ആഘോഷങ്ങൾക്ക് ഗോധുമ റായി പശുപൂ ആചാരത്തോടെ തുടക്കമായി.
തെലുങ്ക് ജനതയുടെ പരമ്പരാഗതമായ ചടങ്ങുകളിൽ ഒന്നായ ഗോധുമ റായി പശുപൂ വിവാഹാഘോഷങ്ങളിലെ പ്രധാന ഘടകമാണ്. വധുവിന് സന്തോഷവും സമൃദ്ധിയും വിജയകരമായ ദാമ്പത്യജീവിതവും ഉണ്ടാവാനായി നടത്തുന്ന ഒരു പുണ്യ ചടങ്ങാണ് ഇത്. കുടുംബം, ആത്മീയത, സമൂഹം എന്നിവയുടെ പ്രാധാന്യം ഊന്നിപ്പറയുന്നു ഈ ആചാരം.
‘അങ്ങനെ അത് ആരംഭിക്കുന്നു’ എന്ന കുറിപ്പോടെ തന്റെ ഗോധുമ റായി പശുപു ദഞ്ചത്തിൽ നിന്നുള്ള ഫോട്ടോകൾ ശോഭിത സമൂഹമാധ്യമങ്ങളിൽ പങ്കിട്ടത് ഇതിനോടകം വൈറലാണ്. മനോഹരമായ പിങ്ക് സിൽക്ക് സാരിയായിരുന്നു ശോഭിതയുടെ വേഷം. സ്വർണാഭരണങ്ങൾ ധരിച്ചു, മുല്ലപ്പൂ ചൂടി പരമ്പരാഗത ലുക്കിലായിരുന്നു ശോഭിത.
ഓഗസ്റ്റ് 8നായിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം. വിവാഹ തിയതി ഇതുവരെ ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല.