പ്രഭാസ് എഴുത്തുകാരെ തേടുന്നു: പുതുമുഖ തിരക്കകഥാകൃത്തുക്കള്‍ക്ക്‌ അവസരവുമായി പ്രഭാസിന്‍റെ  പുതിയ വെബ്സൈറ്റ്

പ്രഭാസ് ആരംഭിക്കുന്ന പുതിയ  വെബ്സൈറ്റായ  ദി സ്ക്രിപ്റ്റ് ക്രാഫ്റ്റില്‍ എഴുത്തുകാര്‍ക്ക് അവരുടെ പക്കലുള്ള   തിരക്കഥയുടെ ആശയം   സമര്‍പ്പിക്കാം.

author-image
Anagha Rajeev
New Update
prabhas

സ്വന്തം തിരക്കഥയുമായി  സിനിമ  എന്ന സ്വപ്നത്തിലേയ്ക്ക് എത്താന്‍  ഏറെ നാളായി അലഞ്ഞു തിരിഞ്ഞു കഷ്ട്ടപ്പെടുന്ന നിരവധി ചെറുപ്പക്കാര്‍ നമുക്ക് ചുറ്റുമുണ്ട്. അത്തരക്കാര്‍ക്കായി ഇതാ സൂപ്പര്‍ സ്റ്റാര്‍ പ്രഭാസ് അവസരങ്ങളുടെ ഒരു പുതിയ  ലോകം തുറന്നിടുന്നു. പ്രഭാസ് ആരംഭിക്കുന്ന പുതിയ  വെബ്സൈറ്റായ  ദി സ്ക്രിപ്റ്റ് ക്രാഫ്റ്റില്‍ എഴുത്തുകാര്‍ക്ക് അവരുടെ പക്കലുള്ള   തിരക്കഥയുടെ ആശയം   സമര്‍പ്പിക്കാം. ഉന്നത നിലവാരത്തിലുള്ള സ്പെഷ്യൽ എഫക്ടുളും നിർമാണ രീതികളുമായി ഇന്ത്യൻ സിനിമയെ പുതിയ ഉയരങ്ങളിലേക്ക് എത്തിച്ച പ്രഭാസ്  ചിത്രങ്ങളായിരുന്നു   ബാഹുബലിയും കല്‍ക്കിയും.എന്നാല്‍   ഗ്രാഫിക്സിനപ്പുറം കെട്ടുറപ്പുള്ള, വൈവിധ്യമായ ഒരു  കഥാപശ്ചാത്തലം കൂടി ഈ രണ്ടു ചിത്രങ്ങള്‍ക്കും ഉണ്ടായിരുന്നു. ഇത്തരം വൈവിധ്യമായ കഥകളോടുള്ള  അഭിനിവേശവും  പ്രഭാസിന്‍റെ പാന്‍ ഇന്ത്യന്‍ സൂപ്പര്‍ സ്റ്റാര്‍ എന്ന വിശേഷണത്തിന് മാറ്റ് കൂട്ടുന്നുണ്ട്. ഇത്തരത്തിലുള്ള   പുതിയ  കഥകള്‍ കണ്ടെത്തുന്നതിന്‍റെ ഭാഗമായിട്ടാണ്  പ്രഭാസിന്‍റെ ഈ വേറിട്ട  പരീക്ഷണം.

250 വാക്കുകളില്‍  ഒതുങ്ങി നിന്നായിരിക്കണം ആശയം സമര്‍പ്പിക്കേണ്ടത്‌. ഈ ആശയങ്ങള്‍ പ്രേക്ഷകര്‍ക്ക്‌  വായിക്കാനും അഭിപ്രായങ്ങള്‍ പങ്കുവയ്ക്കാനും ആശയത്തിന്‍റെ നിലവാരമനുസരിച്ചു  റേറ്റിംഗ് നല്‍കാനും അവസരമുണ്ട്. ഏറ്റവും കൂടുതല്‍ റേറ്റിംഗ് ലഭിക്കുന്ന  ചലച്ചിത്ര ആശയങ്ങള്‍  തെരെഞ്ഞെടുത്തു സിനിമ ആക്കും.  വെബ്സൈറ്റ് ലോഞ്ചിംഗിന്റെ ഭാഗമായി  സ്വന്തം ഇഷ്ട്ടതാരത്തെ ഒരു സൂപ്പര്‍ ഹീറോ ആയി സങ്കല്‍പ്പിച്ചു 3500 വാക്കില്‍ ഒതുങ്ങി നില്‍ക്കുന്ന ഒരു കഥാമത്സരവും എഴുത്തുകാര്‍ക്കായി  പ്രഭാസ്  ഒരുക്കുന്നുണ്ട്‌.  പ്രേക്ഷകരുടെ വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിലായിരിക്കും മത്സരത്തിന്‍റെ വിജയിയെ തീരുമാനിക്കുന്നത്. മത്സരത്തിലെ വിജയികള്‍ക്ക് പ്രഭാസിന്‍റെ  വരാനിരിക്കുന്ന സിനിമകളില്‍ സഹ സംവിധായകനായോ, സഹ രചയിതാവയോ പ്രവര്‍ത്തിക്കാനുള്ള അവസരം ലഭിക്കുന്നതാണ്. പ്രശസ്ത തെലുങ്ക് നിര്‍മ്മാതാവായ പ്രമോദ് ഉപ്പളപദിയും സംവിധായകന്‍  വൈഷ്ണവ് താള്ളായുമാണ്   ദി സ്ക്രിപ്റ്റ് ക്രാഫ്റ്റ്  എന്ന വെബ്സൈറ്റിന്‍റെ സ്ഥാപകര്‍.   ദി സ്ക്രിപ്റ്റ് ക്രാഫ്റ്റ് തെരഞ്ഞെടുക്കുന്ന കഥകളെ ഓഡിയോ ബുക്ക് പ്ലാറ്റ് ഫോമിലൂടെ പ്രേക്ഷകരുടെ മുന്നിലേയ്ക്ക് എത്തിക്കാനും പ്രഭാസ്  പദ്ധതിയിടുന്നുണ്ട്. പ്രഭാസ് തന്‍റെ   ഇന്‍സ്റ്റാഗ്രാം പേജിലൂടെയാണ്   ഈ വാര്‍ത്ത പുറത്തുവിട്ടത്. പുതിയ എഴുത്തുകാരെ പ്രോത്സാഹിപ്പിക്കുന്നതിനും സിനിമ എന്ന സ്വപ്നത്തിലേയ്ക്കു കൈപിടിച്ചുയര്‍ത്തുന്നതിനുമാണ്  പ്രഭസിന്‍റെ ഈ പുതിയ ഉദ്യമം.

movie update