ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വന്നതിനു പിന്നാലെ മലയാള സിനിമയില്‍ നടിമാർ അനുഭവിക്കുന്ന പ്രതിസന്ധികളെയും പീഡനങ്ങളെയും കുറിച്ചുള്ള അമ്പരപ്പിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നത്. ഇപ്പോഴിതാ ഞെട്ടിപ്പിക്കുന്ന സംഭവം പങ്കുവച്ചിരിക്കുകയാണ് സംവിധായകന്‍ ആലപ്പി അഷ്‌റഫ്. എണ്‍പതുകളില്‍ മലയാള സിനിമയില്‍ സൂപ്പര്‍ നായികയായിരുന്ന ഒരു നടിക്കുണ്ടായ അനുഭവമാണ് ആലപ്പി അഷറഫ് വെളിപ്പെടുത്തിയിരിക്കുന്നത്.
മലയാളത്തിലും അന്യഭാഷാചിത്രങ്ങളിലും അഭിനയിച്ചിട്ടുള്ള, നിരവധി ആരാധകരുണ്ടായിരുന്ന ഒരു നടിക്ക് അമേരിക്കയിലെ ന്യൂയോര്‍ക്കില്‍ വച്ച് ദുരനുഭവം ഉണ്ടായതായി ആലപ്പി അഷറഫ് പറയുന്നു. സിനിമയില്‍ അഭിനയിക്കാനെന്ന പേരില്‍ ഒരു സംഘം നടിയെ അമേരിക്കയിലേക്ക് കൂട്ടികൊണ്ടുപോയി. തുടര്‍ന്ന് ന്യൂയോര്‍ക്കില്‍ വച്ച് ഈ നടി കൂട്ടബലാത്സംഗത്തിന് ഇരയായതായും സംവിധായകന്‍ വെളിപ്പെടുത്തുന്നു. ആലപ്പി അഷറഫ് തന്റെ യൂട്യൂബ് ചാനലിലൂടെയാണ് ഈ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്.
കേരളത്തിനകത്തും പുറത്തും പരിപാടികള്‍ സംഘടിപ്പിക്കാറുണ്ടായിരുന്ന താരാ ആര്‍ട്‌സ് വിജയന്‍ ആണ് നടിയെ അന്ന് ന്യൂയോര്‍ക്കില്‍ നിന്ന് രക്ഷിച്ച് നാട്ടിലേക്ക് തിരിച്ചയച്ചതെന്നും ആലപ്പി അഷ്റഫ് പറഞ്ഞു.
ആലപ്പി അഷറഫ് പറഞ്ഞത്.
''1982ല്‍ മിമിക്രി എന്ന കല ആദ്യമായി അമേരിക്കയില്‍ കൊണ്ടു വന്നത് ഞാനായിരുന്നു. അന്ന് ഞാനും ബേബി ശാലിനിയും രോഹിണിയും ഉൾപ്പെട്ട ഒരു ചെറിയ ഗ്രൂപ്പ് അമേരിക്കയില്‍ പോയി പ്രോഗ്രാം ചെയ്തു. അത് വലിയ വിജയമായിരുന്നു. അതിന്റെ സ്‌പോണ്‍സര്‍ഷിപ്പ് വഹിച്ചത് താരാ ആര്‍ട്‌സ് വിജയനായിരുന്നു. ഞങ്ങള്‍ വിജയേട്ടാ എന്ന് സ്‌നേഹപൂര്‍വം വിളിക്കാറുള്ള മനുഷ്യനാണ്. തിക്കുറിശ്ശിയുടെ കാലം മുതൽ
ഇന്നത്തെ തലമുറയില്‍ ഉള്ളവര്‍ക്കൊപ്പവും എല്ലാവര്‍ഷവും അദ്ദേഹം പ്രോഗ്രാം നടത്താറുണ്ട്. ഞാനിവിടെ പറയാന്‍ ഉദ്ദേശിക്കുന്ന സംഭവത്തിന്റെ ജീവിച്ചിരിക്കുന്ന ഒരേയൊരു സാക്ഷി വിജയേട്ടനാണ്. മലയാളത്തില്‍ നസീറിനൊപ്പം നായികയായിട്ട് അഭിനയിച്ചിരുന്ന ഒരു നടിയാണ് അവര്‍, അന്യഭാഷ ചിത്രങ്ങളിലും നായികയായി തിളങ്ങിയിട്ടുണ്ട് . നിരവധി ആരാധകരുള്ള ഒരു നടി. ഞാനൊക്കെ അവരുടെ കടുത്ത
ആരാധകനായിരുന്നു. .
