അച്ഛൻ കുടിച്ച് വന്നിട്ട് അമ്മയെ ഉപദ്രവിക്കും, മുറിയിൽ പൂട്ടിയിട്ട് എനിക്ക് ഭക്ഷണം പോലും തന്നിട്ടില്ല; ബാലക്കെതിരെ മകൾ

എന്റെ അമ്മയേയും ആന്റിയേയും അമ്മാമ്മയേയും ബാധിക്കുന്ന പ്രധാന വിഷയത്തെ കുറിച്ചാണ് സംസാരിക്കുന്നത്. ഇതിനെ കുറിച്ച് സംസാരിക്കാൻ പോലും സത്യത്തിൽ എനിക്ക് താൽപര്യമില്ല.

author-image
Anagha Rajeev
New Update
Actor Bala

ബാലയ്‌ക്കെതിരെ രംഗത്തെത്തി മകൾ അവന്തിക. വിവാഹമോചനത്തിന് ശേഷം മകളെ കാണിക്കാൻ പോലും മുൻ ഭാര്യ ഗായിക അമൃത സുരേഷ് തയ്യാറാകുന്നില്ലെന്ന് ആരോപിച്ച് ബാല എന്നും രംഗത്തെത്തുന്നുണ്ട്. മകളെ തന്നിൽ നിന്നും അമൃത അകറ്റുകയാണ് എന്നാണ് ബാല ആരോപണം. ഈ ആരോപണങ്ങളോട് ആദ്യമായി പ്രതികരിച്ചിരിക്കുകയാണ് പാപ്പു എന്ന് വിളിക്കുന്ന മകൾ അവന്തിക.

അച്ഛൻ പറയുന്നത് പച്ചക്കള്ളമാണ് എന്നാണ് അവന്തിക പറയുന്നത്. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിലാണ് മകൾ സംസാരിച്ചത്. ”എന്റെ അമ്മയേയും ആന്റിയേയും അമ്മാമ്മയേയും ബാധിക്കുന്ന പ്രധാന വിഷയത്തെ കുറിച്ചാണ് സംസാരിക്കുന്നത്. ഇതിനെ കുറിച്ച് സംസാരിക്കാൻ പോലും സത്യത്തിൽ എനിക്ക് താൽപര്യമില്ല. പക്ഷേ എന്റെ കുടുംബം വിഷമിക്കുന്നത് കണ്ട് ഞാൻ മടുത്തു.”

”അത് മാത്രവുമല്ല എന്നേയും ഇത് വളരെ അധികം ബാധിക്കുന്നുണ്ട്. എന്നേയും എന്റെ അമ്മയെ കുറിച്ചും തെറ്റായ വാർത്തകൾ വന്നു കൊണ്ടിരിക്കുകയാണ്. സ്‌കൂളിൽ പോകുമ്പോൾ കൂട്ടുകാർ ഇത് സത്യമാണോ ശരിക്കും ഇതൊക്കെ നടന്നതാണോ എന്നൊക്കെ ചോദിക്കും. എല്ലാവരും കരുതുന്നത് ഞാനും എന്റെ അമ്മയും മോശമാണെന്നാണ്. എന്നാൽ അതല്ല സത്യം.”

ഞാൻ എന്റെ അച്ഛനെ കുറിച്ചാണ് സംസാരിക്കുന്നത്. അദ്ദേഹം പല അഭിമുഖത്തിലും പറയുന്നുണ്ട് എന്നെ ഇഷ്ടമാണ്, എന്നെ ഭയങ്കര മിസ് ചെയ്തു, എനിക്ക് ഗിഫ്‌റ്റൊക്കെ അയക്കാറുണ്ടെന്നൊക്കെ. ഇതൊന്നും ശരിയല്ല. എന്റെ അച്ഛനെ സ്‌നേഹിക്കാൻ എനിക്കൊരു കാരണം പോലുമില്ല. അത്രയും എന്നേയും എന്റെ കുടുംബത്തേയും മാനസികമായും ശാരീരികമായും ദ്രോഹിച്ചിട്ടുണ്ട്.”

”ഞാൻ കുഞ്ഞായിരുന്നപ്പോൾ അദ്ദേഹം കുടിച്ച് വന്നിട്ട് അമ്മയെ ഉപദ്രവിക്കുമായിരുന്നു. എനിക്ക് എന്ത് ചെയ്യാൻ പറ്റും ഞാൻ കുഞ്ഞല്ലേ. എന്റെ അമ്മ എന്നെ വളരെ നന്നായി നോക്കുന്നുണ്ട്. ഒറ്റക്കാര്യത്തിന് പോലും തല്ലിയിട്ടില്ല. അച്ഛൻ അമ്മയെ ഭയങ്കരമായി ദ്രോഹിച്ചിട്ടുണ്ട്. ഇപ്പോഴും ഞാൻ ഓർക്കുന്നുണ്ട്, ഒരു തവണ അദ്ദേഹം വളരെ അധികം മദ്യപിച്ച് വന്നിട്ട് ഒരു ഗ്ലാസ് കുപ്പി എറിഞ്ഞു.”

”എന്റെ അമ്മ തടുത്തില്ല എങ്കിൽ അത് എന്റെ തലയിൽ വന്ന് ഇടിച്ചേനെ. ഒരു തവണ കോടതിയിൽ നിന്ന് എന്നെ വലിച്ചിഴച്ച് ചെന്നൈയിലേക്ക് കൊണ്ടുപോയിട്ടുണ്ട്. ഒരു മുറിയിൽ പൂട്ടിയിട്ട് എനിക്ക് ഭക്ഷണം പോലും തന്നിട്ടില്ല. അമ്മയെ വിളിക്കാൻ പോലും സമ്മതിച്ചില്ല. ഇങ്ങനെയുള്ള ആളുകളെ വിശ്വസിക്കരുത്. അദ്ദേഹം പറയുന്നത് പച്ചക്കളളമാണ്” എന്നാണ് അവന്തിക പറയുന്നത്.

actor bala