റീ റിലീസിന് ഒരുങ്ങി ഒരു വടക്കൻ വീര​ഗാഥ; പി വി ​ഗം​ഗാധരൻ ഒരുപാട് ആ​ഗ്രഹിച്ചിരുന്നെന്ന് മമ്മൂട്ടി

ഇപ്പോഴിതാ റീ റിലീസിംഗ് വേളയിൽ ചിത്രത്തെക്കുറിച്ച് പറയുകയാണ് മമ്മൂട്ടി. ഈ റീ റിലീസ് ഏറ്റവും ആഗ്രഹിച്ചയാളെപ്പറ്റിയും അദ്ദേഹം പറയുന്നുണ്ട്.

author-image
anumol ps
New Update
oru vakkan veeragatha

മലയാള സിനിമയിലെ റീ റിലീസ് ട്രെൻഡിൽ അടുത്തതായി എത്തുന്ന ചിത്രം മമ്മൂട്ടി നായക കഥാപാത്രത്തെ അവതരിപ്പിച്ച മലയാളത്തിലെ ക്ലാസിക്കുകളിലൊന്നായി വിലയിരുത്തപ്പെടുന്ന ഒരു വടക്കൻ വീരഗാഥയാണ്. എംടിയുടെ തിരക്കഥയിൽ ഹരിഹരൻ സംവിധാനം ചെയ്ത് 1989 ൽ പുറത്തെത്തിയ ചിത്രമാണ് ഒരു വടക്കൻ വീര​ഗാഥ. വടക്കൻ പാട്ടിലെ ചതിയൻ ചന്തുവിനെ എംടി വേറിട്ട രീതിയിൽ നോക്കിക്കണ്ടപ്പോൾ പിറന്നത് മമ്മൂട്ടിയുടെ എക്കാലത്തെയും മികച്ച പ്രകടമാണ്. ഇപ്പോഴിതാ റീ റിലീസിംഗ് വേളയിൽ ചിത്രത്തെക്കുറിച്ച് പറയുകയാണ് മമ്മൂട്ടി. ഈ റീ റിലീസ് ഏറ്റവും ആഗ്രഹിച്ചയാളെപ്പറ്റിയും അദ്ദേഹം പറയുന്നുണ്ട്.

"ഒരു വടക്കൻ വീരഗാഥ. മലയാള സിനിമയ്ക്കും പ്രത്യേകിച്ച് വ്യക്തിപരമായി എനിക്കും ഒരുപാട് നേട്ടങ്ങൾ നേടിത്തന്ന സിനിമയാണ്. പ്രിയപ്പെട്ട എംടി തിരക്കഥയെഴുതി, ഹരിഹരൻ സാർ സംവിധാനം ചെയ്ത്, ഗൃഹലക്ഷ്മി പ്രൊഡക്ഷൻസ് നിർമ്മിച്ച്, 1989 ൽ റിലീസ് ചെയ്ത ഈ സിനിമ വീണ്ടും പുതിയ സാങ്കേതികവിദ്യയോടുകൂടി റിലീസ് ചെയ്യപ്പെടുകയാണ്. ഈ സിനിമ 4കെ അറ്റ്മോസിൽ റിലീസ് ആവണമെന്ന് ഒരുപാട് ആഗ്രഹിച്ചയാളാണ് പിവിജി (പി വി ഗംഗാധരൻ, ഗൃഹലക്ഷ്മി പ്രൊഡക്ഷൻസ്). അതിനെക്കുറിച്ച് ഞങ്ങൾ തമ്മിൽ ഒരുപാട് സംസാരിച്ചിട്ടുമുണ്ട്. അന്ന് എന്തുകൊണ്ടോ അത് നടക്കാതെപോയി. ഇന്ന് അദ്ദേഹത്തിൻറെ മക്കൾ ആ സ്വപ്നം സാക്ഷാത്കരിക്കുകയാണ്. നേരത്തെ കണ്ടവർക്ക് വീണ്ടും ഒരിക്കൽക്കൂടി കാണാനും പുതിയ കാഴ്ചക്കാർക്ക് പുതിയ കാഴ്ച, ശബ്ദ മിഴിവോടെ കാണുവാനുമുള്ള അവസരം ഗൃഹലക്ഷ്മി പ്രൊഡക്ഷൻസ് ഒരുക്കിയിരിക്കുകയാണ്", മമ്മൂട്ടി പറയുന്നു. ചിത്രത്തിൻറെ റീ റിലീസ് ടീസർ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു.

കഴിഞ്ഞ വർഷമായിരുന്നു പി വി ഗംഗാധരൻറെ വിയോഗം. അദ്ദേഹത്തിൻറെ മക്കളായ ഷെനുഗ, ഷെഗ്ന, ഷെർഗ എന്നിവർ ചേർന്ന് ആരംഭിച്ച എസ് ക്യൂബ് ഫിലിംസ് സിനിമകൾ നിർമ്മിച്ചിട്ടുണ്ട്. 

mammootty rerelease oru vadakkan veeragatha