കോളജില്‍ പഠിക്കുന്ന സമയത്ത് യൂത്തിനെ ആകര്‍ഷിക്കുന്ന അവരുടെ ഒരു ചിത്രം വലിയ ഹിറ്റായി. വീണ്ടും പല ഭാഷകളിലും അത് റീമേക്ക് ചെയ്തു. ചില ഭാഷകളിൽ അവര്‍ തന്നെ നായികയായിട്ടും അഭിനയിച്ചു.അപ്പോഴാണ് അവര്‍ക്ക് അമേരിക്കയില്‍ നിന്ന് ഒരു ഫോണ്‍ കോൾ വരുന്നത്. ഹിന്ദിയിലാണ് ഫോണ്‍വിളിച്ചവർ അവരോട് സംസാരിച്ചത്. തുടര്‍ന്ന് ഇംഗ്ലിഷിലും ഹിന്ദിയിലുമൊക്കെ നടിയോടു സംസാരിച്ചു. 'ഒരു ചിത്രം അമേരിക്കയിൽ ഷൂട്ടിങ് ആരംഭിച്ചു അതില്‍ അവര്‍ക്ക് ജോയിന്‍ ചെയ്യാന്‍ കഴിയുമോ വലിയ റോളാണ് ' എന്നായിരുന്നു ഫോണ്‍ വിളിച്ചവര്‍ നടിയോടു പറഞ്ഞത്. അവരെ കിട്ടണമെന്ന് സംവിധായകൻ നിര്‍ബന്ധിക്കുന്നുവെന്നും പറഞ്ഞു. ഈ നായിക അത് വിശ്വസിച്ചു. അവര്‍ അത് ചെയ്യാമെന്ന് വാക്ക് നൽകി. ബാക്കിയുള്ള ഇടപാടുകളൊക്കെ അവര്‍ തമ്മില്‍ സംസാരിച്ചു, എഗ്രിമെന്റ് ആയി. എത്രയും വേഗം ജോയിന്‍ ചെയ്യണമെന്ന് പറഞ്ഞ് വിസ അയച്ചു. നടി നേരെ അമേരിക്കയിലേക്ക് പറന്നു.
എയര്‍പോര്‍ട്ടില്‍ വന്നിറങ്ങിയ അവരെ വളരെ സ്‌നേഹപൂര്‍വം സ്വീകരിച്ച് ഒരു ഫ്‌ലാറ്റില്‍ കൊണ്ട് താമസിപ്പിച്ചു. അവിടെ അവര്‍ക്കു വേണ്ട സൗകര്യങ്ങളൊക്കെ ചെയ്തുകൊടുത്ത ശേഷം നടിയോടു വിശ്രമിക്കാന്‍ പറഞ്ഞു. വൈകുന്നേരം ആയപ്പോള്‍ രണ്ടുപേര്‍ മദ്യപിച്ച് അവരുടെ മുന്നിലേക്ക് എത്തുന്നു. അവരുടെ പെരുമാറ്റ രീതികളെല്ലാം കണ്ട് നടി അമ്പരന്നു. അപ്പോഴാണ് അവര്‍ക്ക് മനസ്സിലായത് താന്‍ ഒരു കുടുക്കിൽ പെട്ടിരിക്കുന്നു എന്ന്. അവര്‍ നടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു. ശരിക്കും ഇവര്‍ സിനിമാക്കാരോ സിനിമയുമായി യാതൊരു ബന്ധമോ ഉള്ളവര്‍ ആയിരുന്നില്ല. അവരെല്ലാം ന്യൂയോര്‍ക്ക് നഗരത്തിലെ ഒരു അണ്ടര്‍വേള്‍ഡില്‍ പെട്ടവരായിരുന്നു. ഈ ഗ്യാങ്ങിന്റെ ഒരു പദ്ധതിയിലാണ് നമ്മുടെ മലയാളത്തിലെ പ്രിയപ്പെട്ട ആ നായിക കെണിയില്‍ വീണത്. താന്‍ അകപ്പെട്ടു എന്ന് അറിഞ്ഞ അവര്‍ കൈകൂപ്പി അപേക്ഷിച്ചു, ഉറക്കെ വാവിട്ടു നിലവിളിച്ചു, എന്നാൽ അവരുടെ നിലവിളികൾ ആരും കേട്ടില്ല.
പീഡനം തുടര്‍ന്നുകൊണ്ടേയിരുന്നു. എല്ലാ പ്രതീക്ഷകളും നഷ്ട്ടപ്പെട്ട നടി തന്റെ അന്ത്യം ഇവിടെയാണെന്ന് ഉറപ്പിച്ചു. തന്നെ രക്ഷപ്പെടുത്താന്‍ ആരും വരില്ല , തനിക്കിനി എങ്ങനെ രക്ഷപ്പെടാന്‍ സാധിക്കുമെന്ന് അവർ ചിന്തിച്ചു. അങ്ങനെ ദിവസങ്ങള്‍ കടന്നു പോയി. അവരെ നിരീക്ഷിക്കുന്നതിനായി സെക്യൂരിറ്റിക്കാരെയും ഏർപ്പെടുത്തിയിരുന്നു അവര്‍ക്ക് ആവശ്യമുള്ള ഭക്ഷണവും വെള്ളവും എല്ലാം അവിടെ കിട്ടും .എന്നാൽ അത്തരത്തിൽ അവർ കുരുക്കിൽ പെട്ടുകിടക്കുകയാണ് .
ഒരു ദിവസം എല്ലാവരും പെട്ടെന്ന് പുറത്തു പോയ തക്കം നോക്കി ഇവര്‍ നമ്മുടെ താര ആര്‍ട്‌സ് വിജയനെ കുറിച്ച് ആലോചിച്ചു. അദ്ദേഹത്തിന്റെ നമ്പര്‍ അവര്‍ക്ക് മനഃപാഠമായിരുന്നു. പെട്ടെന്ന് തന്നെ ലാന്‍ഡ് ഫോണില്‍ വിജയേട്ടനെ വിളിച്ചു. വിജയേട്ടൻ ഫോണ്‍ എടുത്തു. നടന്ന സംഭവങ്ങള്‍ മുഴുവന്‍ വിജയേട്ടനോട് അവര്‍ വിവരിച്ചു . വിജയേട്ടനും ആകെ അന്തം വിട്ടുപോയി. അന്ന് വിജയേട്ടന്‍ ന്യൂയോര്‍ക്കില്‍ ടെലികോം എന്‍ജിനീയര്‍ ആയി ജോലിചെയുകയായിരുന്നു.
അദ്ദേഹം പെട്ടെന്ന് തന്നെ ഫോണ്‍ വന്ന പ്രദേശം മനസ്സിലാക്കി. പക്ഷേ ആ കെട്ടിടം കണ്ടെത്താൻ ബുദ്ധിമുട്ടായിരുന്നു. 'കാത്തിരിക്കൂ , ഞാന്‍ ഇപ്പോള്‍ എത്താമെന്നു' വിജയേട്ടൻ പറഞ്ഞു. അദ്ദേഹം താമസിക്കുന്നത് ന്യൂ ജേഴ്‌സിയിലാണ്. അവിടെ നിന്നു പെട്ടെന്ന് തന്നെ കോള്‍ വന്ന സ്ഥലത്തെത്തി. എവിടെ തിരയണമെന്ന് അറിയില്ല. കുറച്ച് സമയത്തിനുള്ളില്‍ ഈ സംഘം അവിടെ തിരിച്ചെത്തുകയും ചെയ്യും. അതിനു മുന്‍പ് അവരെ അവിടുന്ന് പുറത്ത് എത്തിക്കണം. അങ്ങനെ ഒരു സാഹചര്യമായിരുന്നു.
വിജയേട്ടന്‍ അവരോട് ജനല്‍ തുറക്കാന്‍ ആവശ്യപ്പെട്ടു, ജനലില്‍ കൂടി എന്ത് കാണാമെന്ന് ചോദിച്ചു. അവര്‍ കാണാവുന്ന കെട്ടിടങ്ങളും അതിലെ നെയിം ബോർഡുകളും പറഞ്ഞു കൊടുത്തു.അത് വച്ച് വിജയേട്ടന്‍ ഏകദേശം ഐഡിയ മനസ്സിലാക്കി. അവരോട് തന്റെ വണ്ടി ഇന്ന സ്ഥലത്തുണ്ട് പെട്ടെന്ന് ഇറങ്ങി വരാന്‍ പറഞ്ഞു. നടി അത്യാവശ്യ സാധനങ്ങളും എടുത്തു പെട്ടെന്ന് ഇറങ്ങി, താഴെ വന്ന് വിജയേട്ടന്റെ വണ്ടിയില്‍ കയറി. ഈ രംഗങ്ങള്‍ പല സിനിമക്കാര്‍ക്കും അറിയാവുന്നതുകൊണ്ട് പല സിനിമയിലും റി ക്രിയേറ്റ് ചെയ്ത് ഉപയോഗിച്ചിട്ടുണ്ട്. അങ്ങനെ വിജയേട്ടന്‍ പെട്ടെന്ന് വണ്ടി ഒറ്റ പോക്ക് പോയി.
ഏതെങ്കിലും ഹോട്ടലില്‍ റൂമെടുത്ത് താമസിച്ചാല്‍ അദ്ദേഹത്തിന് കൂടി പ്രശ്‌നമാകുമെന്ന് മനസിലാക്കി എയര്‍പോര്‍ട്ടിലേക്ക് തന്നെ വണ്ടി അവരെ വണ്ടി കയറ്റി വിട്ടു. അന്നത്തെ കാലത്ത് അതൊക്കെ എളുപ്പമായിരുന്നു. അവിടെ നിന്ന് തന്നെ പെട്ടെന്ന് ടിക്കറ്റ്എ ടുത്തു. അപ്പോഴേക്കും നടിയെ തട്ടിക്കൊണ്ടുപോയ ഗ്യാങ് വെളിയില്‍ വന്നു കാവല്‍ നില്‍ക്കുന്നത് അവര്‍ക്ക് ഉള്ളില്‍നിന്ന് കാണാമായിരുന്നു എന്ന് വിജയേട്ടന്‍ പറഞ്ഞു. പലരും അങ്ങോട്ടും ഇങ്ങോട്ടും ഒക്കെ നോക്കി നടക്കുന്നുണ്ടായിരുന്നു. വിജയേട്ടന്‍ പെട്ടെന്ന് തന്നെ ഏറ്റവും അടുത്ത സമയത്തുള്ള ഒരു ഫ്‌ലൈറ്റില്‍ കയറ്റി അവരെ നാട്ടിലേക്ക് തിരിച്ചയച്ചു.
ഇങ്ങനെ ഒരു സംഭവം ഉണ്ടായത് എല്ലാവരെയും അമ്പരപ്പിച്ചു. ഒരുപക്ഷേ ഈ സംഭവം അവിശ്വസനീയമായി അവിശ്വസനീയമായി തോന്നാം. പക്ഷേ ഇതെല്ലാം നൂറ് ശതമാനം സത്യസന്ധമായ സംഭവമാണ്. എന്തുകൊണ്ടാണ് ഇത് ഇപ്പോള്‍ പറയുന്നത് എന്ന് ചോദിച്ചാല്‍ ആ നടിക്ക് ഒരിക്കലും ഇത് വെളിപ്പെടുത്താന്‍ സാധിക്കുമെന്ന് തോന്നുന്നില്ല. പക്ഷേ വരുന്ന തലമുറയ്ക്ക് ഇതൊരു ഗുണപാഠമാകട്ടെ എന്ന് വിചാരിച്ചാണ് ഇപ്പോൾ ഇത്
പറയുന്നത്.
അതാണല്ലോ രാധിക ശരത് കുമാര്‍ കാരവനിലെ ഒളിക്യാമറയെക്കുറിച്ച് ഇപ്പോള്‍ വെളിപ്പെടുത്തിയത് . അന്ന് എന്തുകൊണ്ട് പറഞ്ഞില്ല, ഇപ്പോള്‍ എന്തുകൊണ്ട് പറയുന്നു എന്ന ചോദ്യംഉയർന്നപ്പോള്‍ അവര്‍ പറഞ്ഞത് അന്നൊന്നും പറഞ്ഞിട്ട് ഒരു കാര്യവുമില്ല, പറയാന്‍ കഴിയുമായിരുന്നില്ല . ഇപ്പോള്‍ ഹേമ കമ്മിറ്റിയും മറ്റു വെളിപ്പെടുത്തലുകളും ഒക്കെ വന്നതിനു ശേഷം കുറച്ചു കൂടി അലര്‍ട്ട് ആയിട്ടുണ്ട്. അതുകൊണ്ട് ഇനി വരുന്ന തലമുറയ്ക്ക് ഇതൊരു ഗുണപാഠം ആയിരിക്കട്ടെ എന്ന് കരുതിയാണ് തുറന്നു പറയുന്നതെന്ന് രാധിക പറഞ്ഞു. അതുപോലെ ഞാനും പറയുന്നു, വരും തലമുറയ്ക്ക് എങ്കിലും ഉപകാരപ്രദമാകട്ടെ അതുകൊണ്ടാണ്
ഞാനും തുറന്നു പറയുന്നത്. വഞ്ചനകളിൽ പെടാതെ എല്ലാവരും ഉയരട്ടെ.
ഇങ്ങനെയാണ് ആലപ്പി അഷ്‌റഫിന്റെ വെളിപ്പെടുത്തല്‍. അദ്ദേഹത്തിന്റെ വീഡിയോ ഏറെ ചര്‍ച്ചയായിട്ടുണ്ട്. ഈ നടിയാരാണെന്ന ചോദ്യങ്ങളാണ് മുഖ്യധാരാ ടെലിവിഷൻ മാധ്യമങ്ങളിലും സോഷ്യൽ മീഡിയകളിലും ഉയരുന്നത്.